Connect with us

Articles

ചരിത്രത്തിലേക്കൊരു അവിശ്വാസം

Published

|

Last Updated

ഒരു അവിശ്വാസത്തിന് വേണ്ട ചേരുവകളൊക്കെയുണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍. സ്പ്രിംക്ലര്‍ മുതല്‍ മൊബൈല്‍ വിവരങ്ങളുടെ കണക്കെടുപ്പ് വരെ വിവിധങ്ങളായ വിഷയങ്ങള്‍. ഏറ്റവുമൊടുവില്‍ സ്വപ്‌ന സുരേഷിന്റെ വരവ്. ഒപ്പം സ്വര്‍ണ കള്ളക്കടത്തും. ഇതിലൊക്കെയും പേര് ചേര്‍ക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൂടിയായപ്പോള്‍ രംഗം കൊഴുത്തു.
കുറെ മാസങ്ങളായി കേരള രാഷ്ട്രീയം ആകെ കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു. ഒക്കെ സംഭവിച്ചത് കൊവിഡ് എന്ന ഭീകര വൈറസിന്റെ വരവോടെ. പക്ഷേ, കൊവിഡിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അധികം ഉപയോഗിച്ചത്. ഒരു ദുരന്ത കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ പെരുമാറണമെന്നത് സംസാര വിഷയമായ കാലഘട്ടം കൂടിയായിരുന്നു ഇത്.
കൊവിഡിന്റെ പ്രതിരോധം മുഖ്യമന്ത്രി കൈയിലെടുത്തതോടെ അതിന് രാഷ്ട്രീയ മാനങ്ങളുണ്ടായി. ദിവസേന മുഖ്യമന്ത്രി വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വളരെ ഉയര്‍ത്തി. പ്രായഭേദമന്യേ ജനങ്ങള്‍ വൈകുന്നേരങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുമ്പില്‍ പിണറായിയെ കേട്ടിരുന്നു. സ്വാഭാവികമായും ഇത് പ്രതിപക്ഷത്ത് അസ്വസ്ഥതയുണ്ടാക്കി. സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഒന്നൊന്നായി ഇറക്കിക്കൊണ്ടിരുന്നു. അവസാനം സ്വര്‍ണക്കടത്തും സ്വപ്‌നയും ശിവശങ്കറും പ്രതിപക്ഷത്തിന് വലിയ ആയുധമായി. ഇത് സര്‍ക്കാറിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അവസാനം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും അതിന് ടെന്‍ഡര്‍ കൊടുത്തതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയതുമൊക്കെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു.
ഇങ്ങനെ പല ഘടകങ്ങളും അനുകൂലമായി നില്‍ക്കുമ്പോഴാണ് പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയം അവതരിപ്പിച്ച വി ഡി സതീഷന്‍ നന്നായി പഠിച്ചു തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. ഉജ്വലമായ ഒരു പ്രകടനത്തിലൂടെ അദ്ദേഹം പ്രതിപക്ഷത്തിന്റെ ശക്തിയും വികാരവും രോഷവും രേഖപ്പെടുത്തി. അതൊരു വലിയ തുടക്കമായിരുന്നു.

പുതു തലമുറ നേതാക്കളുടെ ആഘോഷത്തോടെയുള്ള ഒരു വരവാണ് പിന്നെ കേരള നിയമസഭ കണ്ടത്. വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പിണറായി വിജയന്‍ എന്നിങ്ങനെ മുതിര്‍ന്ന നേതാക്കളുടെ ചുറ്റും വട്ടം കറങ്ങിയിരുന്ന കേരള നിയമസഭയുടെ മുഖവും ശബ്ദവും മാറുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ ഹാജരായിരുന്നുവെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. മറ്റൊരു മുതിര്‍ന്ന നേതാവായ കെ സി ജോസഫും സാന്നിധ്യം അറിയിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷത്തിനെതിരെ തല ഉയര്‍ത്തി നിന്ന് സര്‍ക്കാറിനെയും ഭരണപക്ഷത്തെയും നയിച്ചത്. പിണറായിയെ മാറ്റി നിര്‍ത്തിയാല്‍ ഇടതുപക്ഷത്ത് പ്രസംഗിച്ച മുതിര്‍ന്നയാള്‍ എന്ന് പറയാന്‍ ഉണ്ടായിരുന്നത് എസ് ശര്‍മ മാത്രം.

അതിഗംഭീരമായൊരു പ്രസംഗത്തിലൂടെ വി ഡി സതീശന്‍ കേരള നിയമസഭയിലെ മുന്‍നിര നേതാവായി ഉയര്‍ന്നുനിന്നു. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി ടി തോമസും. ഇരുവരും മുതിര്‍ന്നവര്‍ തന്നെ. പക്ഷേ, തീപാറുന്ന പ്രസംഗവുമായി സഭയെ ത്രസിപ്പിച്ച കെ എം ഷാജി പ്രതിപക്ഷത്തെ ഒരു താരം തന്നെയായി. ഷാഫി പറമ്പില്‍ തീപാറുന്ന പ്രസംഗം തന്നെ നടത്തി.

അവിശ്വാസ പ്രമേയത്തിനെതിരെ നന്നായി പാഠങ്ങള്‍ പഠിച്ചു തന്നെയാണ് ഭരണപക്ഷം എത്തിയിരുന്നത്. എം സ്വരാജ് മിന്നുന്ന ഒരു പ്രസംഗത്തിലൂടെ ഭരണപക്ഷത്തിന്റെ അജന്‍ഡ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഒരു വിശ്വാസ പ്രമേയമാക്കി മാറ്റാനാണ് സ്വരാജ് ശ്രമിച്ചത്. അതിന് ഇഷ്ടം പോലെ കണക്കുകളും രേഖകളും അദ്ദേഹം നിരത്തിവെച്ചു. മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ വീഴ്ചകളും കുറവുകളും ഒന്നൊന്നായി എടുത്തു പറഞ്ഞു. സ്വരാജിന്റെ പ്രസംഗത്തില്‍ ഒരു ഇടതുപക്ഷ യുവ നേതാവിന്റെ എല്ലാ തീക്ഷ്ണതയും ആവേശവും ഉള്‍ക്കൊണ്ടിരുന്നു.
എ പ്രദീപ് കുമാര്‍, ജെയിംസ് മാത്യു, വീണാ ജോര്‍ജ് എന്നിവര്‍ ഇരുത്തം വന്ന നേതാക്കളായി വളരുന്നതും സഭ കണ്ടു. മൂവരും കേരള രാഷ്ട്രീയത്തിന്റെ വലിയ വാഗ്ദാനങ്ങളായി മാറുകയായിരുന്നു. മാധ്യമ രംഗത്ത് നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിയ വീണാ ജോര്‍ജ് ഇരുത്തം വന്ന ഒരു നേതാവിന്റെ കരുത്തുറ്റ ശബ്ദത്തില്‍ തന്നെയാണ് പ്രസംഗിച്ചത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വലിയ പരിവേഷത്തോടെ തന്നെ നിന്നു.

യു ഡി എഫിന്റെ നേതൃത്വം രമേശ് ചെന്നിത്തലയുടെ കൈയിലാണെന്ന കാര്യം ഊട്ടിയുറപ്പിക്കാന്‍ പോന്നതായി ഈ അവിശ്വാസ പ്രമേയവും അതിന്മേലുള്ള ചര്‍ച്ചയും. പ്രതിപക്ഷത്തിന്റെ സ്വരം ശക്തമായി തന്നെ അവതരിപ്പിക്കുന്നതില്‍ രമേശ് വലിയ പങ്കുവഹിച്ചു. ഏറെ തലയെടുപ്പുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയ ദിവസമായിരുന്നു തിങ്കളാഴ്ച. വമ്പന്മാരുടെ ഒരു കൊമ്പു കോര്‍ക്കല്‍ തന്നെയായിരുന്നു അത്.
പക്ഷേ, പിണറായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് തലയുയര്‍ത്തി നിന്ന് പ്രതിയോഗികളെ ഒറ്റക്ക് നേരിടുന്നതും കേരളം കണ്ടു. ഏത് പ്രതിസന്ധിയിലും കാലിടറാതെ നിന്ന് സമചിത്തതയോടെ ശത്രുവിനെ നേരിടാനുള്ള അപാരമായ കഴിവാണ് പിണറായിയെ പിണറായി ആക്കുന്നത്. ഈ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പിണറായി വിജയന്റെ ഉറച്ച മനസ്സും ആ മനസ്സില്‍ ഉറഞ്ഞുകൂടിയ ആത്മവിശ്വാസവും ജനങ്ങള്‍ കണ്ടു. ആ വാക്കുകളൊക്കെയും അളന്നുമുറിച്ചുള്ളത് തന്നെയായിരുന്നു. ഇക്കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ ഇടതു മുന്നണി ഭരണത്തിന്റെ നേട്ടങ്ങളോരോന്നും അദ്ദേഹം എണ്ണിയെണ്ണിപ്പറഞ്ഞു. ഇനിയുള്ള കാലത്ത് ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ഭാവി പരിപാടികളും അദ്ദേഹം വിശദമായി വരച്ചുകാട്ടി. പ്രസംഗം നീണ്ടത് മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം. തളരാതെ, വിയര്‍ക്കാതെ ഒരേയൊരു നില്‍പ്പ്. ഒരിക്കലും വാക്കുകള്‍ ഇടറിയില്ല. ശബ്ദം പതറിയില്ല. പ്രതിപക്ഷം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും പിണറായി കുലുങ്ങിയില്ല. പ്രസംഗം നിര്‍ത്തിയതുമില്ല. തീരുമാനിച്ചിരുന്ന കാര്യങ്ങളൊക്കെയും പറഞ്ഞുവെച്ചിട്ടു മാത്രമാണ് പിണറായി പിന്‍വാങ്ങിയത്.
അതാണ് പിണറായി വിജയന്‍. പ്രതിബന്ധങ്ങളെ പേടിക്കാത്തയാള്‍. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവന്‍. കാര്യങ്ങള്‍ തുറന്നുപറയുന്നവന്‍. ഭരണപക്ഷത്തിന്റെ അവിശ്വാസത്തെ വിശ്വാസമാക്കി മാറ്റുകയായിരുന്നു പിണറായി വിജയന്‍.

അവിശ്വാസ പ്രമേയവും അതിന്മേലുള്ള ചര്‍ച്ചയും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളുമെല്ലാം കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ഘട്ടമാകുകയാണ്. പുതിയ ഒരു നിര രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ ഉദയം ചെയ്യുകയാണ്. രാഷ്ട്രീയം പുതിയ തലമുറയിലേക്ക് കടക്കുന്നതിന്റെ കേളികൊട്ടായിരുന്നു അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകള്‍. വി ഡി സതീശനും സ്വരാജും കെ എം ഷാജിയും വീണാ ജോര്‍ജും എ പ്രദീപ് കുമാറും ഷാഫി പറമ്പിലുമൊക്കെ കേരള നിയമസഭയുടെ അകത്തളങ്ങളെ കിടിലം കൊള്ളിക്കുകയായിരുന്നു. ഏറ്റവും വലിയ കാര്യം ആരും മാന്യത കൈവിട്ടില്ലെന്നത് തന്നെയാണ്. കേരള നിയമസഭ പുതിയ നേതൃത്വത്തിലേക്ക് കടക്കുകയാണ്, പുതിയ സംസ്‌കാരത്തിലേക്കും.

.
ജേക്കബ് ജോര്‍ജ്

Latest