Fact Check
FACT CHECK: റാണാ അയ്യൂബിന്റെ ആ ട്വീറ്റ് വ്യാജം
മുംബൈ | മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വിയോഗവുമായി ബന്ധപ്പെട്ട് മാധ്യപ്രവര്‍ത്തക റാണാ അയ്യൂബിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിക്കുന്നു. പാര്‍ലിമെന്റംഗ കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയതുമായി കൂട്ടിക്കെട്ടിയാണ് വ്യാജ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. റാണാ അയ്യൂബിന്റെ ബ്ലൂ ടിക്കുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നെന്ന് തോന്നിപ്പിക്കും വിധമാണ് ഈ സ്‌ക്രീന്‍ഷോട്ടുള്ളത്.
രക്തസാക്ഷി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയ മനുഷ്യന്‍ മരിച്ചിരിക്കുന്നു. അഫ്‌സല്‍ ഗുരുവിന് ഇന്ന് ശാന്തി ലഭിച്ചിട്ടുണ്ടാകും എന്നാണ് പ്രണാബിന്റെ ചിത്രമുള്ള ട്വീറ്റിലുള്ളത്. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇത് വ്യാപകമായി പങ്കുവെക്കുന്നുണ്ട്. എങ്ങനെയാണ് ജിഹാദ് മനസ്സുള്ളവര്‍ പ്രവര്‍ത്തിക്കുക എന്നതിന് ഉദാഹരണമാണിത് എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.
2016 ആഗസ്റ്റ് 23ന് തന്റെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് റാണാ അയ്യൂബ് ചെയ്ത ട്വീറ്റാണ് കൃത്രിമത്വത്തിന് തിരഞ്ഞെടുത്തത്. അന്നത്തെ ട്വീറ്റില്‍ അഫ്‌സല്‍ ഗുരുവിനെയോ പ്രണാബിനെയോ പരാമര്‍ശിക്കുന്നു പോലുമില്ല.
ഇപ്പോള്‍ പ്രചരിക്കുന്ന ട്വീറ്റ് കൃത്രിമം ആണെന്ന് തെളിയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. യൂസര്‍നെയിമും ടെക്സ്റ്റും തമ്മിലുള്ള അകലം ഇതില്‍ കൂടുതലാണ്. സാധാരണ ട്വീറ്റില്‍ ഇത്ര അകലമുണ്ടാകാറില്ല. മാത്രമല്ല, തീയതിയും സമയവും പ്രചരിക്കുന്ന ട്വീറ്റിലില്ല. സാധാരണ ട്വീറ്റില്‍ കമ്മന്റ്‌സ്, റിട്വീറ്റ്, ലൈക് ഐകണുകള്‍ ഇടതുഭാഗത്താണ് കാണുക. വൈറല്‍ ട്വീറ്റില്‍ മധ്യഭാഗത്താണുള്ളത്. മാത്രമല്ല, ഇതില്‍ ഷെയര്‍ ഒപ്ഷനുമില്ല.
ഇതിന് പുറമെ, പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പറഞ്ഞ് റാണാ അയ്യൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്:
This woman quoting a fake, photoshopped tweet to attack me is followed by Modi on social media @TwitterIndia https://t.co/vT7QqAcwcJ
— Rana Ayyub (@RanaAyyub) September 1, 2020