Connect with us

Ongoing News

അവിശ്വാസം കൊണ്ട് പ്രതിപക്ഷം എന്ത് നേടി?

Published

|

Last Updated

അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ തോന്നിയ ബുദ്ധിയെ പ്രതിപക്ഷം ശപിക്കുകയായിരിക്കും. എടുത്തുപറയാൻ ഒരു തട്ടുപൊളിപ്പൻ പ്രസംഗം പോലും അവരുടെ പക്ഷത്തുണ്ടായില്ല. പ്രതിപക്ഷ നേതാവ് ഒരുപാടു സമയമെടുത്ത് അവതരിപ്പിച്ച അഴിമതിയാരോപണം മന്ത്രി ജി. സുധാകരൻ അനായാസം കുത്തിപ്പൊട്ടിച്ചു. റവന്യു മന്ത്രി ചന്ദ്രശേഖരനെ മറികടന്ന് തീരുമാനം എടുത്തൂവെന്ന ആക്ഷേപം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അടങ്ങി. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഒറ്റൊരു വാചകത്തിൽ ഡോ. മുനീറിന്റെ മുഖ്യവാദത്തിന്റെ മുനയൊടിഞ്ഞു. 300 രൂപയുടെ പിപിഇ കിറ്റിന് 1500 രൂപ വില പിന്നീട് നൽകി എന്നായിരുന്നല്ലോ ആക്ഷേപം. പിപിഇ കിറ്റിന്റെ സ്പെക്ക് അനുസരിച്ച് വിലയും മാറും. ഏതുതരം പിപിഇ കിറ്റിനെക്കുറിച്ചാണ് മുനീർ പറയുന്നത്? മുഖ്യമന്ത്രിയുടെ മറുപടി കൂടി ആയപ്പോഴോ.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പടലപ്പിണക്കങ്ങളും നേതാക്കൾ തമ്മിലുള്ള അവിശ്വാസവും പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി ആരംഭിച്ചത്. തുടർന്ന് സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി. സകല ടെലിവിഷൻ ചാനലിലും ലൈവ്. വിശദമായി ക്ലാസെടുക്കുന്നതുപോലെയുള്ള അവതരണം. സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി പരക്കുന്നത് ഭരണപക്ഷത്തുള്ളവരുടെ പ്രസംഗങ്ങൾ.

യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മൂന്നരമണിക്കൂർ പ്രസംഗത്തിൽ അരമണിക്കൂറേ സോപ്പുകുമിള ആരോപണങ്ങൾക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂർ രാഷ്ട്രീയം. ബാക്കി രണ്ടരമണിക്കൂർ ഈ സർക്കാരിന്റെ നേട്ടങ്ങൾ. ഇതുപോലെ സമഗ്രമായി സർക്കാരിന്റെ നേട്ടങ്ങൾ സഭയിലും ജനങ്ങൾക്കു മുന്നിലും അവതരിപ്പിക്കാൻ കിട്ടിയ അവസരമായി മാറി. ഞങ്ങൾ ഇതാണ് ജനങ്ങളോടു പറയാൻ പോകുന്നത്. മുഖ്യധാര മാധ്യങ്ങൾക്കു മുക്കിക്കളയാവുന്നതല്ല എൽഡിഎഫിന്റെ ഭരണനേട്ടം.

ഈ അവിശ്വാസം കൊണ്ട് പ്രതിപക്ഷം എന്താണ് നേടിയത്? നിലവാരമില്ലാത്ത പ്രസംഗങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കൊണ്ട് ജനങ്ങളുടെ അവിശ്വാസത്തിന് പാത്രമായ സ്ഥിതിയിലായി യുഡിഎഫ്. സർക്കാരിന്റെ നേട്ടങ്ങളുടെ നീണ്ടപട്ടിക പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയെന്ന് അവരുടെ അവസാന മണിക്കൂറിലെ പ്രകടനം തെളിയിച്ചു. ഈ അവിശ്വാസ പ്രമേയത്തെ നിയമസഭയിൽ നേരിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ ഊർജ്ജം പകരുമെന്നതു തീർച്ചയാണ്.