Kerala
സ്വര്‍ണക്കടത്ത്: കസ്റ്റംസ് അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം | ജനം ടി വി മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തായതിന് പിന്നാലെ അന്വേഷണ സംഘാംഗമായിരുന്ന കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ മാറ്റി. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സ്വര്‍ണം പിടിക്കപ്പെട്ട ദിവസം അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചതെന്ന നിര്‍ണായക മൊഴിയാണ് സ്വപ്‌ന നല്‍കിയത്. മാത്രമല്ല, സ്വര്‍ണം കണ്ടെടുത്ത ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് പ്രസ്താവന ഇറക്കാന്‍ കോണ്‍സുലേറ്റ് ജനറലിനോട് ആവശ്യപ്പെടണമെന്ന് സ്വപ്‌നയോട് അന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്നാണ് മൊഴിയിലുള്ളത്. ഇത് ബി ജെ പിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയത്. മൊഴി ചോര്‍ന്നതില്‍ കേന്ദ്രവും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നാണ് അവര്‍ കസ്റ്റംസിനോട് പറഞ്ഞത്. യു എ ഇയില്‍ വഞ്ചനാകേസുണ്ടായിട്ടും പ്രശ്‌നങ്ങളില്ലാതെ പോയിവരാന്‍ അനില്‍ നമ്പ്യാര്‍ സ്വപ്‌നയുടെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റ് വഴി സ്വപ്‌ന സഹായിക്കുകയും ചെയ്തു. ഇതുമുതലാണ് സ്വപ്‌നയുമായി അനില്‍ നമ്പ്യാര്‍ അടുക്കുന്നതെന്നും മൊഴിയിലുണ്ടായിരുന്നു.