Articles
ജോ ബൈഡന്‍ മത്സരിക്കുന്നത് വംശവെറിയോടാണ്
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രപരമായ മാറ്റം കുറിക്കുന്ന രാഷ്ട്രീയ വഴിത്തിരിവാകുമോ? ആംഗ്ലോസാംഗ്‌സണ്‍ വര്‍ണ വെറിയുടെയും കോര്‍പറേറ്റ് മൂലധന താത്പര്യങ്ങളുടെയും മേധാവിത്വ ബോധത്തിന്റെയും അക്രമോത്സുകമായ രാഷ്ട്രീയത്തിന്റെയും പ്രതിനിധിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും കമലാ ഹാരിസിനും കഴിയുമോ? അതിനവര്‍ക്ക് അമേരിക്കന്‍ ജനത അവസരമൊരുക്കുമോ? ചൂട് പിടിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗം ഉറ്റുനോക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെയും ജനാധിപത്യ വാദികളുടെയും മുന്നിലുയരുന്ന ചോദ്യങ്ങളാണിത്. ട്രംപിന്റെ വംശീയ വാദത്തിനും കുടിയേറ്റ വിരുദ്ധതക്കും ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന അതി ദേശീയ വാദത്തിനും പ്രഹരമേല്‍പ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയുമോയെന്നാണ് അമേരിക്കയെ പോലെ ലോകവും കാത്തിരിക്കുന്നത്. ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കോര്‍പറേറ്റിസം തകരുമെന്നും സോഷ്യലിസമായിരിക്കും സ്ഥാപിക്കുകയെന്നുമുള്ള മുരത്ത മുതലാളിത്ത വാദവും സോഷ്യലിസ്റ്റ് ഭീതിയും പടര്‍ത്തുകയാണ് ട്രംപും റിപ്പബ്ലിക്കന്മാരും. അമേരിക്കയെയും ലോകത്തെയും ഭരിക്കാനുള്ള വെള്ളക്കാരന്റെ വംശീയ മഹിമാ സിദ്ധാന്തങ്ങളും മറ്റുമാണ് ജോ ബൈഡനുയര്‍ത്തുന്ന ഭീഷണിയെ നേരിടാനായി തീവ്ര വലതുപക്ഷ ശക്തികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജോ ബൈഡനും ഡെമോക്രാറ്റുകളും ട്രംപിന്റെ വംശീയ ഭീകരതക്കും കുടിയേറ്റ വിരുദ്ധതക്കുമെതിരെയാണ് വോട്ട് ചോദിക്കുന്നത്. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും അത് സൃഷ്ടിച്ച പാരിസ്ഥിതിക തകര്‍ച്ചയെയും കുറിച്ചാണവര്‍ ജനങ്ങളോട് സംസാരിക്കുന്നത്. ട്രംപും മുന്‍ഗാമികളായ റിപ്പബ്ലിക്കന്മാരും നിരസിച്ച കാലാവസ്ഥാ ഉടമ്പടികളുടെ ഭാഗമാകുമെന്നാണവര്‍ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നത്. മഹാമാരിയും സാമ്പത്തിക മാന്ദ്യവും സൃഷ്ടിച്ച ജീവിത ദുരിതങ്ങള്‍ക്ക് ഉത്തരവാദിയായ ട്രംപ് ഭരണകൂടം തുടരുന്ന നയങ്ങള്‍ തിരുത്തുമെന്നും മറ്റു രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ സ്ഥാനം പുനഃസ്ഥാപിക്കുമെന്നും ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്: “ചരിത്രപരമായ മാറ്റത്തിനും അമേരിക്കയുടെ മാറുന്ന മുഖത്തിനും പുതിയ പ്രതിനിധികളുണ്ടാകണം. കമലാ ഹാരിസും താനും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പരിഹരിക്കപ്പെടാനുള്ളത് വ്യത്യസ്ത പ്രതിസന്ധികളാണ്. വംശീയമായും അല്ലാതെയും വിഭജിക്കപ്പെട്ട രാജ്യത്തെ ഏകോപിപ്പിക്കാന്‍ ഒരു നിമിഷം പോലും പാഴാക്കാതെ യത്‌നിക്കണം. അതുകൊണ്ടാണ് കമലയെ തിരഞ്ഞെടുത്തത്. രാജ്യത്തിന് വേണ്ടി പോരാടി പരിചയമുള്ള അനുഭവ സമ്പന്നയും സമര്‍ഥയുമായ അവര്‍ കുടിയേറ്റക്കാരുടേതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുറപ്പാണ്”.
യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ അമേരിക്കയിലെ ഗോത്ര ജനതക്ക് മേല്‍ നടത്തിയ ക്രൂര തീര്‍ഥാടനങ്ങള്‍ക്കും ആധിപത്യത്തിനും ശേഷം 528 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് ആ രാജ്യം 46ാം പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആ തിരഞ്ഞെടുപ്പ് വംശീയ മേധാവിത്വത്തിനെതിരായ തീഷ്ണമായ രാഷ്ട്രീയ സംവാദത്തിനുള്ള അവസരമായത് യാദൃച്ഛികമല്ല. ആധുനിക അമേരിക്കയുടെയും മുതലാളിത്തത്തിന്റെയും ചരിത്രം തദ്ദേശീയ ജനതയുടെ വിഭവങ്ങളും സമ്പത്തും അപഹരിച്ചതിന്റേത് മാത്രമല്ല, ഗോത്ര വംശങ്ങളുടെ ഉന്മൂലനത്തിന്റേത് കൂടിയാണ്. തദ്ദേശീയരായ റെഡ് ഇന്ത്യന്‍ വംശജരുടെ ശവക്കൂനകള്‍ക്കു മേലാണ് വെള്ളക്കാരന്റെ മേധാവിത്വ ലോകം കെട്ടിപ്പടുത്തത്. അമേരിക്കന്‍ വിമോചകനായ ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ട്രംപ് വരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇതിനെ കുറിച്ച് നിശ്ശബ്ദത പാലിച്ചുകൊണ്ടാണ് തങ്ങളുടെ അമേരിക്കയുടെ മഹത്വം എന്നും പറഞ്ഞിട്ടുള്ളത്. അമേരിക്കന്‍ സമൂഹം ഒരിക്കലും ഗോത്ര ജനതയുടെയും കറുത്തവരുടെയും പ്രശ്‌നം ഒരു നിയമ സമാധാന പ്രശ്‌നമായിട്ടല്ലാതെ അമേരിക്കയുടെ ദേശീയ പ്രശ്‌നമായി പരിഗണിക്കുകയോ പരിഹാരം തേടുകയോ ചെയ്തിട്ടില്ല. ഫ്‌ളോയ്ഡിലെ സംഭവവും തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളും കറുത്തവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ മുഖ്യധാരാ സംവാദങ്ങളിലേക്ക് കൊണ്ടുവന്നിരിക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗത്ത് വംശീയ വിദ്വേഷവും നൂറ്റാണ്ടുകളായി തുടരുന്ന അനീതികളും അവഗണനകളും ചര്‍ച്ചയാകുകയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസ് എന്ന ഏഷ്യന്‍ വംശജയായ പോരാളി കടന്നുവരികയും ചെയ്തത് റിപ്പബ്ലിക്കന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും കാലാകാലമായി തുടരുന്ന വര്‍ണ മേധാവിത്വപരമായ രാഷ്ട്രീയത്തെയാണ് ഇപ്പോള്‍ ബൈഡനും കമലയും പ്രചാരണ രംഗത്ത് ചോദ്യം ചെയ്തിരിക്കുന്നത്. സ്വന്തം കക്ഷിയായ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ തന്നെ മുന്‍കാല ആശയങ്ങളെയും നയസമീപനങ്ങളെയും അതിലംഘിക്കുന്ന രാഷ്ട്രീയ നിലപാടാണ് ബൈഡന്‍ പ്രചാരണ രംഗത്ത് സ്വീകരിച്ചിരിക്കുന്നത്.
വംശീയതക്കും കോര്‍പറേറ്റിസത്തിനുമെതിരായ നിലപാടുകള്‍ക്ക് ഇന്നത്തെ ലോക സാഹചര്യത്തിലും അമേരിക്കയുടെ സവിശേഷ സന്ദര്‍ഭത്തിലും വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ലോകത്തെ വിഭജിച്ചും വംശഹത്യകളുടെ ചോരപ്പുഴകള്‍ സൃഷ്ടിച്ചു കൊണ്ടുമാണ് ആഗോള ഫൈനാന്‍സ് മൂലധനം അതിന്റെ വ്യാപനവും ആധിപത്യവും ഉറപ്പിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും മൂലധന ശക്തികളും വംശീയതയും ചേര്‍ന്ന നവ ഫാസിസം മാനവികതക്കും ജനാധിപത്യ ദേശീയതക്കും ഭീഷണിയായി കഴിഞ്ഞിരിക്കുന്നു. വംശീയ ഭിന്നതകളെയും മത, സാംസ്‌കാരിക വൈജാത്യങ്ങളെയും നിഷേധിക്കുന്ന (ദേശീയതകളെയും ഏകാത്മകമായ ഭരണകൂട വ്യവസ്ഥകളെയും സംബന്ധിച്ച) ഫാസിസ്റ്റ് രാഷ്ട്രീയവും അധികാര പ്രയോഗങ്ങളും ജനാധിപത്യ സാമൂഹിക രാഷ്ട്ര ഘടനകളെ തന്നെ അസ്ഥിരീകരിക്കുകയാണ്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും ബ്രസീലില്‍ ബാല്‍ സാനോരെയും കോര്‍പറേറ്റ്- വംശീയ ഭീകരതയാണ് അഴിച്ചു വിടുന്നത്.
കറുത്തവന്റെ ജീവനും വിലയുണ്ട്. കുടിയേറ്റക്കാരും മനുഷ്യരാണ്. മുസ്‌ലിമും ക്രിസ്ത്യാനിയും അമേരിക്കന്‍ പൗരന്മാരാണ്. മതവും വംശവും പറഞ്ഞ് മനുഷ്യരെ വേര്‍പിരിക്കുന്നതും തമ്മിലടിപ്പിക്കുന്നതും ജനാധിപത്യ രാഷ്ട്രീയത്തിനെതിരായ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ഇങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗത്ത് വംശീയതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരായ സംവാദങ്ങളാണ് ബൈഡനും കമലാ ഹാരിസും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.