Vazhivilakk
ലാളന, ചുംബനം, തലോടൽ, ചേർത്തുപിടി
“ഇത് നമ്മടെ സിറ്റൗട്ട്. ഇത് ഓഫീസ് റൂമ്. ഇത് ബെഡ് റൂമ്. ഇത് ഹാൾ. ഇത് അടുക്കള. മുമ്പിലൂടെ ചിലപ്പോള്‍ കള്ളന്‍ വരും. വന്ന് വന്ന് കള്ളൻ ഉള്ളില്‍ കയറും.
ഒരൊച്ച കേള്‍ക്കുന്നു, കള്ളനാണെന്ന് തോന്നുന്നു. അതാ ഗേറ്റ് തുറന്ന്, നടന്ന് നടന്ന് വരുന്നതാ…..അതാ മോനേ ഡോറ് തുറന്ന് വരുന്നാാ…ഇങ്ങെത്തിപ്പോയി!!
ഇടത്ത് ഹവ്വാബി, വലത്ത് അബ്ദുല്ല. മടിയില്‍ ഈസ മോന്‍. ഇന്നലെ ഉച്ചക്കേ നല്ല മഴയാണ്. നേരം വെളുത്തതിൽ പിന്നെ എടുത്തൊഴിക്കുന്ന മഴ. നല്ല തണുപ്പ്. ചിറാപുഞ്ചിയിൽ എത്തിയ മട്ട്. അന്റാർട്ടിക്ക വിരുന്നുവന്ന മാതിരി. സുഖദമായ കോച്ചിപ്പ്. ഉറങ്ങാനല്ല, മേലാസകലം പുതച്ചുമൂടി കണ്ണ് മാത്രം പുറത്ത് കാട്ടി, മടിച്ചങ്ങനെയിരിക്കാന്‍ നല്ല രസം തോന്നുന്നു. ചുക്കിട്ടുപതപ്പിച്ച നല്ല വെല്ലക്കാപ്പി കിട്ടിയെങ്കിൽ എന്ന് കൊതിവരുന്നു.
ഇപ്പോള്‍ ഈ പുതപ്പിന്റെ ഉള്ള് ഒരു വീടാണ്. ഞാന്‍ വീട്കളി തുടങ്ങിയാല്‍ ഓരോരുത്തരായി വലിഞ്ഞ് കയറി വരും. അല്ല, ഈ പുതപ്പുവീട് തന്നെ ഒരു ആകർഷണയന്ത്രമാണ്. മക്കളെ മൂവരെയും കൈപ്പിടിയില്‍ ഒരു കൂരക്ക് കീഴില്‍ കിട്ടുക എന്നത് ആനന്ദം പൂക്കുന്ന കാര്യമാണ്. മഴയും തണുപ്പും കാറ്റും ആകുമ്പോള്‍ അത് അത്യാനന്ദമായി കത്തിപ്പടരും. ആയതിലേക്ക് അങ്ങെങ്ങോ ഉള്ള ഒരു കള്ളനെ ആനയിച്ച് കൊണ്ടുവരിക കൂടി ആയാൽ, എന്നിട്ട് പതിയെപ്പതിയെ അയാൾ കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്ന വേള എത്തുകയുമായാൽ, ആനന്ദഭൈരവത്താല്‍ എല്ലു നുറുങ്ങുന്നൊരു കോർത്തു പേടിയുണ്ട് മക്കൾക്ക് …! യാ ഇലാഹീ…!!അതിന്റെയൊരു പരമാനന്ദമൂര്‍ച്ഛ!!!
“ഓ, ഉപ്പയും മക്കളും പുതപ്പിന്റുള്ളില്‍ നിന്ന് കളിക്ക്യാന്ന്ല്ലേ… അല്ലാത്തപ്പോള്‍ ആട്ടിപ്പായിച്ചിട്ട് ഇപ്പോ കൂട്ടിപ്പിടിച്ചിട്ടും കളിപ്പിച്ചുട്ടൊന്നും കാര്യമില്ല”
അതൊരു വേദനിപ്പിക്കുന്ന കമന്റായിരുന്നു! പോയിന്റ് ആണ് ആ പറഞ്ഞത്. നീയും ചിലപ്പോൾ അങ്ങനെ ആട്ടിപ്പായിക്കൽ ഇല്ലേ എന്ന് തിരിച്ചു ചോദിച്ചു അവളെ തോൽപ്പിക്കാം. പക്ഷേ, ഞാൻ ചെയ്തത് അതല്ല. അവൾ പറഞ്ഞതിലെ കാമ്പ് എടുക്കുകയാണ്, അത് ഉൾക്കൊള്ളുകയാണ്. അത് എന്റെ ഒരു പ്ലസ് പോയിന്റ് ആണ്. അതായത് വിമർശനങ്ങളിൽ നിന്നും വിളകൊയ്യുക. ഇത് ഒരു തള്ളലാണ് എന്ന് തോന്നാം, വിരോധമില്ല! തള്ളുന്നത് രണ്ട് വിധമുണ്ട്. ഗുണപരം. ദോഷകരം. നമ്മൾ നമ്മുടെ ഗുണവശങ്ങൾ മനസ്സിലാക്കുക, ആയതിന്, വളവും വെള്ളവും കൊടുക്കുക. ചീത്ത വശങ്ങൾ മനസ്സിലാക്കുക, ആയത് പറിച്ചെറിയുക, വൃത്തിയാക്കുക. സ്വന്തം കഴിവുകൾ മനസ്സിലാക്കാതെ ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് കരുതി ഇരിക്കുന്ന എത്ര മൂഢന്മാർ ഉണ്ട്? എന്നപോലെ ഞാൻ എല്ലാം തികഞ്ഞവൻ ആണെന്നും എനിക്കൊരു കുറവുമില്ല എന്നും ധരിച്ചുവശായ എത്ര മണ്ടന്മാർ ഉണ്ട്? ചൂടും മൂർച്ചയും എരിവും സംഗമിച്ച ഒരു വാചകം എന്റെ വായിലോളം വന്നിട്ടുണ്ട്. പക്ഷേ, ഞാൻ ഇവിടെ അതെഴുതുന്നില്ല. ഊഹിച്ചു നോക്ക് എന്തായിരിക്കുമതെന്ന്?!
അവളുടെ കമന്റിലേക്ക് തന്നെ തിരിച്ചുവരാം. നൂറ്റുക്ക്നൂറ് വാസ്തവമാണവൾ പറഞ്ഞത്. ഒഴിഞ്ഞിരിക്കുമ്പോള്‍ മക്കളെ ചേര്‍ത്തുപിടിച്ച് വീടും കള്ളനും കളിക്കുന്നു. പക്ഷേ, മറ്റ് പ്രധാന അവസരങ്ങളില്‍ അവർക്കെതിരെ ചീറ്റി ആട്ടിപ്പായിക്കുന്നു. പ്രത്യേകിച്ച് എഴുത്തുവേളയില്‍. മനസ്സിന്റെ ഏതോ ഒരു മൂലയില്‍ ഒരു എഴുത്തുവിത്ത് വീണുമുളച്ച് വള്ളിയായി പടര്‍ന്ന് പൂവിട്ട്, കനികാട്ടി നിലക്കുന്നു. അത് കേവലം ഒരു ആനന്ദാവസരമാണ് എന്നതിനേക്കാള്‍, പേറിന്റെ ഏകാഗ്രത ആവശ്യമുള്ള പവിത്ര സന്ദര്‍ഭമാണ്. കലാപരമായിരിക്കണം, ആ പൂപ്പറി. ഇല്ലെങ്കില്‍ പൂ കീറിപ്പോകും. കാ പൊട്ടിപ്പോകും. ഒരെഴുത്തുകാരന്‍ ഏറ്റവും ആനന്ദമനുഭവിക്കുന്നത് തന്നുള്ളിൽ തിക്കുമുട്ടി നിൽക്കുന്ന ഉള്‍പ്രവാഹങ്ങള്‍ പുറത്തേക്ക് പൊട്ടിയൊഴുകുമ്പോഴാണ്. എഴുത്ത് എന്ന് പറഞ്ഞാല്‍ “അകമേ തിളച്ചുമറിയുന്ന സര്‍ഗലാവകളുടെ സുഖസ്ഖലനമാണ്” എന്ന് പറഞ്ഞത് ആരാണെന്നറിയുമോ? മറ്റാരുമല്ല, ഗ്രീക്കേതര തത്വജ്ഞാനി, ഞാനോനിമസ് ആണ്!
ഒട്ടും ന്യായീകരിക്കുന്നില്ല, അവള്‍ പറഞ്ഞ ക്രൂരശരിയുടെ അമ്പും മുള്ളും ഞാനിതാ നെഞ്ച് കാട്ടി സ്വീകരിക്കുന്നു. എഴുത്ത്, വായന, മനനം, പ്രസംഗം, സംഗമം, ഗവേഷണം, പ്രിപ്രേഷൻ, പുണ്ണാക്ക്, പുട്ടുങ്കുറ്റി എന്നിവയൊക്കെ കാര്യപ്പെട്ട സംഗതികള്‍ തന്നെ. ആര്‍ക്ക്? നിനക്ക്. പക്ഷേ, നിങ്ങളുടെ മക്കള്‍ക്ക് എപ്പോഴും നിങ്ങളിലേക്ക് ഇരച്ചുവരാനുള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ സ്വന്തം കടമ പൂര്‍ത്തീകരിക്കേണ്ടതിലേക്ക് നമ്മുടെ മക്കളുടെ അവകാശം ഹനിക്കാന്‍ നമുക്കധികാരമുണ്ടോ?
ഇത് ഒരു ഉപദേശമല്ല, മറിച്ച് ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന, എന്റെ തന്നെ വിഷമാവസ്ഥ ഒരു കൂര്‍ത്തകുന്തമാക്കി എന്റെ നെഞ്ചിലേക്ക് തന്നെ ആയുന്ന ആത്മശോധനയാണ്. ആർക്കും കുരു പൊട്ടണ്ട!
ഞാന്‍ എന്റെ കാര്യമായി പറഞ്ഞതുകൊണ്ട് നിങ്ങളിൽ ചിലർക്ക് തോന്നുന്നുണ്ടാകാം, “എന്താ ഇവനൊക്കെ ഇങ്ങനെയായിപ്പോയതെന്ന്,” അല്ലേ? എന്നാല്‍ രണ്ട് കാര്യം ചോദിക്കട്ടെ! ഒന്ന് നിങ്ങളൊക്കെ വല്യേ മെച്ചമാണോ? എല്ലാ അർഥത്തിലും എല്ലായിപ്പോഴും മക്കളെ അവരര്‍ഹിക്കുമാറ് ലാളിക്കുന്നവരും പരിഗണിക്കുന്നവരുമായ ഫയൽവാൻമാരാണോ നിങ്ങളൊക്കെ?
നിങ്ങൾ കാര്യമായ ഒരു പണിയില്‍ മുഴുകിയ വേളയില്‍/ കാര്യപ്പെട്ട ഒരാളോട് ഫോണില്‍ സംസാരിക്കുമ്പോള്‍/ ആരോടെങ്കിലും ചൂടായി തിളച്ചിരിക്കുമ്പോള്‍ മക്കള്‍ കിന്നാരം പറഞ്ഞ്/ അടിപിടികൂടി/ ശാഠ്യം പിടിച്ച്/ കൂക്കിക്കരഞ്ഞ് വന്നാല്‍ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കല്‍? ആലോചിച്ച് ഉത്തരം പറഞ്ഞാല്‍ മതി. എന്നിട്ട് മതി സൂപ്പിയാകൽ!
രണ്ടാമത്തെ കാര്യം എന്ന് പറഞ്ഞാല്‍ അത്തരം ഘട്ടങ്ങളില്‍ നമ്മള്‍ പിന്നെ എന്താണ് ചെയ്യുക. ഉദാഹരണത്തിന് ഒരാശയം മനസ്സില്‍ വന്ന് ശ്വാസം മുട്ടിക്കളിക്കുന്നു. അതെഴുതാനുള്ള പദാവലികളും നല്ല മുളകുതേച്ച പ്രയോഗങ്ങളും വണ്‍ ബൈ വണ്ണായി പെയ്തുവരുന്നു. എഴുതി അയച്ച് കൊടുക്കേണ്ട സമയം കഴിഞ്ഞ് ഞെരമ്പുപിട കൂടിക്കൂടി വരുന്നു. അന്നേരം ആരും കാണാതെ ഒരു മൂലക്ക് പോയി കണ്ണടച്ചിരിക്കുമ്പോള്‍ കാ… ക്കൂ… കീ … ക്കീ … എന്നും പറഞ്ഞ് മക്കള്‍ വന്നാല്‍/ ഇവന്‍ എന്റെ “സ്ക്കട്ടർ” എടുത്തുവെന്നും/എന്റെ ഡബ്ബര്‍ ഇവൾ കാണാണ്ടാക്കി എന്നുമൊക്കെ പറഞ്ഞ് പ്രശ്നമാക്കിയാൽ “ദൂരേക്ക് മാറിപ്പോ!” എന്ന് പറയുന്നത് തെറ്റായിരിക്കും? പക്ഷേ, പിന്നെന്താണ് ചെയ്യുക?
അല്ലെങ്കിലും എന്തിനാണ് അവന്റെത് ഇവളും ഇവളുടെത് അവനും എടുക്കാൻ നിൽക്കുന്നു. ഓരോരുത്തർക്കും വേറെവേറെ സാധനങ്ങൾ വാങ്ങി തന്നിട്ടില്ലേ? ഇനി വാങ്ങി തരികയും ഇല്ലേ? ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നുമാറി എടുത്തു എന്ന് കരുതി എന്ത് വരാനാ? എന്തിനാണ് അതിന്റെ പേരിൽ അടിപിടി കൂടുന്നത്? എത്ര പ്രാവശ്യം പറഞ്ഞിട്ടും എന്താ അത് മനസ്സിലാകാത്തത്? എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക് മനസ്സിലാകുന്നില്ല!
ഒന്നുകിൽ ക്ലാസ്സെടുക്കാൻ വേണ്ടി റെക്കോർഡ് ചെയ്യുമ്പോൾ ആയിരിക്കും അവർ അടുത്ത് വന്ന് കശപിശ കൂടുക. കൊവിഡ് കാലത്തെ ലെക്ച റുകൾ ആയി പോസ്റ്റ് ചെയ്യാനുള്ള ശബ്ദ രേഖകളിൽ അടിപിടികളുടെ അപശബ്ദം കയറി വരുന്നത് എത്ര അരോചകമാണ്. അല്ലെങ്കിൽ ലൈവായി Zoom ലോ Google മീറ്റിലോ ഇരിക്കുമ്പോൾ ആയിരിക്കും അവർ വന്നു ചുറ്റിപ്പറ്റി കളിക്കുക, മേലിൽ വലിഞ്ഞ് കയറുക. ഒരിക്കൽ ഞാൻ കാര്യമായി എഴുതിക്കൊണ്ടിരിക്കുമ്പോൾ ഹവ്വാബി അടുത്ത് വന്ന് കഴുത്തിലൂടെ ചുറ്റിപ്പിണഞ്ഞിരുന്നു. “എന്താ ഫെയിസെൽ ബായീ…!, ഞാൻ ഉപ്പാനെ എടങ്ങേറാക്കാനായി വന്നതാണ്”. ഇത് അവളുടെ സ്വന്തം പദ്ധതി ആയിരിക്കില്ല. ഇതിന് പിന്നിൽ ഏതോ അധോശക്തിയുടെ കുത്തിത്തിരിപ്പുണ്ട്, ഉറപ്പ്. അർജന്റായി വെളിച്ചെണ്ണ വാങ്ങിക്കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഇതെഴുതി തീരാതെ പറ്റില്ല എന്ന് ഞാൻ തീർത്തു പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ എഴുതണ്ട എന്ന ഗൂഢാലോചന മറുവശത്തും നടന്നിരിക്കും?
നേർക്കുനേർ ഏറ്റുമുട്ടിയാൽ നേരാവില്ല. ഞാൻ അനുനയത്തിന്റെ പിൻപാത സ്വീകരിച്ചു. അവൾക്ക് ഇഷ്ടമാണ് തണുപ്പേറിയ മധുരപാനീയം. ഞാനും ബത്തൂലും ചേർന്ന് പുതീനയിലയും തൊണ്ടുസഹിതം മുറിച്ചിട്ട ചെറുനാരങ്ങയും ഐസുങ്കട്ടകളും ഒരു കുന്ന് പഞ്ചസാരയും ഇട്ട് ജ്യൂസടിച്ചു. മുറ്റമടിച്ചു തളർന്ന അവൾക്ക് കിണർ പോലുള്ള ഒരു പാത്രത്തിൽ ഞാൻ തന്നെ പകർന്നു കൊടുത്തു. അവൾക്ക് സന്തോഷമായി! അപ്പോൾ ഞാൻ വിഷയം വലിച്ചിട്ടു! നമ്മൾ രണ്ടുപേർ ചെയ്യുന്നതും തെറ്റാണ്. മക്കളെ ആട്ടിയോടിക്കാൻ പാടില്ല. നല്ലോണം ആരമ്പിക്കണം, ലാളിക്കണം, ഇനിമേലിൽ നമുക്കങ്ങനെ ചെയ്യാം എന്ന ഉഭയധാരണയിൽ എത്തി.
മക്കളെ നോക്കാത്ത മാതാപിതാക്കള്‍ ചുറ്റുപാടിലെമ്പാടുമുണ്ട്.. മഹാകവി പി പാട്ടുമ്പാടി നടക്കുകയെന്നല്ലാതെ മക്കള്‍ എങ്ങനെ വളരുന്നുവെന്നോ അവര്‍ എങ്ങനെ ചെലവഴിക്കുന്നുവന്നോ എങ്ങനെ ചെലവു കഴിയുന്നെന്നോ തിരിഞ്ഞുനോക്കാത്ത ഒരു കാലമുണ്ടായിരുന്നത്രെ. ജ്വരം പിടിച്ച് കിടക്കുന്ന മകനെ വൈദ്യനെ കാണിക്കാന്‍ കേണുപറഞ്ഞിട്ടും മൈന്റാക്കാതെ ഇറങ്ങിപ്പോകുന്ന നാറാപ്പിള്ള എന്ന നാറുന്ന അച്ഛന്റെ കഥ പറയുന്നുണ്ട്, സുഭാഷ് ചന്ദ്രൻ “മനുഷ്യന് ഒരു ആമുഖ”ത്തില്‍. പട്ടണത്തിലേക്ക് പോയി ബസിറങ്ങി താന്‍ കാണാതെ ഒളിച്ചുകടക്കുന്ന അച്ഛനെ കണ്ടുപിടിച്ച കഥയെഴുതിയിട്ടുണ്ട്, അന്തരിച്ച കഥാകാരി അഷിത. കടപുഴകാനിരിക്കുന്ന മരത്തിന് കീഴേക്ക് സ്വന്തം മകളെ പിടിച്ച് നിര്‍ത്തി കൊല്ലാനോങ്ങിയ ജീവല്‍ കഥ, കുടുംബത്തിലെ പ്രായം ചെന്നൊരാള്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പെണ്ണു പിറന്നതിന്റെ നാണക്കേടകറ്റാൻ പൂമ്പാറ്റപോലുള്ള സ്വന്തം പൊന്നുമോളെ പെറ്റതള്ള പോലുമറിയാതെ മലഞ്ചെരിവിലേക്ക് കൊണ്ടുപോയി കുഴിയിലിട്ട് കൊന്ന കഥയുണ്ട് ചരിത്രത്തില്‍. അതിനാല്‍ കുട്ടികളെ നന്നായി ലാളിക്കണം, നല്ല പോലെ പരിഗണിക്കണം, ഒരു കാരണവശാലും ആട്ടിപ്പായിക്കരുത്, ഒച്ചവെച്ച് വിരട്ടരുത്, കണ്ണുരുട്ടരുത് എന്നൊക്കെ എഴുതാൻ ആശ ഉണ്ടായിട്ടും ധൈര്യം വരുന്നില്ല!
കുട്ടികൾക്കുള്ള ലാളന, ചുംബനം, തലോടൽ, ചേർത്തുപിടി എന്നതൊക്കെ അവർക്കുള്ള വൈകാരിക അന്നപാനീയങ്ങളാണ് (Emotional foodrinks)-മഹാനായ ഞാനോനിമസ്.