Connect with us

Articles

മലബാറിന്റെ വികാരം കേരളമേറ്റെടുക്കും

Published

|

Last Updated

2020 ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാജ്യത്തെ നടുക്കിയ വിമാന ദുരന്തം കരിപ്പൂരിന്റെ മുന്നേറ്റത്തിന് ആഘാതമേല്‍പ്പിച്ചുവോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ദുരന്തങ്ങള്‍ പോലെ ആകാശ ദുരന്തങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട.് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അപകടം സംഭവിക്കുന്നത്. 1988 ഏപ്രില്‍ 13ന് ഉദ്ഘാടനം ചെയ്യപ്പെടുകയും ആഭ്യന്തര സര്‍വീസുകള്‍ക്കൊപ്പം 1992ല്‍ അന്തര്‍ദേശീയ തലത്തിലേക്ക് കയറിയെത്തുകയും ചെയ്ത നമ്മുടെ അഭിമാനമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്. ഇങ്ങനെയൊരു വിമാനത്താവളം മലബാറില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഗള്‍ഫ് മേഖലകളിലേക്ക് പറക്കുന്നവര്‍ക്ക് വലിയ സന്തോഷമായി. നേരത്തേ ആകാശ യാത്രക്ക് മുംബൈയെയും മംഗളൂരുവിനെയും ബെംഗളൂരുവിനെയും അവലംബിച്ചു പോന്ന മലബാറുകാര്‍ക്ക് ഈ വിമാനത്താവളത്തിന്റെ വരവ് വലിയ ആശ്വാസം പകര്‍ന്നു. 2006 ഫെബ്രുവരി രണ്ടിന് ഈ എയര്‍പോര്‍ട്ടിന് അന്താരാഷ്ട്ര പദവി ലഭിച്ചത് ഏറെ അഭിമാനകരമായി.

2015ല്‍ റണ്‍വേ റീ കാര്‍പറ്റിംഗ് വര്‍ക്കുകള്‍ക്കു വേണ്ടി കോഴിക്കോട് എയര്‍പോര്‍ട്ട് അടച്ചത് ഭാഗികമായായിരുന്നു. ഇന്ത്യയിലെ അഞ്ച് ടേബിള്‍ ടോപ് റണ്‍വേകളില്‍ കാലിക്കറ്റും ഉണ്ടെന്ന് നാമിവിടെ മറക്കുന്നില്ല. പക്ഷേ, സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരമുള്ള കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വേയുടെ നീളം 2,800ലധികം മീറ്ററാണ്. ഇന്ത്യയിലെ പല എയര്‍പോര്‍ട്ടുകളെയും അപേക്ഷിച്ച് റണ്‍വേയുടെ നീളവും വീതിയും ഇവിടെ ഒട്ടും കുറവല്ലെന്ന യാഥാര്‍ഥ്യം നാമോര്‍ക്കണം. ഗള്‍ഫുകാരും മറ്റു പ്രവാസികളും ചേര്‍ന്ന് ഈ വിമാനത്താവളത്തിന് വേണ്ടി ധാരാളം ഉത്സാഹിക്കുകയും ശബ്ദിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത് കരിപ്പൂരിന്റെ പരിസര ജില്ലകളില്‍ നിന്നാണ്. ഇത് കരിപ്പൂരിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിച്ചു. വളരെ വേഗം യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. കാര്‍ഗോ വിഭാഗം കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രവാസികളുടെ സ്വപ്‌നം വീണ്ടും പൂവണിഞ്ഞു. കേന്ദ്രത്തില്‍ അധികാരം പങ്കിട്ട എല്ലാ സര്‍ക്കാറുകളും കരിപ്പൂരിനു വേണ്ടി കഴിയുന്നതൊക്കെ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പാര്‍ലിമെന്റ് മെമ്പര്‍മാരും, വി എസ് അച്യുതാനന്ദന്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ‌്ലിയാര്‍, പാലോളി മുഹമ്മദ് കുട്ടി, കേന്ദ്ര മന്ത്രിമാരായിരുന്ന സി എം ഇബ്‌റാഹീം, ഇ അഹമ്മദ് തുടങ്ങിയവരും എം എല്‍ എമാരും മറ്റു ജനപ്രതിനിധികളും നിറമോ ജാതിയോ പക്ഷമോ നോക്കാതെ കരിപ്പൂരിനു വേണ്ടി വാദിച്ചപ്പോള്‍ വികസനത്തിനു വേഗം കൂടി.

2017- 18ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനം ടേബിള്‍ ടോപ് ആയ കരിപ്പൂരിനു ലഭിച്ചു എന്നത് പലരെയും ഞെട്ടിച്ചു. ഹാജിമാര്‍ 1987 വരെ മുംബൈയിലൂടെയായിരുന്നു ഹജ്ജിനു പോയിരുന്നത്. 1988 മുതല്‍ 1999 വരെ ചെന്നൈ വഴിയും 2000, 2001 വര്‍ഷങ്ങളില്‍ കൊച്ചി വഴിയും 2002 മുതല്‍ 2014 വരെ കോഴിക്കോട് വഴിയും ഹജ്ജിനു പോയി. 2015ല്‍ റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഹാജിമാരുടെ യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതോടെ മലബാറിലെ ഹാജിമാരുടെ ദുരിതം ആരംഭിച്ചു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഹാജിമാര്‍ നെടുമ്പാശ്ശേരിയിലേക്കു യാത്ര ചെയ്യുന്നതിന്റെ പ്രയാസം അവര്‍ണനീയമായിരുന്നു. ഹാജിമാരും യാത്രയാക്കുന്ന കുടുംബാംഗങ്ങളും ലഗേജുകളുമായി നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് നേരത്തേ എയര്‍പോര്‍ട്ട് പരിസരത്ത് എത്തി ക്യാമ്പ് ചെയ്യേണ്ടി വന്നു.

യാത്രക്കൂലിയും ഹോട്ടല്‍ റൂം വാടകയും യാത്രയില്‍ ഹാജിമാര്‍ക്ക് നിസ്‌കരിക്കാനും മറ്റും സൗകര്യമില്ലാത്തതും ഹാജിമാരെ ഏറെ പ്രയാസത്തിലാക്കി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനടുത്ത് ഏഴ് കോടി രൂപ ചെലവില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വന്തം ചെലവില്‍ പണികഴിപ്പിച്ച ഹജ്ജ് ഹൗസ് ഉപയോഗപ്പെടുത്താനും കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാനങ്ങള്‍ക്കും ഹജ്ജ് വിമാനങ്ങള്‍ക്കും സൗകര്യപ്പെടുത്താനും ജനം മുറവിളികൂട്ടി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഡോ. കെ ടി ജലീല്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, അബ്ദുല്‍ വഹാബ് എം പി, എം കെ രാഘവന്‍ എം പി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എളമരം കരീം എം പി, നിയമസഭാ സാമാജികരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുഴുവന്‍ പേരും, പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ, കാന്തപുരം ഉസ്താദ്, പാണക്കാട് ഹൈദരലി തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ‌്ലിയാര്‍, പി കെ അഹ്മദ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഉന്നത നേതാക്കള്‍ കരിപ്പൂരിനു വേണ്ടി വീണ്ടും ശബ്ദമുയര്‍ത്തി, പ്രവര്‍ത്തിച്ചു. 2018 ആഗസ്റ്റില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുമ്പോള്‍ ശക്തമായ മഴയും മഹാ പ്രളയവും എറണാകുളത്തെയും കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളെയും പിടിച്ചു വിഴുങ്ങിയത് അപ്രതീക്ഷിതമായിരുന്നു. 2018 ആഗസ്റ്റ് 13ന് 1,200 ഹജ്ജ് തീര്‍ഥാടകര്‍ യാത്രാ രേഖകള്‍ എല്ലാം ക്ലിയറാക്കി ഫ്ളൈറ്റിലേക്കു കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയത്താണ് റണ്‍വേയിലേക്ക് വെള്ളം കയറി വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്.

യാത്രക്കാരെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച് പുണ്യ മക്കയിലേക്ക് യാത്രയാക്കുന്നതിന് പുതുതായി നിലവില്‍ വന്ന ഹജ്ജ് കമ്മിറ്റി അങ്ങേയറ്റം പ്രവര്‍ത്തിച്ചു. ഈ ട്രാജഡിക്കു സാക്ഷികളായ ഹാജിമാരും കുടുംബാംഗങ്ങളും വിശേഷിച്ച് മലബാറിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിച്ച കോഴിക്കോട് എംബാര്‍ക്കേഷന്‍ എന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു തന്നു. നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ്കാര്യ വകുപ്പ് മന്ത്രിയും ഈ വിഷയത്തില്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്. അതോടെ 2019ല്‍ കരിപ്പൂര്‍ വീണ്ടും സജീവമായി. ഹജ്ജ് വിമാനങ്ങളും വിദേശ എയര്‍ലൈന്‍സ് കമ്പനികളും സര്‍വീസ് ആരംഭിച്ചു.
മലബാറിന്റെ അഭിമാനത്തിനു തിളക്കം വര്‍ധിപ്പിച്ച കരിപ്പൂര്‍ വിമാനത്താവളം പതുക്കെ ഉയര്‍ന്നു വന്നതോടെ എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവുമായി. പക്ഷേ, 2020ല്‍ ഹാജിമാര്‍ യാത്ര പ്രതീക്ഷിച്ചു നില്‍ക്കുന്ന വേളയിലാണ് കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഹജ്ജ് യാത്ര മുടങ്ങുന്നത്. കരിപ്പൂരില്‍ ആഗസ്റ്റ് ഏഴിന് സംഭവിച്ച വിമാന ദുരന്തം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രവര്‍ത്തനത്തിലെ മികവിനെ അടിസ്ഥാനമാക്കിയുള്ള ധാരാളം അവാര്‍ഡുകള്‍ കരിപ്പൂര്‍ കരസ്ഥമാക്കിയിട്ടുണ്ട്. അപകടത്തില്‍ വിധിയും യാദൃച്ഛികതയും പതിവാണല്ലോ. അപകട കാരണം കൃത്യമായി കണ്ടെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈയൊരു സാഹചര്യം മുതലെടുത്ത് കരിപ്പൂരിനെ ആകാശ ഭൂപടത്തില്‍ നിന്ന് പറിച്ചെറിയാന്‍ കോടതിയില്‍ പോകുന്നവര്‍ ഉണ്ട്. ആരെല്ലാമോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ചില ഭരണകര്‍ത്താക്കളും കരിപ്പൂരിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിലനില്‍ക്കണം. എല്ലാ വിമാനങ്ങളും സുരക്ഷിതമായി ലാന്‍ഡ് ചെയ്ത കരിപ്പൂരിനെ ഈയൊരു അപകടത്തിന്റെ പേരില്‍ ഇടിച്ചു താഴ്ത്താന്‍ സമ്മതിച്ചു കൂടാ. ഇതിനേക്കാള്‍ സാങ്കേതികമായി പ്രയാസങ്ങളുള്ള എയര്‍പോര്‍ട്ടുകളെ കുറിച്ച് ആരും പരാതിപ്പെടുന്നില്ല. മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ ഒരു കൂട്ടായ്മയും സംവിധാനവും രൂപപ്പെടണം. ഇതിനു വേണ്ടി ശക്തമായ ജനകീയ പിന്തുണ ആര്‍ജിച്ചെടുക്കാന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മലബാറിലെ മുഴുവന്‍ മന്ത്രിമാരും എം പിമാരും എം എല്‍ എമാരും, സമസ്ത, എസ് വൈ എസ്, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ ഈ കൂട്ടായ്മയോടൊപ്പം ചേരണം. ആദ്യ ഘട്ടം എന്ന നിലയില്‍ അടുത്ത ദിവസം തന്നെ ഓണ്‍ലൈനിലും തുടര്‍ന്ന് മറ്റു വിധേനയും നമ്മുടെ ശബ്ദം രൂപപ്പെടുത്തണം, ഏകീകരിക്കണം. മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്ന സ്ഥാനത്തേക്ക് കോഴിക്കോടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിജ്ഞയെടുക്കണം. അപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും അതോറിറ്റികള്‍ക്കും നമ്മുടെ ഈ ശബ്ദത്തെ അവഗണിക്കാന്‍ കഴിയുകയില്ല. സ്വകാര്യ വിമാനത്താവളത്തിന്റെ ആളുകളും കോഴിക്കോടിനെ തള്ളുകയില്ലെന്ന് നമുക്കുറപ്പുണ്ട്. കാരണം ഇത് ജനങ്ങളുടെ ആവശ്യമാണ്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest