Kerala
സ്വര്‍ണക്കടത്ത് കേസ്: ജനം ടിവിയില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാര്‍

തിരുവനന്തപുരം | സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം നേടിരുന്ന സാഹചര്യത്തില്‍ ജനം ടിവി ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാര്‍. ചാനലിലെ തന്റെ സാന്നിധ്യം വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ഈ വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പുകമറക്കുള്ളില്‍ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവര്‍ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക. സാധാരണക്കാരനായി നടന്നുപോയാണ് കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. ഇതില്‍ ഒളിച്ചുവെക്കാനൊന്നുമില്ല. ആരെയും സംരക്ഷിക്കാനുമില്ല. ഒരു രാജ്യദ്രോഹിയായി എന്നെ ചിത്രീകരിച്ചു കൊണ്ട് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി എന്റെ സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു. കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല.
നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാന്‍ ഭയക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ കോള്‍ ഡീറ്റയില്‍സ് റെക്കോഡ് പരിശോധിച്ചാല്‍ ഞാന്‍ ഈ സ്ത്രീയെ വിളിച്ചത് ഒരേ ഒരു തവണയാണ്. ആ വിളി യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം തേടാന്‍ മാത്രമായിരുന്നു. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ഞാന്‍ തന്നെ അവരോട് അതല്ലെന്ന് പറയാന്‍ നിര്‍ദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും മനസ്സിലാകുന്നില്ല.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. ഞാന്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ സംശയത്തിന്റെ നിഴലില്‍ പോലുമില്ലായിരുന്നു. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഇവരാണെന്നറിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല ! സ്വപ്നയുമായി ടെലിഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഞാന്‍ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും അനില്‍ നമ്പ്യാര്‍ വ്യക്തമാക്കി.