Ongoing News
ബഹിരാകാശ കാലാവസ്ഥ ഭൂമിയെ ബാധിക്കുന്നത് പഠിക്കാന്‍ നാസ
ന്യൂയോര്‍ക്ക് | സൂര്യന്റെ ഊര്‍ജ പ്രകൃതവും ബഹിരാകാശത്തെ പരിസ്ഥിതി മാറ്റവും ഭൂമിയെ ബാധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നാസ. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശ കാലാവസ്ഥ എങ്ങനെ ബാധിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇതടക്കമുള്ള അഞ്ച് മിഷന്‍ പഠനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് നാസയുടെ തീരുമാനം.
സ്റ്റോം, ഹീലിയോസ്വാം, മ്യൂസ്, ആര്‍ക്‌സ്, സൊളാരിസ് എന്നിവയാണ് നാസ പരിഗണിക്കുന്ന ദൗത്യങ്ങള്‍. ഭൂമിക്ക് സമീപത്തുള്ള ബഹിരാകാശത്തേക്കും അതിലൂടെയും പ്രവഹിക്കുന്ന ഊര്‍ജരീതിയെ സംബന്ധിച്ചാകും സ്‌റ്റോം ദൗത്യം പഠിക്കുക. സൂര്യനില്‍ നിന്നുള്ള കണികാ പ്രവാഹത്തെ വ്യത്യസ്ത തലങ്ങളില്‍ പഠിക്കുന്നതാണ് ഹീലിയോസ്വാം.
അഭൂതപൂര്‍വമായ സൂക്ഷ്മതയോടെ സൂര്യന്റെ അന്തരീക്ഷത്തിലെ കണികാപ്രവാഹത്തെ സംബന്ധിച്ചാണ് മ്യൂസ് പഠിക്കുക. അന്തരീക്ഷ കാലാവസ്ഥ കാരണമായി ഭൂമിയിലുണ്ടാകുന്ന പ്രഭാപടലത്തെ സംബന്ധിച്ച് വിശദമായി പഠിക്കുന്നതാണ് ആര്‍ക്‌സ്. സൂര്യനിലെ കാണാത്ത ധ്രുവമേഖലകളില്‍ നിന്നുള്ള ചിത്രങ്ങള്‍ നല്‍കുന്നതാകും സൊളാരിസ്. ഓരോ പഠനത്തിനും 12.5 ലക്ഷം ഡോളര്‍ ആണ് ചെലവ് വരിക.