Fact Check
FACT CHECK: അമേരിക്കയുടെയും കാനഡയുടെയും ജി ഡി പി ഇന്ത്യയേക്കാള്‍ താഴ്‌ന്നോ?
ന്യൂഡൽഹി | ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) 23.9 ശതമാനം ഇടിഞ്ഞിരുന്നു. റെക്കോര്‍ഡ് തകര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ അമേരിക്കയുടെ ജി ഡി പി 33ഉം യു കെയുടെത് 21ഉം കാനഡയുടെത് 38.7ഉം ശതമാനം ഇടിഞ്ഞതായി സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ വര്‍ഷാവര്‍ഷ കണക്കിനെ മറ്റ് രാജ്യങ്ങളുടെ പാദവാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്കുമായി ചേര്‍ത്ത് കബളിപ്പിക്കുകയായിരുന്നു.
അവകാശവാദം: പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും രാഷ്ട്രീയ- സാമ്പത്തിക നിരീക്ഷകനുമായ എസ് ഗുരുമൂര്‍ത്തിയാണ് ഇത്തരമൊരു സന്ദേശം തന്ത്രപൂര്‍വം ആദ്യം ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെത് മാത്രമല്ല, ലോകത്തെ അധിക വമ്പന്‍ രാഷ്ട്രങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയുണ്ടായിട്ടുണ്ട് എന്നാണ് ഗുരുമൂര്‍ത്തിയുടെ അവകാശവാദം. ഇതിനായി കണക്കും നിരത്തുന്നുണ്ട് അദ്ദേഹം. ഇന്ത്യാ ടുഡെ ടി വി പോലും ഇത്തരത്തില്‍ വാര്‍ത്തയും കൊടുത്തു.
യാഥാര്‍ഥ്യം: എന്നാല്‍, ബ്യൂറോ ഓഫ് ഇക്കണോമിക് അനലൈസിസി(ബി ഇ എ)ന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍- ജൂണ്‍ പാദവര്‍ഷത്തില്‍ അമേരിക്കയുടെ സമ്പദ്ഘടന 9.1 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യയുടെയും യു എസിന്റെയും ജി ഡി പി കണക്കുകൂട്ടുന്നതിൽ വ്യത്യാസമുണ്ട്. ഇത് കൗശലപൂർവം മറച്ചുപിടിച്ചാണ് പ്രചാരണം.
2019ലെ ഏപ്രില്‍- ജൂണ്‍ പാദവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദവര്‍ഷം ജി ഡി പി 23.9 ശതമാനം ഇടിഞ്ഞുവെന്നാണ് ഇന്ത്യയിലെ കണക്ക്. എന്നാല്‍, അമേരിക്കയിലെ പാദവര്‍ഷ തകര്‍ച്ചയായ 9.5 ശതമാനം അടുത്ത മൂന്ന് പാദങ്ങളിലും ഉണ്ടാകുമെന്നും അങ്ങനെ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 32 ശതമാനം ഇടിയുമെന്നുമാണ് അമേരിക്കയിലെ കണക്ക്.