Articles
ഉത്തർപ്രദേശ്: കഫീല്‍ ഖാന്‍ അഭിവാദ്യമര്‍ഹിക്കുന്നു
പശുവെന്ന പാവം മൃഗത്തെ ആളെ കൊല്ലുന്ന ഭീകര യന്ത്രമാക്കി മാറ്റിയവര്‍, ജീവനേകുന്ന ഓക്‌സിജനെ ജീവനെടുക്കുന്ന പോയ്‌സണാക്കി മാറ്റിയപ്പോഴാണ് കഫീല്‍ ഖാന്‍ എന്ന ഡോക്ടര്‍ അറസ്റ്റിലായത്. എത്രയോ കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിന് രാഷ്ട്രം ആദരിക്കേണ്ടിയിരുന്ന ഒരാളോടാണ് ക്രിമിനലുകളോടെന്ന പോലെ ഭരണകൂടം പെരുമാറിയത്. ആതുര ശുശ്രൂഷാ രംഗത്തെ പ്രോജ്വലിക്കുന്ന ഒരു വിസ്മയ സാന്നിധ്യമാണ് കഫീല്‍ ഖാന്‍ എന്നു പറയാം.
ആതുര ശുശ്രൂഷ എങ്ങനെയായിരിക്കണമെന്നതിന്റെ മികച്ച എത്രയോ മാതൃകകള്‍, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി, ലോകത്തെമ്പാടുമുണ്ട്. ഇന്ത്യയിലും ഉത്തര്‍പ്രദേശിലുമുണ്ട് അത്തരം അനുഭവങ്ങള്‍. ആ കൂട്ടത്തില്‍ ജ്വലിക്കുന്ന മാതൃകയെന്ന നിലയില്‍ കഫീല്‍ ഖാനെ ജനാധിപത്യ ഭാരതവും നമ്മുടെ മാനവിക ബോധവും അഭിവാദ്യം ചെയ്യണം.
മൂന്ന് കൊല്ലം മുമ്പാണ്. ഗോരഖ് പൂരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞപ്പോള്‍ മറ്റെല്ലാവരും പകച്ചു നിന്നു. എന്നാല്‍ ഡോ. കഫീല്‍ ഖാന്‍ തന്റെ ഉത്തരവാദിത്വം അല്ലാതിരുന്നിട്ട് കൂടി അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കാന്‍ സ്വയം ഉയര്‍ന്നുവന്നു. ഔദ്യോഗിക ചിട്ടവട്ടങ്ങള്‍ പോലും പരിഗണിക്കാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആ പിടയുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നത്രയും ശ്രമിച്ചു. സ്വന്തം ചെലവില്‍, സ്വന്തം വാഹനമുപയോഗിച്ച് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് കഫീല്‍ ഖാന്‍ നടത്തിയ ആ വലിയ പ്രവര്‍ത്തനമാണ് എത്രയോ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് രക്ഷയായത്. 2017 ആഗസ്റ്റില്‍ ഗോരഖ് പൂരിലെ ഒരാശുപത്രിയിലെ ഒരു സാധാരണക്കാരനായ ഡോക്ടര്‍ അങ്ങനെയാണ് ഇന്ത്യയുടെ മുഴുവന്‍ അഭിമാനമായി വളര്‍ന്നത്. ഈ സംഭവം നടക്കുന്നതിന് മുമ്പും ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ കഫീല്‍ ഖാന്‍ ഒരു ഡോക്ടറായി സേവനം നിര്‍വഹിക്കുന്നുണ്ട്. പക്ഷേ, ഈ പ്രതിസന്ധി ഘട്ടത്തിലാണ് കഫീല്‍ ഖാന്‍ എന്ന ഡോക്ടറുടെ ഔന്നത്യം പുറത്തുവരുന്നത്. ചട്ടവട്ടങ്ങള്‍ പാലിക്കാന്‍ വേണ്ടി സമയം പാഴാക്കിയിരുന്നെങ്കില്‍ എത്രയോ പിഞ്ചുകുഞ്ഞുങ്ങളുടെ കൂടി ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് മാധ്യമങ്ങളിലും ബഹുജന മനസ്സുകളിലും ഒരു നായകനായി കഫീല്‍ ഖാന്‍ നിവര്‍ന്നു നിന്നു.
ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റവും സങ്കുചിതമായ കാഴ്ചപ്പാട് പുലര്‍ത്തുന്നയാളാണെന്ന് ചരിത്രം സാക്ഷിയാണ്. തന്റെ അധികാര പരിധിയില്‍പ്പെട്ട ഗോരഖ്പൂരിലെ ഒരു ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചുവെന്നുള്ള വാര്‍ത്ത പുറം ലോകമറിഞ്ഞത് യോഗിക്ക് വലിയ തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ കിട്ടാത്തത് കൊണ്ടല്ല, സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് സംഘ്പരിവാര്‍ അന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ആ നുണ പൊളിക്കാന്‍ ഡോ. കഫീല്‍ ഖാന്‍ അറിയാതെ നേതൃത്വം നല്‍കിയെന്നതാണ് യോഗിയെയും സംഘ്പരിവാറിനെയും പ്രകോപിതരാക്കിയത്. അങ്ങനെ ലോകം ആദരിക്കേണ്ട ഒരു ഡോക്ടറെ ആട്ടിയോടിക്കുന്ന ഒരു അവസ്ഥയിലേക്ക് അവര്‍ കാര്യങ്ങള്‍ എത്തിച്ചു. നായകന്‍ വില്ലനായി. ജീവന്‍ രക്ഷിക്കുന്ന ഓക്‌സിജന്‍ പോയ്‌സണായി. അതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇരുനൂറിലേറെ പ്രശസ്തരായ ആരോഗ്യ പ്രവര്‍ത്തകര്‍, ജനാധിപത്യവാദികള്‍, ഡോക്ടര്‍മാരുടെ സംഘടനകള്‍ എന്നിവര്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, അതിനെയെല്ലാം അവഗണിക്കുകയും പരമാവധി ജയിലില്‍ തന്നെ തളച്ചിടാനുമാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ചത്.
കഫീല്‍ ഖാന്‍ തടവറയില്‍ നിന്ന് ആദ്യം പുറത്തുവന്നപ്പോള്‍ യോഗിക്കും സംഘ്പരിവാറിനും വലിയ നിരാശയുണ്ടായിരുന്നു. അലീഗഢിലെ പൗരത്വ സമരത്തിന്റെ പേരില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് പിന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷക്ക് ഭീഷണിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പ്രസംഗത്തിന്റെ പേരില്‍ അങ്ങനെ ഒരു അറസ്റ്റ് ഉത്തര്‍പ്രദേശില്‍ നടക്കുകയാണെങ്കില്‍ യോഗിയെയായിരിക്കണം ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. പ്രകോപന പ്രഭാഷണങ്ങള്‍ക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചയാളാണ് യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പും ശേഷവും അദ്ദേഹം നടത്തിയ പ്രകോപന പ്രസംഗങ്ങള്‍ നിരവധിയാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും എന്നും മുറിവുണ്ടാക്കുന്നതാണ് ഉത്തരേന്ത്യയില്‍ വ്യാപകമായി നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍. എന്നാല്‍ യോഗി പറഞ്ഞത്, ന്യൂനപക്ഷങ്ങള്‍ പെറ്റുപെരുകുന്നതാണ് കലാപങ്ങള്‍ക്ക് കാരണമെന്നായിരുന്നു. അതുപോലെ തന്നെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനെ കശ്മീരാക്കാന്‍ ബി ജെ പി അനുവദിക്കില്ലെന്ന് യോഗി പറയുന്നുണ്ട്. ശവകുടീരങ്ങള്‍ വെട്ടിപ്പിളര്‍ക്കാനും ബലാത്സംഗം ചെയ്യാനും യോഗി ആഹ്വാനം ചെയ്യുന്നുണ്ട്. ഇങ്ങനെ പ്രകോപന പ്രസംഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട് യോഗിയുടെ പേരില്‍.
കഫീല്‍ ഖാന്‍ നടത്തിയ അലീഗഢ് യൂനിവേഴ്‌സിറ്റിയിലെ പ്രസംഗത്തിന്റെ ഫുള്‍ ടെക്‌സ്റ്റ് ലഭ്യമാണിപ്പോള്‍. അതിലൊരു വരി പോലും, വാക്ക് പോലും ദേശദ്രോഹം ചുമത്താന്‍ പാകത്തിലില്ല. മാത്രവുമല്ല, രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഏറ്റവും രാജ്യസ്‌നേഹപരമായ പ്രസംഗത്തിന്റെ മികച്ച മാതൃകയായിരുന്നു അത്. അതിന്റെ പേരിലാണ് ദേശദ്രോഹം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഈ പ്രസംഗം മുഴുവന്‍ അപഗ്രഥിച്ച് അലഹബാദ് ഹൈക്കോടതി ചോദിക്കുന്നുണ്ട്, ഇതിലെവിടെയാണ് രാജ്യദ്രോഹ പരാമര്‍ശമെന്ന്. കീഴ്‌ക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കാനും കോടതി തയ്യാറായി. ഇത് ജനാധിപത്യത്തെയും നീതിന്യായ സംവിധാനത്തെയും സംബന്ധിച്ച് ആവേശകരമാണ്. കീഴ്‌ക്കോടതി പരിശോധിച്ച അതേ പ്രസംഗം തന്നെയായിരുന്നു ഹൈക്കോടതിയും പരിശോധിച്ചത്. ഒരു കോടതി അതില്‍ ദേശദ്രോഹം കണ്ടെത്തുന്നു, മറ്റൊരു കോടതി അതില്‍ രാജ്യസ്‌നേഹവും കണ്ടെത്തുന്നു. ദേശദ്രോഹം കണ്ടെത്തിയ കോടതി ഏത് ദേശത്തിന്റെ കാഴ്ചപ്പാടാണ് ആവിഷ്‌കരിച്ചതെന്ന ചോദ്യം ഇവിടെ ബാക്കി കിടക്കുന്നു.
വീഴ്ചകള്‍ കോടതികള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വരും വരായ്കകള്‍ നോക്കാതെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചയാളെ രാഷ്ട്രം ആദരിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ സംഘ്പരിവാര്‍ അദ്ദേഹത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചു, അറസ്റ്റ് ചെയ്തു, കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഒടുവില്‍ രാജ്യദ്രോഹി എന്ന നിലയില്‍ ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളിലും മുന്നേറി. ഇപ്പോഴെങ്കിലും, കോടതി വിധിയുടെ ഈ പശ്ചാത്തലത്തിലെങ്കിലും ഡോ. കഫീല്‍ ഖാനെതിരെ സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം പൂര്‍ണ അസംബന്ധമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ സമയത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാറും സങ്കുചിത ബോധം ഉയര്‍ത്തിപ്പിടിക്കുന്ന സംഘ്പരിവാറും മിനിമം മാനവികതയുള്ളവരാണെങ്കില്‍ കഫീല്‍ ഖാനോട് മാപ്പ് ചോദിക്കണമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, ഇപ്പോഴും അദ്ദേഹം ഭീഷണി നേരിടുകയാണ് ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടലില്‍ തന്നെ വധിക്കാതെ ബാക്കിയാക്കിയതിന് അദ്ദേഹം പോലീസിനോട് നന്ദി പറയുകയുമാണ്. ഭാവിയില്‍ ഉത്തര്‍പ്രദേശില്‍ അദ്ദേഹം നേരിടാനിരിക്കുന്നത് കടുത്ത അരക്ഷിതാവസ്ഥയാണെന്ന് സംഘ്പരിവാര്‍ ചരിത്രമറിയുന്ന ആര്‍ക്കും ഉറപ്പിച്ചു പറയാം. മാനവിക ബോധം ഉയര്‍ത്തിപ്പിടിക്കുന്ന ഡോ. കഫീല്‍ ഖാനെ പോലുള്ളവര്‍ ഉത്തര്‍പ്രദേശില്‍ ഭീഷണിയും അവഹേളനവും നേരിടുമ്പോള്‍ വിദ്വേഷ പ്രചാരകരായ, മാനവികതക്കെതിരെ നില്‍ക്കുന്ന, സംഘ്പരിവാര്‍ അതില്‍ ആശ്വാസവും സന്തോഷവും കണ്ടെത്തുന്നു. അലഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് വരെ അലവന്‍സ് അനുവദിക്കുന്ന ഉത്തര്‍പ്രദേശിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് പുറം ലോകമറിഞ്ഞതിലുള്ള രോഷം സംഘ്പരിവാര്‍ അങ്ങനെ പലവിധത്തിലും കഫീല്‍ ഖാന് മേല്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.
കഫീല്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തുവരുന്ന ഒരു ചിത്രമുണ്ട്. ജ്വലിക്കുന്ന നീതിയുടെ ചരിത്രമാണ് അത് ദൃഢപ്പെടുത്തുന്നത്. ഉയര്‍ത്തിപ്പിടിച്ച ശിരസ്സ്, തുറന്നുപിടിച്ച കണ്ണ്, ശിരസ്സിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വിടര്‍ന്ന മൂന്ന് വിരലുകള്‍, ചേര്‍ത്തുവെച്ച രണ്ട് വിരലുകള്‍, ഉയര്‍ന്നു നില്‍ക്കുന്ന ചുമലുകള്‍, ഇത് ഒരാളുടെ വെറുമൊരു പടമല്ല. എത്ര ചതച്ചാലും ചൂളാത്ത നീതിയുടെ ധീരപ്രതിരോധമാണ് ആ ചിത്രം പ്രതിനിധാനം ചെയ്യുന്നത്. ആ തിളങ്ങുന്ന കണ്ണിലേക്ക് അതുപോലെ നിവര്‍ന്ന് നിന്ന് നോക്കാന്‍ അസംബന്ധ പ്രസ്താവനകളില്‍ ആഴ്ന്നുനില്‍ക്കുന്ന യോഗിക്ക് കഴിയില്ല.