Connect with us

Book Review

ഗർഭപാത്രമുള്ള പുരുഷൻ്റെ സാഹസിക ജീവിതം

Published

|

Last Updated

വിപരീതം-ഉണ്ണികൃഷ്ണൻ ആവള

“ഡോക്ടർ, രണ്ട് മാസമായി എനിക്ക് മാസക്കുളിയുണ്ടാകുന്നില്ല”. വരി നിന്നു വിയർത്ത് തന്നെ കാണാനെത്തിയ ഒരു ചെറുപ്പക്കാരൻ, നിലമ്പൂർ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. മായാദേവിയോട് ഇങ്ങനെ പറഞ്ഞു. ആദ്യം ഞെട്ടിയ ഡോക്ടർ പിന്നെ മാനസിക വിഭ്രാന്തിയാകുമോ എന്ന് സംശയിച്ചു. പക്ഷേ, തുടർപരിശോധനകളിലോരോന്നിലായി അവർക്ക് ബോധ്യമായി ആ ചെറുപ്പക്കാരന് പുരുഷജനനേന്ദ്രിയവും ഗർഭപാത്രവും ആർത്തവവും ഉണ്ടെന്ന്. പിടഞ്ഞുമരിച്ച അമ്മയെ…. ആദ്യ ആർത്തവത്തിന്റെ വേദനച്ചോരയെ… ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ട പകലിനെ….. ഉള്ളിലൊരു ഗർഭപാത്രം അതിന്റെ ജോലി ചെയ്യുന്നുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ക്രൂരതയെ…. പെണ്ണായിമാറാൻ ശസ്ത്രക്രിയാ ടേബിളിൽ കത്തിയനക്കങ്ങൾ കാത്തിരിക്കുമ്പോൾ…. അയാളുടെ ഉള്ളിലെ ആണിന് പേടിച്ചു നിലവിളിക്കാൻ തോന്നിയ സെക്കൻഡിനെ…

ഇത് രാജുവിന്റെ കഥ. സ്വന്തം ശരീരം പോലും ചതിച്ചു കളഞ്ഞ വേദനയുടെ പ്രതിരൂപമാണ് നിലമ്പൂർ തീക്കടി കോളനിയിൽ ജനിച്ചു വളർന്ന രാജുവിന്റെ കഥന കഥകൾ. ഒരിറ്റ് കണ്ണുനീരോടെയും നെടുവീർപ്പുകളോടെയുമല്ലാതെ ഇത് വായിച്ചു തീർക്കാൻ മനസ്സാക്ഷിക്കുത്തുള്ള ഒരാൾക്കും കഴിയില്ല. മാസാമാസം ഉണ്ടാകുന്ന മാസക്കുളിയും അത് തരുന്ന വേദനയും കടിച്ചിറക്കി നാട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കലുകൾക്കും കുത്തുവാക്കുകൾക്കും പാത്രമായി, ശരീരത്തിന്റെ സ്വകാര്യതകൾ പലപ്പോഴും പീഡനങ്ങൾക്ക് വിട്ടുകൊടുക്കേണ്ടി വന്ന രാജുവിന്റെ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ ഒരുകൂട്ടം വിങ്ങലുകൾ മനസ്സിനേൽപ്പിക്കുന്നു. രാജു പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധി മാത്രമല്ല. ജീവിതം മുഴുവൻ വേദന നിറഞ്ഞ തീക്ഷ്ണമായ അനുഭവങ്ങളുടെ ആൾരൂപം കൂടിയാണ്. രാജുവിന്റെകദനകഥകൾ പുസ്തക രൂപത്തിൽ എഴുതിത്തയ്യാറാക്കിയത് ഉണ്ണികൃഷ്ണൻ ആവളയാണ്. രാജുവിനെ പകർത്തുന്നതോടൊപ്പം മാർജിനലൈസ്ഡ് ചെയപ്പെട്ട ഒരു വിഭാഗത്തിന്റെ സ്വത്വ പ്രശ്നങ്ങളെ (Ideal crisis) സമൂഹത്തിന് മുന്നിലെത്തിക്കാൻ കൂടി എഴുത്തുകാരൻ ശ്രദ്ധിക്കുന്നുണ്ട്. സബാൾട്ടൻ എലമെന്റ്സുകൾ (Subaltern elements) ധാരാളം പുസ്തകത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. സമൂഹം പറയാത്തവരെക്കറിച്ച് പറയാനും അവരുടെ ശബ്ദമാകാനും അവർക്ക് വേണ്ടി നിലകൊള്ളാനും ഈ പുസ്തകം തീർച്ചയായും പ്രചോദിപ്പിക്കും. രാജുവിന്റെ കഥ കേട്ട് പലപ്പോഴും കണ്ണ് നിറഞ്ഞ് താൻ കരഞ്ഞ് പോയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ ആമുഖത്തിൽ പറയുന്നുണ്ട്. ഡോ. ഖദീജ മുംതാസാണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പുസ്തകം ചർച്ചചെയ്യുന്നു.

Gender, Sex എന്നീ രണ്ട് സംജ്ഞകളെപ്പറ്റി അക്കാദമിക് തലത്തിൽ വായിക്കാൻ കഴിഞ്ഞു എന്നല്ലാതെ പ്രാവർത്തികമായി അവരുടെ ജീവിതത്തിൽ എംപവർമെന്റ് കൊണ്ടുവരാൻ ഇവിടെ ഒന്നിനും സാധിച്ചിട്ടില്ല. അവരനുഭവിക്കുന്ന യഥാർഥ പ്രശ്നം എന്താണെന്നതിനെക്കുറിച്ചും gender identity അവരെങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിനെപ്പറ്റിയും നമുക്ക് അവ്യക്തമായ ഉത്തരങ്ങളെയുള്ളൂ. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന കാര്യം ആർത്തവത്തെക്കുറിച്ചാണ്. രാജു ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി അവന്‌ മാസ വേദന ഉണ്ടാകുന്നത്. ആ സമയത്ത് അവനനുഭവിക്കുന്ന വേദനയും അസ്വസ്ഥതയും മറ്റാരും അറിയാതിരിക്കാനുള്ള അവന്റെ ബദ്ധപ്പാടുകളും വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും. സ്ത്രീകളോട് സ്‌നേഹവും ബഹുമാനവും കൂടും. സ്ത്രീക്ക് ഏറ്റവും കൂടുതൽ പരിചരണവും സ്നേഹവും ലഭിക്കേണ്ട സമയം അതാണെന്നിരിക്കെ എത്രയാളുകൾ അത് ഗൗനിക്കാറുണ്ട്?. പൂർണമായി സ്ത്രീ ആയില്ലെങ്കിലും ആർത്തവവും അതിന്റെ വേദനകളും എല്ലാ മാസവും അനുഭവിക്കേണ്ടി വരുന്നവന്റെ നിസ്സഹായതയും പുസ്തകം അവതരിപ്പിക്കുന്നു.
പച്ചയായ ജീവിതാനുഭവങ്ങളുടെ ഒരു ഡിക്്ഷണറി തന്നെയാണ് രാജുവിന്റെ ജീവിതം. ശാസ്ത്രക്രിയയിലൂടെ പെണ്ണാക്കി മാറ്റാമെന്ന് പറഞ്ഞ് പകുതി ശാസ്ത്രക്രിയ നടത്തി ബാക്കി ചെയ്യാൻ കഴിയാതെ ശരീരം മുഴുവനും വേദനയുമായി വിറങ്ങലിച്ച് നിൽക്കുന്ന, ആപത്ഘട്ടങ്ങളിൽ താങ്ങാനൊരാളില്ലാതെ, വേദനയുടെ പുളയുന്ന ഓർമകളിൽ മാത്രം ജീവിച്ച്‌ രാജു ലോകത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആദിവാസി പെണ്ണിനെ മാത്രമല്ല ആൺകുട്ടികളെപ്പോലും ബലമായി വലിച്ചു കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുന്ന വികൃത കാമാതുരത നമ്മുടെ യുവത്വം എന്ന് മുതലാണ് സ്വന്തമാക്കിയതെന്ന അവതാരികയുടെ ചോദ്യം നമ്മുടെ ബോധതലങ്ങളിൽ നിരന്തരം മുഴങ്ങേണ്ടതുണ്ട്. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 60 രൂപ.