Connect with us

National

സുപ്രീം കോടതിയുടെ വിജയം ഇന്ത്യക്കാരുടെ വിജയം; ഒരു രൂപ പിഴയൊടുക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

സുപ്രീം കോടതിയിൽ പിഴ അടക്കാനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ നൽകിയ ഒരു രൂപ നാണയവുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡല്‍ഹി | കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. താന്‍ കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവസാന അഭയകേന്ദ്രമാണ് സുപ്രീം കോടതി എന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ജുഡീഷ്യറിയെ വേദനിപ്പിക്കാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ജുഡീഷ്യറി അതിന്റെ രേഖയില്‍ നന്ന് വ്യതിചലിച്ചത് കണ്ടപ്പോള്‍ അതിലുള്ള തന്റെ വേദന പ്രകടിപ്പിക്കുകയാണ് ചെയ്തതതെന്നും പ്രശാന്ത് ഭൂഷണന്‍ വ്യക്തമാക്കി. കോടതി വിധി വന്ന ഉടൻ തന്നെ പിഴയാെടുക്കാനുള്ള ഒരു രൂപ മുതിർന്ന അഭിഭാഷകനും സഹപ്രവർത്തകനുമായ രാജീവ് ധവാൻ തനിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചത്. സെപ്തംബര്‍ 15നകം പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ് കോടതി അവസരം നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി സുപ്രീം കോടതി പറപ്പെടുവിച്ചത്. പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷണന്റെ ട്വീറ്റുകള്‍.

Latest