Oddnews
ചൂട് കൂടുതലെന്ന്; വിമാനത്തിന്റെ ചിറകിലേക്കിറങ്ങി യുവതി

കീവ് | ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി വാതിലിലൂടെ വിമാനത്തിന്റെ ചിറകിലേക്ക് ഇറങ്ങി നിന്ന് യുവതി. വിമാനത്തില്‍ ചൂട് കൂടുതലാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ സാഹസം. ഉക്രൈന്‍ നഗരമായ കീവിലെ വിമാനത്താവളത്തിലാണ് സംഭവം.
ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് വിമാന യാത്ര ചെയ്യുന്നതിന് ഉക്രൈന്‍ വിലക്ക് ഏര്‍പ്പെടുത്തി. തുര്‍ക്കിയില്‍ നിന്നാണ് വിമാനമെത്തിയത്. അല്‍പ്പം കാറ്റ് കിട്ടാനാണ് വിമാനത്തിന്റെ ചിറകില്‍ ഇറങ്ങി നിന്നതെന്ന് ഇവര്‍ പറഞ്ഞു. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ബോയിംഗ് 737-86എന്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുകയായിരുന്നു ഇവര്‍.
അതേസമയം, വിമാനം ലാൻഡ് ചെയ്ത് അധിക യാത്രക്കാരും ഇറങ്ങിയതിന് ശേഷമാണ് സംഭവമെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. വിമാനത്തിന്റെ വാലറ്റത്ത് നിന്ന് നടന്ന് എമര്‍ജന്‍സി വാതിലുള്ള നിരയില്‍ ഇവരെത്തി വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്നെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ വിമാനത്തിന്റെ പുറത്തെത്തിയിരുന്നു. മാതാവ് ചിറകിലേക്ക് ഇറങ്ങുന്നത് കണ്ട് ഇവര്‍ അമ്പരന്നു.
യുവതി ചിറകിലൂടെ നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം: