Kerala
വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം | ദേശീയ പാതയോട് ചേര്‍ന്ന് 14 വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ പൊതു സ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണ് സര്‍ക്കാറെന്ന് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒരേക്കറില്‍ അധികം സ്ഥലം ഉപയോഗപ്പെടുത്തി വിശ്രമ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രൊപ്പോസല്‍ തള്ളിയാണ് സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ടത്തുകയായി നല്‍കാമെന്ന് ഐഒസി അറിയിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ന്യായവിലയുടെ അഞ്ച് ശതമാനം മാത്രം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി നല്‍കുവാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. പിന്നീറ്റ് ധകാര്യ വകുപ്പ് ഇടപെട്ടാണ് ഇത് മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനമാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്ത് കൊള്ളസംഘത്തിന്റെ ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അവതാരങ്ങളുടെ ആറാട്ടാണ്. ശിവശങ്കറും സ്വ്പനയും മറ്റു ചില ഉദ്യോഗസ്ഥരുമാണ് യഥാര്‍ഥ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ ഉപചാപക സംഘത്തിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. തന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ലെന്നും രേഖകളുടെ പിന്തുണയില്ലാതെ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.