Connect with us

Articles

ഇത് രാഷ്ട്രത്തിന്റെ ഡിസ്‌ലൈക്കുകള്‍

Published

|

Last Updated

വ്യാജ ജനകീയത നിര്‍മിച്ചെടുക്കാന്‍ ബി ജെ പി കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നായിരുന്നു സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍. വ്യാജ നിര്‍മിതികളും ഫേക്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ബി ജെ പി നേതാക്കളെ ഉയര്‍ത്തിക്കാണിക്കുകയും പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് ബി ജെ പിയുടെ സൈബര്‍ പോരാളികള്‍ക്കുണ്ടായിരുന്ന ജോലി. ഇതിനായി ഡല്‍ഹിയില്‍ ബി ജെ പിക്ക് വലിയ സംവിധാനങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ പ്രാദേശിക ഭാഷയിലും പ്രത്യേക ആളുകളെ തൊഴിലാളികളായി നിയമിച്ച് പാര്‍ട്ടി ഇതിനായുള്ള സംവിധാനം നടപ്പാക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ബി ജെ പിയുടെ ഐ ടി സെല്ലാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഈ വ്യവസായത്തിന്റെ ഉത്പന്നമാണ്.

സോഷ്യല്‍ മീഡിയയെയും ബി ജെ പിയെയും ബന്ധപ്പെടുത്തി സുപ്രധാനമായ മൂന്ന് വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. വിദ്വേഷ പ്രചാരണം നടത്തുന്ന ബി ജെ പി നേതാക്കള്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന ആനുകൂല്യവും പ്രതിഷേധങ്ങളെത്തുടര്‍ന്നുള്ള നടപടിയുമാണ് ആദ്യത്തേത്. ഫേസ്ബുക്കിലെ ബി ജെ പിയുടെ പണമൊഴുക്കാണ് തൊട്ടു പിന്നാലെ വന്നത്. ഏറ്റവും ഒടുവിലത്തേത് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ തുടരുന്ന ഡിസ്‌ലൈക്ക് പ്രവാഹമാണ്. ഇവ മൂന്നും സൂക്ഷ്മമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. പണമൊഴുക്കിയിട്ടും സോഷ്യല്‍ മീഡിയ പോളിസിമേക്കേഴ്സിനെ വിലക്കെടുത്തിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ ഇത്ര ഡിസ്‌ലൈക്കുകള്‍ നിറയുന്നത് എന്നതാണ് പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇത് രാജ്യത്തിന്റെ പൊതുവികാരമാണോ? അതോ ബി ജെ പിയെ പോലെ അതേ തന്ത്രം മറ്റാരെങ്കിലും പ്രയോഗിച്ചു തുടങ്ങിയോ?

2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുന്നത് സോഷ്യല്‍ മീഡിയകള്‍ വഴി ബി ജെ പിയും അവരെ പിന്തുണക്കുന്ന കോര്‍പറേറ്റുകളും ചേര്‍ന്നൊരുക്കിയ തന്ത്രങ്ങളുടെ ഭാഗമായിട്ടുകൂടിയായിരുന്നു. അതിനാവശ്യമായ സംവിധാനങ്ങള്‍ കോര്‍പറേറ്റുകളും ബി ജെ പിയും ചേര്‍ന്ന് തയ്യാറാക്കി. വ്യാജ നിര്‍മിതമായ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരന്നൊഴുകി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വികസന നായകനായി പ്രതിഷ്ഠിക്കപ്പെട്ടു. ഗുജറാത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള നാടായി അവതരിപ്പിക്കപ്പെട്ടു. പാവം രാഹുല്‍ ഗാന്ധി അമൂല്‍ ബേബിയായി. വ്യാജമായ അക്കൗണ്ടുകള്‍ നിര്‍മിച്ച് ബി ജെ പി നിയോഗിച്ച തൊഴിലാളികളാണ് ഈ പ്രചാരണങ്ങള്‍ നടത്തിയിരുന്നത്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ഈ പ്രചാരണങ്ങള്‍ തകൃതിയായി നടന്നു. എന്നാല്‍, ബി ജെ പിയുടെ ഈ തന്ത്രം പിടിക്കപ്പെട്ടു. ട്വിറ്ററില്‍ മോദി പിന്തുടരുന്നവരില്‍ പകുതിയും വ്യാജന്മാരാണെന്ന് ട്വിറ്റര്‍ അധികൃതര്‍ വെളിപ്പെടുത്തി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വ്യാജ പ്രചാരണങ്ങള്‍ നടന്നുവെങ്കിലും പഴയത് പോലെ വ്യാപകമായില്ല. എന്നാല്‍ ബി ജെ പി നേതാക്കളും അണികളും സോഷ്യല്‍ മീഡിയ വഴി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഈ വിദ്വേഷ പ്രചാരണങ്ങളില്‍ ഫേസ്ബുക്ക് ഇന്ത്യ ഒരു നടപടിയും സ്വീകരിച്ചില്ല. ഫേസ്ബുക്കിന്റെ പിന്തുണയോടെയായിരുന്നു ബി ജെ പിയുടെ വിദ്വേഷ പ്രചാരണങ്ങള്‍ എന്ന് വിലയിരുത്തപ്പെട്ടു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടീവ്, ബി ജെ പിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും എതിരെ വിദ്വേഷ പ്രചാരണ നിയമങ്ങള്‍ പ്രയോഗിക്കുന്നതിനെ എതിര്‍ത്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്നതോടെ ഫേസ്ബുക്കിനെതിരെ പ്രതിഷേധം കടുത്തു. ബി ജെ പിയുമായി ബന്ധപ്പെട്ടതും ഹിംസാത്മകമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളില്‍ പങ്കാളിയാകുന്നതോ ആയ തരത്തില്‍ ഫ്ളാഗ് ചെയ്തതുമായ (ചുരുങ്ങിയത്) നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബി ജെ പി നേതാക്കളുടെ നിയമ ലംഘനങ്ങളില്‍ നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കുമെന്നും ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണ് ഇന്ത്യ എന്നും ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധം വ്യാപകമായതോടെ സുക്കര്‍ബര്‍ഗ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് അക്രമവും വിദ്വേഷവും അടങ്ങുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരായ നയം ലംഘിച്ചതിന് ബി ജെ പി. എം എല്‍ എ രാജാ സിംഗിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക് തടി രക്ഷപ്പെടുത്തി. നിയമ ലംഘകരെ വിലയിരുത്തുന്നതിനുള്ള പ്രക്രിയ വിപുലമാണെന്നും അതാണ് രാജാസിംഗിന്റെ അക്കൗണ്ട് നീക്കംചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും പ്രസ്താവനയില്‍ ഫേസ്ബുക്ക് പറഞ്ഞു. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലിമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് അധികൃതരെ വിളിപ്പിച്ചിരുന്നു. ഈ വിവാദം അടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ദാതാവ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയാണെന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ഫേസ്ബുക്കിലെ പരസ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കിയത് ബി ജെ പിയാണ്. 4.61 കോടി രൂപ. ഏറ്റവും വലിയ പരസ്യ ദാതാക്കളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള നാല് പരസ്യ ദാതാക്കളും ബി ജെ പിയുമായി ബന്ധമുള്ളവരാണ്. ഇതില്‍ മൂന്നെണ്ണം ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനം മേല്‍വിലാസമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ബി ജെ പി മാത്രം 4.61 കോടി രൂപ ചെലവാക്കുന്നതിന് പുറമെ ബി ജെ പിയുമായി ബന്ധമുള്ള കമ്മ്യൂണിറ്റി പേജുകളായ “മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി” 1.39 കോടി രൂപയും “ഭാരത് കി മന്‍ കി ബാത്ത്” 2.24 കോടി രൂപയും പരസ്യ ഇനത്തില്‍ ചെലവാക്കുന്നു. “നാഷന്‍ വിത്ത് നമോ” എന്ന ന്യൂസ് ആന്‍ഡ് മീഡിയ വെബ്‌സൈറ്റ് 1.28 കോടി രൂപയാണ് പരസ്യത്തിനായി നല്‍കുന്നത്. ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 0.65 കോടി രൂപയും പരസ്യത്തിനായി ഫേസ്ബുക്കിന് നല്‍കി.

ബി ജെ പിയുടെ എതിരാളിയും പ്രധാന പ്രതിപക്ഷവുമായ കോണ്‍ഗ്രസ് ചെലവാക്കിയത് ബി ജെ പി നേരിട്ട് ചെലവഴിച്ചതിന്റെ പകുതി പോലും വരില്ല. 1.84 കോടി രൂപയാണ് കോണ്‍ഗ്രസ് ഫേസ്ബുക്ക് വഴിയുള്ള പ്രചാരണത്തിന് നല്‍കിയത്. 2019 ഫെബ്രുവരി മുതല്‍ 2020 ആഗസ്റ്റ് 24 വരെയുള്ള കണക്കാണിത്. ഇതാണ് സോഷ്യല്‍ മീഡിയയെ ബി ജെ പി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്റെ നേര്‍ചിത്രം.

എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി യൂട്യൂബില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഡിസ്‌ലൈക്കുകളുടെ പ്രവാഹമാണ് അരങ്ങേറുന്നത്. ലോകത്തെ മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മോദിക്ക് അക്കൗണ്ടുകളുണ്ട്. ഇവയിലെല്ലാം ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. മുഖ്യധാരാ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവക്ക് പുറമെ ഡിസ്‌കവറി നെറ്റ്‌വര്‍ക്ക് സ്റ്റംബ്ലൂപ്പണ്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ നിരവധി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമന്ത്രിക്ക് അക്കൗണ്ടുകളുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യത്തോടെ പ്രധാനമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്നവയില്‍ ഒന്നാണ് യൂട്യൂബ് ചാനല്‍. ഈ ചാനലിലെ മോദിയുടെ പ്രസംഗങ്ങള്‍ക്ക് തുടര്‍ച്ചയായി ഡിസ്‌ലൈക്കുകളാണ് നിറയുന്നത്. കഴിഞ്ഞ ദിവസം ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഈ ചാനല്‍ വഴി സംപ്രേഷണം ചെയ്തതിലാണ് ഒടുവിലത്തെ ഡിസ്‌ലൈക്ക് പ്രളയം. തത്സമയ സംപ്രേഷണത്തില്‍ 12,000 ഡിസ്‌ലൈക്കുകളും 11,000 ലൈക്കുകളുമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഏറ്റവും അവസാനത്തെ മന്‍ കി ബാത്താണ് ഡിസ്‌ലൈക്ക് ഏറ്റവും കൂടുതല്‍ വാരിക്കൂട്ടിയത്. 2,12,000 ലൈക്കുകള്‍ക്കെതിരെ 2,84,000 ഡിസ്‌ലൈക്കുകളാണ് മന്‍ കി ബാത്തില്‍ നേടിയത്. കഴിഞ്ഞയാഴ്ചയില്‍ ഐ പി എസ് പ്രൊബേഷണര്‍മാരുമായുള്ള ആശയവിനിമയത്തിന്റെ സംപ്രേഷണത്തിനും സമാനമായ പ്രതികരണം ലഭിച്ചു. ഇത് 29,000 ഡിസ്‌ലൈക്കുകളും 28,000 ലൈക്കുകളും നേടിയിരുന്നു. രാജ്യത്തിന്റെ പൊതു വികാരമായിട്ടാണ് മാധ്യമങ്ങള്‍ ഈ നീക്കത്തെ വീക്ഷിക്കുന്നത്. നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്രം തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ക്ക് തുടര്‍ച്ചയായി കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ വീഴുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ സംസാരിക്കാതെ പൗരന്മാര്‍ക്ക് ഒരാവശ്യവുമില്ലാത്ത കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുന്നുവെന്നതാണ് ഡിസ്‌ലൈക്ക് പ്രവാഹത്തിന് പിന്നിലെ കാരണങ്ങളിലൊന്ന്. ഇക്കാര്യം പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ക്ക് താഴെയായി വരുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നുമുണ്ട്. ജോലി നഷ്ടപ്പെട്ടു, ദാരിദ്ര്യം വര്‍ധിച്ചു, ശമ്പളം വെട്ടിക്കുറച്ചു… ദയവായി അത്തരം വിഷയങ്ങളില്‍ സംസാരിച്ച് പരിഹാര നടപടി സ്വീകരിക്കൂ തുടങ്ങിയ കമന്റുകളാണ് കൂടുതലായി വരുന്നത്. നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനലിനെതിരെ കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തുന്ന നീക്കമാണിതെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ഇതിന് പിന്നില്‍ സംഘടിതമായ കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് ബി ജെ പി വക്താവ് ബിസെ സോങ്കര്‍ ശാസ്ത്രി പറയുന്നു. നിലവില്‍ ഇന്ത്യയില്‍ ഇല്ലാത്ത വ്യക്തികളില്‍ നിന്നാണ് ഡിസ്‌ലൈക്കുകള്‍ കൂടുതല്‍ ഉള്ളത്. ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് പോലും ഡിസ്‌ലൈക്കുകള്‍ ഉണ്ടെന്ന തമാശയും ശാസ്ത്രി പറയുന്നുണ്ട്. മന്‍ കി ബാത്ത് വീഡിയോയില്‍ രണ്ട് ശതമാനം ഡിസ്‌ലൈക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളതെന്നും ബാക്കി 98 ശതമാനവും പുറത്തു നിന്നാണെന്നും ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്നും ബി ജെ പി. ഐ ടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഒരു ജനതക്ക് വിവേകം ഉദിച്ചതാണോ അതോ നരേന്ദ്ര മോദിയെ പോലെ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്ന ചോദ്യം ശേഷിക്കുന്നുണ്ട്. അതിനപ്പുറം, നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയാണ് ഡിസ്‌ലൈക്ക് പ്രവാഹത്തിലൂടെ രാജ്യം തിരിച്ചറിയുന്നത്.

---- facebook comment plugin here -----

Latest