Ongoing News
ഡോ. കഫീൽ ഖാന്റെ മോചനം

ഡോ. കഫീൽ ഖാനെ ഞാൻ ആദ്യമായി കാണുന്നത് ഒരു തണുത്ത രാത്രിയിലാണ്; ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ വെച്ച്. 2019 നവംബർ അവസാന വാരമായിരുന്നു അത്. ജെ എൻ യു വിദ്യാർഥികൾ ഫീസ് വർധനവിനെതിരെ സമരം നടത്തുന്ന സമയം. ജെ എൻ യു ക്യാമ്പസിലെ ഫ്രീഡം സ്‌ക്വയറിൽ വെച്ച് നടക്കു ന്ന സമരപരിപാടികളിലൊന്നിൽ പങ്കെടുത്ത് ഡോ. കഫീൽ ഖാൻ സംസാരിക്കുകയായിരുന്നു. വളരെ മനോഹരമായ പ്രസംഗം. ഏകദേശം രാത്രി പത്ത് മണിയായിക്കാണും. തണുത്തുറഞ്ഞ ആ രാത്രി തീക്ഷ്ണമായ ആശയങ്ങൾ അദ്ദേഹം പങ്കുവെക്കുമ്പോൾ കേൾക്കാൻ ചുറ്റുമുണ്ടായിരുന്നത് രാജ്യത്തെ തന്നെ ഉണർന്നിരിക്കുന്ന വിദ്യാർഥി യുവത്വം. “ഞാൻ ജെ എൻ യുവിലെ ഈ സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതു മുതൽ കേന്ദ്ര ഇന്റലിജൻസിൽ നിന്ന് പോലീസുകാർ വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. ഈ സമരത്തിൽ പങ്കെടുത്താൽ എെന്ന അറസ്റ്റ് ചെയ്യുമെന്നും പിൻമാറണമെന്നും അവർ എന്നോട് പറയുകയുണ്ടായി. പക്ഷേ, നമ്മുടെ ജനാധിപത്യം മരണശയ്യയിൽ കിടക്കുമ്പോൾ എനിക്കെങ്ങനെ ഇവിടെ വരാതിരിക്കാൻ സാധിക്കും?” നിറഞ്ഞ കൈയടിയോടെയായിരുന്നു ജെ എൻ യു ആ ധീരമായ തീരുമാനത്തെ, വാക്കുകളെ സ്വീകരിച്ചത്.
പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ ദേശസുരക്ഷാ നിയമപ്രകാരം (എൻ എസ് എ) ചുമത്തി യു പി സർക്കാർ ജയിലിലാക്കിയ ഡോ. കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ച വാർത്ത കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ജെ എൻ യു പ്രസംഗം ഓർമ വന്നത്. ജനുവരി 29ന് രാത്രി മുംബൈ എയർപോർട്ടിൽ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് പിന്നീട് കേൾക്കാൻ സാധിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി 2019 ഡിസംബർ 12ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നീണ്ട ഏഴ് മാസക്കാലത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം സ്വതന്ത്രനായിരിക്കുന്നു. ജനങ്ങളോട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനാണ് ഡോ. കഫീൽ ഖാൻ ആവശ്യപ്പെട്ടത് എന്നും അക്രമത്തിന് പ്രേരിപ്പിക്കാനല്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ഖാനെതിരെ ഉത്തർ പ്രദേശ് സർക്കാർ ചുമത്തിയ ദേശീയസുരക്ഷാ നിയമം റദ്ദാക്കിക്കൊണ്ടും അദ്ദേഹത്തെ ഉടൻ വിട്ടയക്കാൻ നിർദേശിച്ചു കൊണ്ടും പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗ് എന്നിവർ ഉൾപ്പെട്ട ബഞ്ച് ഇക്കാര്യം പറഞ്ഞത്. കഫീൽ ഖാനെതിരെ കേസെടുക്കാൻ കാരണമായി യോഗി ആദിത്യനാഥ് സർക്കാർ ചൂണ്ടിക്കാട്ടിയ പ്രസംഗം മുഴുവനായി ഉദ്ധരിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. “സർക്കാറിന്റെ നയങ്ങൾക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. അതാകട്ടെ, അദ്ദേഹത്തിന്റെതായ രീതിയിൽ വിശേഷണങ്ങളൊക്കെ ചേർത്താണ് സംസാരിച്ചത്. അതൊന്നും ഒരാളെയും കസ്റ്റഡിയിൽ വെക്കാൻ പര്യാപ്തമല്ല. ഡോ. കഫീൽ ഖാൻ നടത്തിയ പ്രസംഗം മുഴുവൻ കേട്ടാൽ അതിലൊരിടത്തും വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നില്ല. അലിഗഢിൽ ക്രമസമാധാനം തകർക്കാനും അതിൽ പറയുന്നില്ല. മറിച്ച് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം എന്നാണ് അതിൽ പറയുന്നത്. പ്രസംഗത്തിന്റെ യഥാർഥ ഉദ്ദേശ്യം അവഗണിച്ചു കൊണ്ട് അതിലെ ചില കാര്യങ്ങൾ മാത്രം തിരഞ്ഞെടുത്ത്, അതാണ് ജില്ലാ മജിസ്ട്രേറ്റ് കേസെടുക്കാനായി പരിഗണിച്ചത്”, കോടതി വ്യക്തമാക്കി.
നേരത്തേ, ഉത്തർപ്രദേശിൽ ഗോരഖ്പുരിലെ ബി ആർ ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ശിശുരോഗവിദഗ്ധനായ ഡോക്ടർ കഫീൽ ഖാനെ യു പി സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. മരണത്തോട് മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കി എന്നതായിരുന്നു അന്നത്തെ കുറ്റം. ഗോരഖ്പുരിലെ ബി ആർ ഡി മെഡിക്കൽ കോളജിലെ ദയനീയ സ്ഥിതി പുറത്തായതിനു തൊട്ടുപിന്നാലെയാണ് കഫീൽ ഖാനെ അകത്താക്കിയത്.
താൻ ഇനിയും രാജ്യത്തെ സേവിക്കാൻ പൊതുരംഗത്തുതന്നെയുണ്ടാകുമെന്നും ഡോ. കഫീൽ ഖാൻ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. തന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലാതിരുന്നതിന് നന്ദിയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. ജയിൽ മോചിതനായ ശേഷം ഡോ. കഫീൽ ഖാനുമായി നാഷനൽ ഹെറാൾഡ് ലേഖകൻ വിശ്വദീപക് നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: “ബി ജെ പി ഭരണത്തിൽ ജയിൽ എന്റെ രണ്ടാമത്തെ വീടായി മാറിയെന്ന് തോന്നുന്നു. ഉത്തർപ്രദേശിൽ ബി ജെ പി ഭരണം തുടങ്ങിയിട്ട് മൂന്നര വർഷമായി. അവർ തങ്ങളുടെ ഭരണത്തെ വിശേഷിപ്പിക്കുന്നതുതന്നെ രാമരാജ്യഭരണം എന്നാണ്. അവരുടെ തന്നെ ഭാഷ കടമെടുത്താൽ ഈ മൂന്നര വർഷത്തിനിടയിൽ രണ്ട് വർഷത്തോളം ഞാൻ രാമരാജ്യത്തെ ജയിലിലാണ് കഴിഞ്ഞത്. ഇനി അസാമിലെയും ബിഹാറിലെയും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിക്കാൻ പോകണം”.
എത്ര ധീരമായ വാക്കുകൾ. ജനാധിപത്യത്തിന് ഏറെ ആശ്വാസം നൽകുന്നു ഡോ. കഫീൽ ഖാന്റെ നിലപാടുകൾ. ജെ എൻ യുവിലെ ആ തണുത്തുറഞ്ഞ രാത്രിയിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു, “ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു സമരവും വെറുതെയാകില്ല. എത്രമേൽ അനീതി നമ്മുടെ രാജ്യത്തെ സമ്മർദത്തിലാക്കുന്നുവോ, അത്രമേൽ നമുക്ക് പ്രവർത്തിക്കാനുണ്ട്. പ്രതീക്ഷയുടെ പുലരി വരാതിരിക്കില്ല. ഭീഷണികൾക്കും അനീതിക്കും നാം വഴങ്ങാതിരിക്കുമ്പോൾ തന്നെ നാം വിജയിച്ചുകഴിഞ്ഞു.”