Kerala
അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി
തിരുവനന്തപുരം | എല്‍ഡിഎഫ് സര്‍ക്കാറിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭാ വോട്ടിനിട്ട് തള്ളി. 40 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 87 പേര്‍ പിന്തുണച്ചു. കേരള കോണഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വി ഡി സതീഷൻ എംഎൽഎ ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന്മേലുള്ള ചർച്ച 11 മണിക്കൂറിലേറെ നീണ്ടുനിന്നു.
കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചായിരുന്നില്ല വോട്ടെടുപ്പ്. പകരം പഴയ രീതിയില്‍ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും എഴുന്നേറ്റ് നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
15 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് വരുന്നത്. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് എതിരെ 2005 ജൂലൈ 12ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഇതിന് മുമ്പ് സഭയില്‍ വന്നത്.
നിയമസഭയുടെ ചരിത്രത്തിലെ 16ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അതരിപ്പിച്ചത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി.കെ.കുഞ്ഞ് 1964 സെപ്റ്റംബര്‍ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭ രാജിവെച്ചിരുന്നു.