Kerala
സ്വര്‍ണ കള്ളക്കടത്ത്: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി | സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടി വി കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ കസ്റ്റംസ് ഓഫീസില്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ അനില്‍ നമ്പ്യാര്‍ തയ്യാറായില്ല.
കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണാതെ അദ്ദേഹം പോകുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്കാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ അനില്‍ നമ്പ്യാര്‍ ഹാജരായത്. ജൂലൈ അഞ്ചിന് നയതന്ത്ര ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അനില്‍ നമ്പ്യാരുമായി ഫോണില്‍ ബന്ധപ്പെട്ട അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഫോണില്‍ ബന്ധപ്പെട്ടവരില്‍പെട്ട ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.