Connect with us

Articles

പ്രവാസമിനിയും തുടരും, പക്ഷേ...

Published

|

Last Updated

സാമ്പത്തിക കരുതിവെപ്പുകള്‍ക്കപ്പുറം ഓരോ പ്രവാസിക്കും സ്വന്തത്തെ നിര്‍വചിക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു അവന്റെ പുറംവാസങ്ങള്‍. ഗള്‍ഫ് മലയാളിയെ സംബന്ധിച്ചിടത്തോളം കൊവിഡാനുഭവങ്ങള്‍ ഈ നിര്‍വചനങ്ങളെ സമഗ്രാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി എന്ന് പറയാം. കൈയും കണക്കുമില്ലാതെ നാടിനെ പിന്താങ്ങുകയും അധ്വാനമത്രയും നാടിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുകയും ചെയ്ത വലിയൊരു വിഭാഗം പ്രവാസികളോട് ഈ ഘട്ടത്തില്‍ സ്വന്തമെന്നു കരുതുന്ന നാട്ടുകാരും സര്‍ക്കാറും സ്വീകരിച്ച സമീപനങ്ങളെ ചൊല്ലി പ്രവാസിക്ക് വേദനിക്കേണ്ടി വന്നു.

പ്രവാസികളുടെ നിലവിലെ അവസ്ഥ വിലയിരുത്താന്‍ പാകത്തില്‍ ബന്ധപ്പെട്ടവരുടെയടുത്ത് കൃത്യമായ സ്ഥിതിവിവര കണക്ക് കൂടി ലഭ്യമല്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇതിനെല്ലാമപ്പുറത്ത് മഹാഭൂരിപക്ഷം പ്രവാസികളും ഈ കാലം ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ തളര്‍ന്നവരാണെന്ന യാഥാര്‍ഥ്യവും ആരും തിരിച്ചറിഞ്ഞിട്ടില്ല. കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് ലോകവും പ്രവാസവും ഇപ്പോഴും മുക്തി നേടിയിട്ടില്ല എന്നതും നേരാണ്. കൊവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ലെന്നും അവ ചെലുത്തിയ സാമൂഹിക, സാമ്പത്തിക, മാനസിക പ്രത്യാഘാതങ്ങളെ മുഖവിലക്കെടുക്കണമെന്നും പൊതുവില്‍ പറയുന്നവര്‍ പോലും പ്രവാസികളെ ആ അര്‍ഥത്തില്‍ ചര്‍ച്ചാ വിഷയമാക്കിയിട്ടില്ല.
യുദ്ധകാലത്ത് എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്ന അവഹേളനങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. ഓരോ നേരത്തെ ഭക്ഷണത്തിനും ഇങ്ങനെ വരിനില്‍ക്കേണ്ടി വന്ന പ്രവാസികള്‍ കൊവിഡ് കാലത്തെ ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു. താമസ സ്ഥലത്തെ സഹ മുറിയന്മാര്‍ക്കെല്ലാം മഹാമാരി പിടിപെടുകയും അതിനിടയില്‍ ഒറ്റക്ക് കഴിയേണ്ടി വരികയും ചെയ്തവരുടെ ദയനീയ സ്ഥിതി മനസ്സിലേക്ക് കൊണ്ടുവരണം. ഇങ്ങനെ വാക്കുകള്‍ക്ക് വഴങ്ങാത്ത ദുരിതം നീന്തിയവര്‍ക്ക് ആശ്വാസമായത് ആരാണെന്ന ചിന്ത ഓരോ പ്രവാസിയെയും ഇപ്പോള്‍ അലട്ടുന്നുണ്ട്.

കൊട്ടിഘോഷിക്കപ്പെടാത്ത ലോക്ക്ഡൗണില്‍ ഇരുന്നായിരുന്നു അവന്‍ നാടിനെയും കുടുംബത്തെയും പോറ്റിയത്. തൊഴില്‍ പ്രതിസന്ധിക്കും പീഡനങ്ങള്‍ക്കും വേതനക്കമ്മിക്കും വിസാ പ്രശ്‌നങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കും തട്ടിപ്പിനും കൊള്ളയടിക്കും ഒക്കെ നിരന്തരം ഇരയാകേണ്ടി വരുന്ന പ്രവാസി പക്ഷേ, അത് മൂടിവെക്കുകയോ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പാതയിലെ കടമ്പയും വൈതരണിയുമായി കണ്ടോ മറികടക്കാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു എന്ന് മാത്രം. അങ്ങനെ ഗള്‍ഫ് യുദ്ധവും സാമ്പത്തിക മാന്ദ്യവും അതാത് രാജ്യങ്ങളുടെ സമയാസമയങ്ങളിലെ പുതിയ നിയമങ്ങളും എത്രയാണെന്നോ അവനെ വരിഞ്ഞുമുറുക്കിയത്. അവന്‍ അടക്കിപ്പിടിച്ചും അടച്ചിരുന്നും കഴിച്ചുകൂട്ടിയത്! കൊവിഡ് വരുത്തിവെച്ച ലോക്ക്ഡൗണിനേക്കാള്‍ ഭീകരതയുണ്ടായിരുന്നു അതിന് എന്ന സത്യം മനസ്സിലാക്കിയവര്‍ എത്ര പേരുണ്ടാകും.

ഈ പശ്ചാത്തലത്തില്‍ വേണം ഭാവി പ്രവാസത്തെ ഗണിക്കാനും നിര്‍വചിക്കാനും. പ്രവാസം അവസാനിപ്പിക്കുമ്പോള്‍ മടങ്ങിച്ചെല്ലാന്‍ ഒരു ഇടമുണ്ടെന്ന വികാരമാണ് പ്രവാസിയെ ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം നയിച്ചത്. എന്നാല്‍ കൊവിഡ് കാലം ആ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചുവോ എന്ന ആശങ്ക അസ്ഥാനത്തല്ല. അതിഥി രാജ്യത്തിന്റെ പരിപാലനത്തില്‍ വിശ്വാസമര്‍പ്പിച്ചും മാതൃ രാജ്യത്തിന്റെ തിരസ്‌കാരത്തില്‍ മനം നൊന്തും കഴിയേണ്ട നിലയുണ്ടായി പ്രവാസിക്ക്.
പ്രവാസിയെ ആശ്രയിച്ച് കഴിയുന്ന ഗള്‍ഫ് കുടുംബങ്ങള്‍, അവരുടെ വീട്, ആഘോഷങ്ങള്‍, സഞ്ചാരം, ജീവിത രീതികള്‍ എല്ലാറ്റിനെയും ഈ കാലം മാറ്റും എന്നത് തീര്‍ച്ച. പുറമെ വായിച്ചോ കേട്ടോ അറിയുകയും തോറ്റമായി പറയുകയും രാഷ്ട്രീയമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒന്നിന്റെ പങ്കാളിത്തം കുറയുമ്പോള്‍ മാത്രമാണ് അതിന്റെ പ്രാധാന്യം ബോധ്യപ്പെടുക. അതില്‍പ്പെട്ടതാകും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം. കാലങ്ങളായി കേരളത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നത് പ്രവാസിപ്പണമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ അനാവൃതമാകാന്‍ പോകുന്നു. പുറം രാജ്യങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അത്തരം പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോരാന്‍ ആഹ്വാനം ചെയ്യുന്ന “രക്ഷാദൗത്യങ്ങള്‍” ചിലപ്പോഴെങ്കിലും നമുക്ക് പരിചിതമാണ്. എന്നാല്‍, ഒരു സമൂഹമൊന്നാകെ പകര്‍ച്ചവ്യാധിയുടെ മഹാമാരിയില്‍ പെട്ടപ്പോള്‍ ഇത്തരം ആഹ്വാനങ്ങള്‍ക്ക് പ്രസക്തിയില്ലാതായതാണ് ഇപ്പോള്‍ നാം കണ്ടത്. സ്വന്തം ചെലവില്‍ സ്വന്തം ജന്മനാട്ടിലേക്ക് മുന്‍കരുതലുകളുടെ അധിക ബാധ്യതയും ചുമന്ന് തിരിച്ചു പോകാനുള്ള വിമാന സമയപ്പട്ടിക നല്‍കി എന്നതാണ് പൗരര്‍ക്ക് വേണ്ടി ജന്മരാജ്യം ചെയ്തത്. അത് തന്നെ മുറ തെറ്റിയും പ്രത്യേക താത്പര്യങ്ങള്‍ സംരക്ഷിച്ചും ആയി എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

ഗള്‍ഫ് പ്രവാസം ആരംഭിച്ച കാലം തൊട്ടേ മലയാളത്തോട് ചേര്‍ത്ത് ഈ കുടിയേറ്റ പ്രതിഭാസത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ശരിയായി പഠിക്കുന്നതിനോ സാധ്യതകളോ പ്രതിസന്ധികളോ അതേ അര്‍ഥത്തില്‍ മുഖവിലക്കെടുക്കുന്നതിനോ സംവിധാനങ്ങള്‍ ഉണ്ടായിട്ടില്ല. ഗള്‍ഫിനും പ്രവാസികള്‍ക്കും കൊവിഡ് കാലം ആദ്യത്തെ പ്രതിസന്ധിയല്ല എന്ന ആശയത്തില്‍ നിന്നു കൊണ്ട് അവനത് മറികടക്കുന്നു എന്ന് തന്നെ വേണം കരുതാന്‍. ഗള്‍ഫ് തുടങ്ങിയ കാലം മുതലേ പ്രതിസന്ധികളും തിരിച്ചു നടത്തവും ആരംഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സ്വയം ഉരുകിയും ത്യജിച്ചും പ്രവാസി മലയാളി കേരളത്തെ താങ്ങുകയായിരുന്നു. മരുഭൂമിയുടെ പൊള്ളുന്ന മണല്‍പ്പരപ്പില്‍ ജീവിതം ഹോമിച്ചും തന്നെ മറന്ന് അപര ജീവിതത്തെ പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ടും തന്നെയാണ് പ്രവാസി ജീവിച്ചത്. അത് ഇനിയും തുടരാനാണ് സാധ്യത.
ഇടിത്തീ പോലെ സ്വദേശിവത്കരണത്തിന്റെ കാഹളം അവന്റെ തലച്ചോറില്‍ തറച്ചപ്പോഴും നാം അത് കണ്ടതാണ്. ശരിയായ വിദ്യാഭ്യാസമോ വൈദഗ്ധ്യമോ അനുഭവമോ ഒന്നും ഇല്ലാതെ ജീവിത പ്രാരാബ്ധം മാത്രം നെഞ്ചിലേറ്റി കടല്‍ കടന്ന ലക്ഷക്കണക്കിന് മലയാളികളെയാണ് അത് ബാധിച്ചത്. സഊദിയിലെ നിതാഖാത്ത് മലയാളത്തിനു വരുത്തിയ ആഘാതം വളരെ വലുതായിരുന്നു. അപ്പോഴും പക്ഷേ, അവിടുന്ന് നേടിയ പരിചയത്തിന്റെ മാത്രം കൈബലത്തില്‍ കുഴിമന്തിയും അല്‍ഫഹമും വിപണനം നടത്തുന്ന ചെറുകിട സംരംഭങ്ങള്‍ മുട്ടിനു മുട്ടിനു ഉയര്‍ത്തിയാണ് മലയാളി അതിനെ തോല്‍പ്പിച്ചത്. നിതാഖാത്ത് ഒരു കുടിയൊഴിപ്പിക്കലിന്റെ പേരായിട്ട് പോലും ആ പേര് തന്റെ സംരംഭങ്ങള്‍ക്ക് നല്‍കിയ മലയാളികളുമുണ്ടായി. തന്റെ ശേഷിക്കുന്ന ഊര്‍ജം കൊണ്ട് കരകയറാന്‍ ആവത് ശ്രമിക്കുന്ന കാഴ്ചയും കണ്ടു.

പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ കുറച്ചു കൂടി ഭീകരമാണ്. സ്വന്തം മണ്ണിലേക്ക് സ്വസ്ഥമായി തിരികെ പോകാനുള്ള അവസരം ഇല്ലാതായിരിക്കുന്നു എന്നത് അത്ര നിസ്സാരമല്ല. ചെറുകിട കച്ചവടക്കാരും സ്വയം തൊഴില്‍ നോക്കിയിരുന്നവരും അമ്പേ ഇരുന്ന അവസ്ഥ വന്നു. ഈ ദുരിതക്കയത്തില്‍ നിന്ന് എങ്ങനെയെങ്കിലും നാടണയുന്നവര്‍ പഴയ പോലെ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പാകത്തിലല്ല എത്തുന്നത്. നിതാഖാത് പോലെ കേരളത്തില്‍ കൊവിഡ് കഫ്തീരിയകള്‍ ഉയരാന്‍ ഒരു സാധ്യതയും മുന്നില്‍ കാണുന്നില്ല.

ഇങ്ങനെയൊക്കെയായിട്ടും ഗള്‍ഫ് പ്രവാസം അവസാനിപ്പിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ബഹുഭൂരിഭാഗം മലയാളികളും എന്നത് പഠനങ്ങള്‍ തെളിയിക്കുന്നു. അവസാനിപ്പിച്ച് പോയവരില്‍ നല്ലൊരു ശതമാനവും തിരിച്ച് പോരാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഗള്‍ഫിന്റെ ഭാവിയില്‍ തുടര്‍ന്നും മലയാളി വെച്ചു പുലര്‍ത്തുന്ന പ്രതീക്ഷകളുടെ ബലമാണ് ഇത്തരം അവസ്ഥകള്‍. കൊവിഡാനന്തരം കെട്ടിപ്പടുക്കപ്പെടുന്ന പ്രവാസത്തില്‍ ഇനി ചില തിരിച്ചറിവുകളായിരിക്കും അവനെ നയിക്കുക. സാമ്പത്തികമായോ അല്ലാതെയോ ചൂഷണങ്ങള്‍ക്ക് അവന്‍ നിന്നു തന്നെന്ന് വരില്ല. കൊവിഡ് ചെറിയ രോഗങ്ങള്‍ ഇല്ലാതാക്കിയെന്നും ആശുപത്രികളില്‍ കൊവിഡല്ലാത്ത മറ്റു രോഗചികിത്സക്ക് ആളില്ലെന്നും പറയുന്നത് പോലെ മലയാളികളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള സമയമിതാണെന്ന് പ്രവാസി മനസ്സിലാക്കും. അങ്ങനെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കാനും ആവശ്യങ്ങളില്‍ നിന്ന് അത്യാവശ്യത്തെ തിരിച്ചറിയാനും കഴിയുന്ന കാലം പുലരും. ഗള്‍ഫുകാരന്റെ സേവന മനസ്സിനെ, കാരുണ്യത്തെ, സഹാനുഭൂതിയെ മുതലെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ, സാമൂഹിക, സേവന സംഘടനകളും കേരളത്തില്‍ ധാരാളമുണ്ട്. അവരില്‍ പലരും ഇവിടെ നിന്ന് പിരിച്ചുകൊണ്ടു പോയ പണം ചെലവഴിക്കുന്ന ഇടങ്ങള്‍ ഏതായാലും പ്രവാസിക്ക് വേണ്ടിയുള്ളതായിരുന്നില്ല എന്നതും ബോധ്യമാകും.

Latest