Ongoing News
അവിൽ പായസം
രുചിയൂറും പായസങ്ങൾ പലവിധമുണ്ട്. എന്നാൽ, വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്ന രുചികരമായ പായസമാണ് അവിൽ പായസം. വിവിധ തരത്തിലുള്ള പായസങ്ങളുടെ കൂട്ടത്തിൽ അവിൽ പായസവും ഉൾപ്പെടുത്തി ഓണം കെങ്കേമമാക്കാം.
ചേരുവകൾ
അവിൽ – ഒരു കപ്പ്
ശർക്കര – 400 ഗ്രാം (ഉരുക്കിയെടുക്കുക)
തേങ്ങയുടെ ഒന്നാം പാല് – ഒരു കപ്പ്
രണ്ടാം പാൽ – രണ്ട് കപ്പ്
നെയ്യ് – ഒരു ടീസ്പൂൺ
ഏലയ്ക്ക – മൂന്നെണ്ണം (പൊടിച്ചത്)
അണ്ടിപ്പരിപ്പ് – അഞ്ചെണ്ണം
ഉണക്കമുന്തിരി – പത്തെണ്ണം
കദളിപ്പഴം – ഒന്ന് (ചെറുത്)
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് കോരി മാറ്റിവെക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ചുകൂടി നെയ്യൊഴിച്ച് അവിൽ നന്നായി മൂപ്പിച്ചെടുക്കുക. വെളുത്ത അവിലാണെങ്കിൽ നന്നായി ചുവന്ന നിറമാകുന്നതുവരെ വറുക്കുക. അവിൽ പാകമാകുമ്പോൾ ഇതിലേക്ക് രണ്ടാം പാൽ ഒഴിക്കുക. പാൽ നന്നായി തിളയ്ക്കുമ്പോൾ ശർക്കര പാനിയാക്കിയത് ഇതിലേക്ക് ഒഴിക്കുക. എല്ലാകൂടി തിളച്ച് നന്നായി കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് തിളയ്ക്കും മുമ്പേ ഇറക്കിവെച്ച് ഏലക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ഇട്ട് ഇളക്കുക. ഒപ്പം കദളിപ്പഴം ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി അടച്ചുവെക്കുക. ചൂടാറുമ്പോൾ വിളമ്പാം.