Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന് സര്‍ക്കാര്‍; തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെങ്കില്‍ യോജിക്കാമെന്ന് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായി ആവശ്യമുയരുന്ന പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍. എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന നിലപാടില്‍ തങ്ങളെത്തുമെന്നാണ് പ്രതിപക്ഷം പറയുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലുമുണ്ടാകുമെന്നും അതിനാല്‍ ഇരുതിരഞ്ഞെടുപ്പുകളും ഈ ഘട്ടത്തില്‍ വേണ്ടെന്നും പ്രതിപക്ഷം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്.

സംസ്ഥാനത്തിന്റെ നിയമസഭക്ക് ഇനി ആറ് മാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ ജയിക്കുന്ന സാമാജികര്‍ക്ക് അടുത്ത ഏപ്രിലിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുള്ളൂ. ഏപ്രില്‍ ആകുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതായത് പരമാവധി അഞ്ച് മാസമേ ചവറ, കുട്ടനാട് എം എല്‍ എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ഇതിനൊപ്പം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലവും തിരഞ്ഞെടുപ്പിന് ഭീഷണിയാണ്.

ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷം തങ്ങളുടെ തീരുമാനം ഇതുവരെ സര്‍ക്കാറിനെ അറിയിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ പ്രാഥമിക കണക്ക്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെുപ്പ് കമ്മിഷനെ അറിയിച്ചിട്ടുമുണ്ട്.

---- facebook comment plugin here -----

Latest