Connect with us

Articles

ജീവസ്സുറ്റ കോണ്‍ഗ്രസിന് വേണ്ടി

Published

|

Last Updated

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ചര്‍ച്ചകള്‍ക്കൊപ്പം സാധാരണ പോലെ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവരുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ബി ജെ പി രഹസ്യബന്ധാരോപണവും മുതിര്‍ന്ന നേതാക്കളുടെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശവുമാണ് പുതിയ ചര്‍ച്ച.

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് ഒരു കൂട്ടം മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതോടെയാണ് നേതൃമാറ്റത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തത്. പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി വിശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാഴ്ച മുമ്പ്, മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സിറ്റിംഗ് എം പിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസിന്റെ 23 മുതിര്‍ന്ന പ്രമുഖ നേതാക്കള്‍ അധ്യക്ഷക്ക് കത്ത് നല്‍കിയത്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ശശി തരൂര്‍, വിവേക് തന്‍ക, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ്, ഭൂപേന്ദ്ര സിംഗ് ഹൂഡ, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി ജെ കുര്യന്‍, മിലിംഗ് ദിയോറ തുടങ്ങിയ പാര്‍ട്ടിയുടെ മുഖമായിരിക്കുന്നവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പാര്‍ട്ടിയോടൊപ്പം രാജ്യത്തിന്റെയും സ്ഥിതി കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. രാജ്യം സ്വതന്ത്ര ഇന്ത്യക്ക് ശേഷമുള്ള കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ രാജ്യത്ത് വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഈയൊരു സന്ദര്‍ഭത്തില്‍ പാര്‍ട്ടിക്ക് ജീവസ്സുറ്റ, പൊതുയിടങ്ങളില്‍ കാണാനാകുന്ന നേതൃത്വമാണ് വേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണ്. യുവാക്കളുടെ പിന്തുണ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് ഗൗരവത്തോടെ കാണണം, പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം നടത്തണം, പി സി സികളെ ശക്തിപ്പെടുത്തണം, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയിട്ടുണ്ട്, ബി ജെ പി സര്‍ക്കാറിനെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റുന്ന ഉപദേശം പാര്‍ട്ടിക്ക് തരാന്‍ നിലവിലുള്ള പ്രവര്‍ത്തക സമിതിക്ക് കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് മുഴുസമയ നേതൃത്വം വേണമെന്നും പാര്‍ട്ടിയില്‍ അടിമുടി അഴിച്ചു പണിയുണ്ടാകണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇതിന് പിന്നാലെ കത്തയച്ചവര്‍ക്ക് സോണിയാ ഗാന്ധി ഒരു മറുപടിയെഴുതി. പാര്‍ട്ടിയുടെ താത്കാലിക അധ്യക്ഷപദവിയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സോണിയ മറുപടിയെഴുതിയത്. പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കണ്ടെത്തണമെന്നും നിലവിലെ പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടാകണമെന്നും സോണിയ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയെക്കുറിച്ച് വിചാരമുള്ള നേതാക്കളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നിരീക്ഷകരും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് സോണിയാ ഗാന്ധിയും മറുപടി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കകത്ത് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് ചിലര്‍ ആരോപണം ഉയര്‍ത്തുന്നു. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്താനുള്ള സമയം ഇതല്ലെന്നും ഇത്തരം നീക്കങ്ങള്‍ ബി ജെ പിയെ ശക്തിപ്പെടുത്താനേ ഇടയാക്കൂവെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഇതേ അഭിപ്രായമാണ് മുതിര്‍ന്ന നേതാവും മുന്‍ നിയമ മന്ത്രിയുമായ അശ്വിനി കുമാറിനുമുള്ളത്. തിരഞ്ഞെടുപ്പിലേക്ക് പോകാതെ സമന്വയത്തിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നാണ് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അഭിപ്രായം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗാന്ധി കുടുംബത്തെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വെല്ലുവിളിയുടെ കാലത്ത് പ്രതീക്ഷയുടെ കിരണമാണ് സോണിയയും രാഹുലുമെന്ന് ബാഗേല്‍ ട്വീറ്റ് ചെയ്തപ്പോള്‍, ഗാന്ധി കുടുംബത്തിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.
കത്തയച്ചവര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചര്‍ച്ചാ വിഷയം. കത്തെഴുതിയവര്‍ ബി ജെ പിയുമായി കൂട്ടുകൂടുകയാണെന്ന ആരോപണം രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ ഉന്നയിച്ചതാണ് കോണ്‍ഗ്രസിനെ കടുത്ത ഭിന്നതയിലേക്ക് നയിച്ചത്. രാജസ്ഥാനില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയും ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി രോഗ ബാധിതയായിരിക്കുകയും ചെയ്യുന്ന വേളയിലാണ് കത്തെഴുതിയതെന്നാണ് രാഹുല്‍ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കപില്‍ സിബലും ഗുലാം നബി ആസാദും രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായി രംഗത്തെത്തി. ട്വിറ്ററിലൂടെ തുറന്നടിച്ചായിരുന്നു കപില്‍ സിബലിന്റെ രംഗപ്രവേശം. തങ്ങള്‍ ബി ജെ പിയുമായി കൂട്ടുകൂടുകയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. കോണ്‍ഗ്രസിനു വേണ്ടി വാദിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു. ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കാന്‍ മണിപ്പൂരില്‍ പാര്‍ട്ടിക്കു വേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഒരിക്കലും ഏതെങ്കിലും വിഷയത്തില്‍ ബി ജെ പിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. എന്നിട്ടും തങ്ങള്‍ ബി ജെ പിയുമായി കൂട്ടുകൂടുകയാണോ? കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, താന്‍ രാഹുല്‍ ഗാന്ധിയുമായി നേരിട്ടു സംസാരിച്ചെന്നും തനിക്കെതിരെ ആരോപിച്ച വിഷയം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയെന്നും അതിനാല്‍ ട്വീറ്റ് പിന്‍വലിക്കുന്നുവെന്നും സിബല്‍ തൊട്ടുപിന്നാലെ വ്യക്തമാക്കി. ബി ജെ പിയെ സഹായിച്ചെന്ന് കണ്ടെത്തിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചു.

യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റ വിവാദം പുതിയ തലങ്ങളിലേക്കാണ് പാര്‍ട്ടിയെ കൊണ്ടെത്തിക്കുന്നത്. പാര്‍ട്ടിക്ക് പുതിയൊരു നേതൃനിര ഉണ്ടായി വരേണ്ടതുണ്ട് എന്നതില്‍ രാഹുല്‍ ഗാന്ധിക്ക് വ്യത്യസ്തമായ ഒരഭിപ്രായമില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളില്‍ നിന്ന് മനസ്സിലാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുന്ന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് ഒരു കത്തെഴുതിയിരുന്നു. തന്റെ രാജിക്കത്തായിരുന്നു അത്. അതില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് മറ്റൊരു തലത്തിലിരുന്ന് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നേതൃത്വം എങ്ങനെയായിരിക്കണമെന്നും പണവും അധികാരവും ഉപയോഗിച്ച് ബി ജെ പി കളിക്കുന്നതെങ്ങനെയെന്നും അക്കമിട്ട് നിരത്തിയായിരുന്നു രാഹുല്‍ ഗാന്ധി രാജിക്കത്ത് തയ്യാറാക്കിയിരുന്നത്. ഇതിന് പുറമെ, ദേശീയ നേതൃത്വത്തോട് എങ്ങനെയാണ് പ്രാദേശിക നേതാക്കള്‍ സീറ്റിനായി വില പേശിയതെന്നും രാഹുല്‍ വിശദീകരിക്കുന്നുണ്ട്.

ബി ജെ പിയുടെ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ സജ്ജമാകേണ്ടതുണ്ടെന്ന് മറ്റെല്ലാവരേക്കാളും അറിയാവുന്നത് രാഹുല്‍ ഗാന്ധിക്ക് തന്നെയാകും. സോണിയാ ഗാന്ധിക്ക് പകരം ഗാന്ധി കുടുംബത്തില്‍ നിന്ന് പോലും അധ്യക്ഷ വേണ്ടെന്ന നിലപാടാണ് രാഹുല്‍ ഇത്രകാലം സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയിലെ ഒരു കൂട്ടം നേതാക്കള്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന് ആവശ്യപ്പെടുമ്പോഴും പാര്‍ട്ടിക്കു വേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിനോ ആ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. അദ്ദേഹത്തിന്റെ സഹോദരി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നുണ്ട്. പാര്‍ട്ടി മേധാവിയായി ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ വരട്ടെ എന്നാണ് പ്രിയങ്കയും വ്യക്തമാക്കുന്നത്. സോണിയാ ഗാന്ധി ആരോഗ്യപരമായി ക്ഷീണിതയാണ്. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് തങ്ങളുടെ പാര്‍ട്ടി ഇവിടെ രാഷ്ട്രീയമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നേതൃപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും അതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതും. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായിരിക്കേണ്ട ഒരു സന്ദര്‍ഭം കൂടിയാണ് വരാന്‍ പോകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകാന്‍ കാരണങ്ങളിലൊന്ന് ശക്തമായ തീരുമാനമെടുക്കാന്‍ ശേഷിയില്ലാതെ പോയ ദേശീയ നേതൃത്വമാണ്. ബി ജെ പി ദേശീയതലത്തില്‍ നടത്തുന്ന രാഷ്ട്രീയ കളികള്‍ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസിന് ശക്തമായൊരു നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരമൊരു ചര്‍ച്ച പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു വരുമ്പോള്‍ അതിന് രാഹുല്‍ ഗാന്ധി തന്നെ വിഘാതമായി നില്‍ക്കുന്നുവെന്നത് ജനാധിപത്യത്തിലെ വിരോധാഭാസമായി തോന്നുന്നു. എങ്ങനെയായിരുന്നാലും പുതിയ ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ജീവസ്സുറ്റതാക്കട്ടെയെന്ന് പ്രാര്‍ഥിക്കുക മാത്രമാണ് ഇപ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ചെയ്യാനായി ബാക്കി നില്‍ക്കുന്നത്.

Latest