Business
പാല്‍, ഭക്ഷ്യയെണ്ണ, ബേക്കറി, ഉരുളക്കിഴങ്ങ് സംസ്‌കരണ ശാലകള്‍ക്ക് വേണ്ടി 1,500 കോടി നിക്ഷേപിക്കാന്‍ അമുല്‍
അഹമ്മദാബാദ് | പാല്‍ സംസ്‌കരണ ശാലകള്‍ക്ക് 1000 കോടിയും ഭക്ഷ്യയെണ്ണ, ബേക്കറി പോലുള്ള പുതിയ ഉത്പന്നങ്ങള്‍ക്ക് 500 കോടിയും നിക്ഷേപിക്കാന്‍ അമുല്‍. പ്രമുഖ പാലുത്പന്ന നിര്‍മാതാക്കാളയ അമുലിന് നേതൃത്വം നല്‍കുന്ന ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജി സി എം എം എഫ്) ആണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത രണ്ട് വര്‍ഷം കൊണ്ടാകും 1500 കോടി നിക്ഷേപിക്കുക. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 12- 15 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാന്‍ഡഡ് ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചതിനാലാണിത്.
വിവിധ സംസ്ഥാനങ്ങളിലാകും ഡയറി പ്ലാന്റുകള്‍ സ്ഥാപിക്കുക. നിലവിലെ പ്രതിദിനം 380 ലക്ഷം ലിറ്ററില്‍ നിന്ന് 420 ലക്ഷം ലിറ്ററിലേക്ക് പാല്‍ സംസ്‌കരണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വെണ്ണ ഉപയോഗിച്ച് ബേക്കറി ഉത്പന്നങ്ങളും മറ്റുമുണ്ടാക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷ്യയെണ്ണ, ഉരുളക്കിഴങ്ങ് സംസ്‌കരണ മേഖലയിലേക്കും നീങ്ങും.