National
പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച
ന്യൂഡല്‍ഹി |കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. നീതിന്യായ വ്യവസ്ഥക്കും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെക്കുമെതിരായ ട്വീറ്റുകളാണ് കേസിന് ആധാരം. തന്റെ ട്വീറ്റുകളില്‍ മാപ്പ് പറയില്ലെന്ന് ഭൂഷണ്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്ന സെപ്റ്റംബർ രണ്ടിനകം കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നത്. മാപ്പ് പറയാൻ വിസമ്മതിച്ച പ്രശാന്ത് ഭൂഷൺ, മാപ്പിനുവേണ്ടി കോടതി തന്നിൽ സമ്മർദം ചെലുത്തുകയാണെന്ന് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. മാപ്പ് എന്ന വാക്ക് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് കേസിൽ വാദം കേൾക്കവേ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചിരുന്നു. മാപ്പ് പറയുണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളതെന്ന് അദ്ദേഹം ഉന്നയിച്ചിരുന്നു.
കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകാമെന്നും അറ്റോർണി ജനറൽ പറഞ്ഞിരുന്നു. കേസിൽ കോടതി കൂടുതൽ അനുകമ്പാപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് അറ്റോർണി ജനറൽ അഭ്യർഥിച്ചിരുന്നു. അതു കോടതിയുടെ അന്തസ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ കേസിൽ മാപ്പ് പറയാൻ കഴിഞ്ഞ തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചിരുന്നു.