Connect with us

Kerala

ഇനി ജനമധ്യത്തിൽ കാണാം; മൂന്നേമുക്കാൽ മണിക്കൂർ മാരത്തൺ മറുപടി; കുപിതരായി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മൂന്നേമുക്കാൽ മണിക്കൂർ നീണ്ട മാരത്തൺ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെെകീട്ട് 5.32ന് തുടങ്ങിയ മറുപടി പ്രസംഗം രാത്രി 9.15നാണ് അവസാനിപ്പിച്ചത്. പ്രസംഗം മൂന്നര മണിക്കൂർ പിന്നിട്ടതോടെ പ്രതിപക്ഷം ബഹളം വെച്ചും മുദ്രാവാക്യം വിളിച്ചും നടുത്തളത്തിൽ ഇറങ്ങി. ഇതേ തുടർന്ന് അൽപസമയം പ്രസംഗം തടസ്സപ്പെട്ടുവെങ്കിലും പിന്നീട് ബഹളം വകവെക്കാതെ മുഖ്യമന്ത്രി പ്രസംഗം തുടർന്നു.

സംസ്ഥാന സർക്കാറിൻെറ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതിനിടയിൽ കോൺഗ്രസിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.

“…ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണ്. അവരുടെ വിശ്വാസമാണ് പ്രധാനം. ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് വന്നവരാണ്. ആ ജനങ്ങളിലേക്ക് തന്നെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ഞങ്ങളെ ജനങ്ങള്‍ക്കറിയാം. ജനങ്ങളെ ഞങ്ങള്‍ക്കുമറിയാം. ഈ പറയുന്ന കാര്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറാകാതെ എന്തെല്ലാമോ വിളിച്ചുപറയുന്ന ഇവരെയും (പ്രതിപക്ഷത്തെയും) ജനങ്ങള്‍ക്കറിയാം. അവരെ ജനങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തില്‍ ജനങ്ങളും നാടും ഞങ്ങളെ ശരിവെക്കും എന്ന് തന്നെയാണ് ഞങ്ങള്‍ കാണുന്നത്. അധാര്‍മികമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട നിലപാട് ജനങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബാക്കി കാര്യങ്ങള്‍ ജനമധ്യത്തില്‍ വെച്ച് കാണാം എന്നാണ് ഇവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഈ അവിശ്വാസപ്രമേയം പൂര്‍ണമായും നിരാകരിക്കേണ്ടതാണ്.” – പ്രസംഗത്തിൻെറ അവസാനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങിയത്. അകലം പാലിക്കണമെന്ന് സ്പീക്ര്‍ പലതവണ ആവശ്യപ്പെട്ടിട്ടും എംഎല്‍എമാര്‍ അനുസരിച്ചില്ല.

സര്‍ക്കാര്‍ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കുന്നത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരുന്നു.

Latest