Connect with us

National

സുശാന്ത് സിംഗിന്റെ മരണം: റിയയുടെ സഹോദരനും ഹൗസ് മാനേജറും അറസ്റ്റില്‍

Published

|

Last Updated

മുംബൈ | ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി ഉള്‍പ്പെടെ രണ്ട് പേരെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യറോ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാണ്ടയാണ് അറസ്റ്റിലായ മറ്റൊരാള്‍. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരുടെയും വസതികളില്‍ ഇന്ന് രാവിലെ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സുശാന്ത് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയെ വിവിധ അന്വേഷണ ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തിരുന്നു. റിയയും സഹോദരന്‍ ഷോവിക്കും സുശാന്തിന്റെ പല ബിസിനസുകളിലും പങ്കാളിയായിരുന്നു. സുശാന്തിന് ലഹരി ഉപയോഗം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുശാന്തിന്റെ മരണത്തില്‍ ലഹരി മാഫിയകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇരുവരുടെയും അറസ്റ്റ്.

ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ ബിഹാര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

Latest