Connect with us

Articles

ജി ഡി പി: ഇടിവിന്റെ കണക്കെടുക്കുമ്പോള്‍

Published

|

Last Updated

അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥ. രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം അതായിരുന്നു. സമ്പദ് വ്യവസ്ഥ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ളതായി മാറുകയെന്നാല്‍ ദാരിദ്ര്യം ഇല്ലാതാകുമെന്നൊന്നും അര്‍ഥമില്ല. വീടില്ലാത്തവര്‍ക്കൊക്കെ വീടുണ്ടാകുമെന്നും കരുതേണ്ടതില്ല. പിന്നെ ഈ പ്രഖ്യാപനം ആവര്‍ത്തിച്ചതിന്റെ അര്‍ഥമെന്താണ്? രാജ്യമൊരു സാമ്പത്തിക ശക്തിയായി വളരുകയാണെന്ന പ്രതീതി ജനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. തീവ്ര ദേശീയതയിലും കപട രാജ്യസ്‌നേഹത്തിലും പടുത്തുയര്‍ത്തിയ രാഷ്ട്രീയത്തിന് ഗുണകരമാകും ഇത്തരം “ശക്തി പ്രകടനങ്ങള്‍”.

ഈ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായിരുന്നോ? അവകാശപ്പെടുന്ന വളര്‍ച്ച ആര്‍ജിക്കാന്‍ പാകത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് – ജി ഡി പി) വര്‍ധിച്ചിരുന്നോ? ഇല്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തന്നെ പറയുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നാലായി വിഭജിച്ചാണ് ജി ഡി പിയുടെ വളര്‍ച്ചാ നിരക്ക് പുറത്തുവിടുക. 2020 മാര്‍ച്ച് 31 വരെയുള്ള എട്ട് ക്വാര്‍ട്ടറുകളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്കായിരുന്നു. ഇടക്കൊരു ക്വാര്‍ട്ടറില്‍ മാത്രമാണ് ചെറിയൊരു വര്‍ധനയുണ്ടായത്. അതായത് 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് ചുരുക്കം. ഇപ്പോള്‍ പുറത്തുവന്ന വലിയ ഇടിവിന്റെ കണക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിന്റേതാണ്, 2020 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ളത്. 2019-20 കാലത്തെ ഈ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് താഴെ 23.9 ശതമാനം. കൃഷിയൊഴികെ മേഖലകളിലുണ്ടായ വലിയ തിരിച്ചടിയാണ് സമ്പദ് വ്യവസ്ഥയെ നെഗറ്റീവ് ഗ്രോത്തിലേക്ക് കൊണ്ടുപോയത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റേതാണെന്നും അതുണ്ടാക്കിയ ആഘാതമാണ് ഇടിവിന് കാരണമെന്നുമാണ് സര്‍ക്കാറിന്റെ ഔദ്യോഗികമായ വിശദീകരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തുടങ്ങിയതോടെ രാജ്യം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അടുത്ത പാദത്തില്‍ (ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ) വളര്‍ച്ചയുടെ പാതയിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ ശരിയുണ്ട്, എന്നാല്‍ പൂര്‍ണമായ ശരി ഇതല്ല താനും.

കൊവിഡിനെ പ്രതിരോധിക്കാന്‍, മുന്‍കരുതലുകളൊന്നുമെടുക്കാതെ, രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് 2020 മാര്‍ച്ച് 24നാണ്. 2020 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള പാദത്തില്‍ ഏഴ് ദിവസം മാത്രമാണ് രാജ്യം അടഞ്ഞുകിടന്നതെന്ന് ചുരുക്കം. എന്നിട്ടും ആ പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 3.1 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ആകെ വളര്‍ച്ചാ നിരക്ക് 4.2 ശതമാനത്തിലേക്ക് താഴ്ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമായിരുന്നതാണ് 4.2 ശതമാനത്തിലേക്ക് താഴ്ന്നത്.
കൊവിഡും അത് പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് എന്ന് ചുരുക്കം. വലിയ വളര്‍ച്ചയെക്കുറിച്ചുള്ള വീരവാദങ്ങള്‍ക്കപ്പുറത്ത് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചില്ല. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ചെവിക്കൊള്ളാനോ വളര്‍ച്ചയുടെ വേഗം കൂട്ടാന്‍ പാകത്തില്‍ നടപടികളെടുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ പകുതി പിന്നിട്ട ശേഷമാണ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിന് തോന്നിയത്. അപ്പോഴും അടിസ്ഥാന മേഖലകള്‍ക്ക് സഹായം നല്‍കും വിധത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നില്ല. ബേങ്കുകള്‍ ലയിപ്പിക്കുക, വന്‍കിട കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്. 1.45 ലക്ഷം കോടിയുടെ നികുതിയിളവാണ് വന്‍കിട കമ്പനികള്‍ക്ക് അന്ന് പ്രഖ്യാപിച്ചത്. നികുതിയിളവിന്റെ ആനുകൂല്യം ഉത്പാദന വര്‍ധനവിന് കമ്പനികള്‍ ഉപയോഗിക്കുമെന്നും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അത് വിപണിയിലേക്കുള്ള പണമൊഴുക്കിന്റെ വേഗം കൂട്ടുമെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍ നികുതിയിളവ്, ബാധ്യതകള്‍ തീര്‍ക്കാനുള്ള അവസരമായി കമ്പനികള്‍ ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വന്‍കിട കമ്പനികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ മടിക്കാതിരുന്നവര്‍, നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ പ്രതിസന്ധിയിലേക്ക് വീണ, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറായില്ല. രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട – ഇടത്തരം വ്യവസായ മേഖല പ്രതിസന്ധിയില്‍ തുടര്‍ന്നതാണ് കൊവിഡിന് മുമ്പേ തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നാക്കം വലിച്ചത്. കൊവിഡ് വ്യാപിക്കുകയും പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ മേഖല കൂടുതല്‍ പ്രതിസന്ധിയിലായി. അവയുടെ തിരിച്ചുവരവ് അത്ര എളുപ്പത്തില്‍ സാധിക്കുന്നതുമല്ല.

ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണെങ്കിലും രോഗ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളായ പ്രദേശങ്ങള്‍ ഏറെ. ഇതൊക്കെ ഉത്പാദനത്തെയും വിപണനത്തെയും ബാധിക്കും. വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്താത്തിടത്തോളം ഉത്പാദനം പൂര്‍ണ അളവില്‍ ആരംഭിക്കാന്‍ ചെറുകിട – ഇടത്തരം സ്ഥാപനങ്ങള്‍ മാത്രമല്ല, വന്‍കിട സ്ഥാപനങ്ങള്‍ പോലും മടിക്കും. ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടവര്‍ ആ നിലയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ചുരുക്കം. സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയും ഹോട്ടല്‍ – റെസ്റ്റോറന്റ് വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. ഇവിടെയുണ്ടായ തൊഴില്‍ നഷ്ടവും തത്കാലം തുടരും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നഗരങ്ങളില്‍ നിന്ന് കുടിയൊഴിഞ്ഞ് നാടുകളിലേക്ക് മടങ്ങിയ ലക്ഷക്കണക്കായ തൊഴിലാളികള്‍ തൊഴില്‍രഹിതരായി നാടുകളില്‍ കഴിയുകയാണ്. പല മേഖലകളിലായി ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുമ്പോള്‍ അവര്‍ ചെലവിടുന്ന പണം കുറയും. ഇത് വിപണികളെ കൂടുതല്‍ മുരടിപ്പിക്കാനാണ് സാധ്യത. വിപണികളിലെ മുരടിപ്പ് സര്‍ക്കാര്‍ ഖജനാവിലേക്കുള്ള ഒഴുക്ക് കുറക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി എസ് ടി നഷ്ടപരിഹാരം തത്കാലം നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഖജനാവിലേക്കുള്ള ഒഴുക്ക് കുറഞ്ഞതുകൊണ്ടാണ്. നിത്യനിദാനച്ചെലവിന് പോലും ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായി വികസന പദ്ധതികളുടെ നടത്തിപ്പ് നിര്‍ത്തിവെക്കും. അതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് കൂടുതല്‍ ചുരുങ്ങും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പകര്‍ന്ന് സങ്കീര്‍ണമാകുന്ന അവസ്ഥയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി.

നേരത്തേ തന്നെ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്ന സമ്പദ് വ്യവസ്ഥയെ, പൂര്‍ണമായ മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണ് കൊവിഡ് കാലം ചെയ്തത്. മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിക്ക് ഊര്‍ജമേകാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കൊവിഡും ലോക്ക്ഡൗണും ഇത്രയും വലിയ ആഘാതം സൃഷ്ടിക്കുമായിരുന്നില്ല. കൊവിഡും ലോക്ക്ഡൗണും വലിയ ആഘാതം സൃഷ്ടിച്ചതിന് ശേഷവും വിപണിയിലേക്ക് പണമെത്താന്‍ പാകത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടുന്നില്ല കേന്ദ്രം. വിവിധ വിഭാഗങ്ങള്‍ക്ക് ബേങ്ക് വായ്പാ സൗകര്യമൊരുക്കുക, പ്രൊവിഡന്റ് ഫണ്ട് വിഹിതം അടക്കുന്നതില്‍ ഇളവ് നല്‍കുക തുടങ്ങിയ തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ശ്രമം. അതുകൊണ്ട് തീരാവുന്നതല്ല രാജ്യം നേരിടുന്ന പ്രതിസന്ധിയെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തത്കാലം നരേന്ദ്ര മോദി സര്‍ക്കാറിനില്ല. ആയതിനാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് സാമ്പത്തിക പ്രതിസന്ധിയെ മറച്ചുപിടിക്കുക മാത്രമേ തരമുള്ളൂ. അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. ആപ്പുകള്‍ നിരോധിച്ച് ചൈനക്ക് തിരിച്ചടി നല്‍കിയെന്ന് ആഘോഷിക്കുകയും. അവിടെയും തീവ്ര ദേശീയത തിളപ്പിച്ചെടുക്കാമല്ലോ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest