Connect with us

Fact Check

FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദില്‍ കാളി ക്ഷേത്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ വിഗ്രഹം കത്തിയതിനും വര്‍ഗീയ നിറം ചാര്‍ത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രമം. ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ലിമെന്റംഗവുമായ അര്‍ജുന്‍ സിംഗ് ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കുന്നത്. അതേസമയം, സംഭവം വര്‍ഗീയമല്ലെന്നും അപകടമാണെന്നും മുര്‍ശിദാബാദ് പോലീസ് അറിയിച്ചു.

മുര്‍ശിദാബാദിലെ ആലംപൂരിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ നിംതാല കാളിമന്ദിറിലെ വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റി. തീപ്പിടിത്തത്തിന് മുമ്പുള്ള വിഗ്രഹത്തിന്റെയും അതിന്റെ ശേഷവുമുള്ള ചിത്രങ്ങള്‍ വെച്ചാണ് അര്‍ജുന്‍ സിംഗ് എം പി വര്‍ഗീയ പരാമര്‍ശത്തോടെ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

ഒരു മതസംഘം ക്ഷേത്രം തകര്‍ത്ത് കാളി വിഗ്രഹത്തിന് തീവെച്ചത് എങ്ങനെയാണെന്ന് നോക്കൂ എന്നാണ് അര്‍ജുന്‍ സിംഗിന്റെ ട്വീറ്റിലുള്ളത്. ദീദിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവം ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നതിലെത്തിയിരിക്കുന്നു എന്നും അര്‍ജുന്‍ സിംഗിന്റെ ട്വീറ്റിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍, അര്‍ജുന്‍ സിംഗിന്റെ ട്വീറ്റില്‍ യാതൊരു വസ്തുതയുമില്ലെന്ന് മുര്‍ശിദാബാദ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സുഖ്‌ദേവ് ബജ്പയിയുടെ കത്തും പോലീസിന്റെ ട്വീറ്റിലുണ്ട്. തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന് കേടുപറ്റിയതെന്ന് ക്ഷേത്രം സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അടുപ്പവും ബന്ധവും തങ്ങള്‍ക്ക് അറിയാമെന്നും കത്തില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest