Ongoing News
ഭൂമിക്ക് പുറത്ത് വൈറസുകളുടെ സാന്നിധ്യം തേടി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക് | മറ്റ് ഗ്രഹങ്ങളില്‍ ബാക്ടീരിയ, ഫംഗി അടക്കമുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം നേരത്തേ തന്നെ ആസ്‌ട്രോബയോളജിസ്റ്റുകള്‍ അന്വേഷിക്കുന്നുണ്ട്. ബഹിരാകാശ നൂറ്റാണ്ടിന്റെ തുടക്കത്തോളം ഈ അന്വേഷണത്തിന് പഴക്കമുണ്ട്. ഇപ്പോള്‍ ആ അന്വേഷണം വൈറസിലേക്ക് മാറ്റിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
നാസയുടെ വൈറസ് ഫോക്കസ് ഗ്രൂപ്പ് ആണ് ഈ അന്വേഷണത്തിന് പിന്നില്‍. വൈറോളജിയിലെ കണ്ടെത്തലുകള്‍ ആസ്‌ട്രോബയോളജിയില്‍ സംയോജിപ്പിക്കുകയാണ് നാസ വൈറസ് ഫോക്കസ് ഗ്രൂപ്പ്. പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവം, പരിണാമം, വിതരണം എന്നീ പഠനങ്ങളില്‍ കേന്ദ്രീകരിക്കുന്നതാണ് ആസ്‌ട്രോബയോളജി.
സൗര സംവിധാനത്തില്‍ എവിടെയെങ്കിലുമുള്ള വൈറസുകള്‍ ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിനും പരിണാമത്തിനും സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ചൊവ്വ, ശുക്രന്‍ പോലുള്ള ഗ്രഹങ്ങളിലോ വ്യാഴം, ശനി എന്നിവയുടെ ഉപഗ്രഹങ്ങളിലോ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരുള്ളത്. ഭൂമിയിലെ സൂക്ഷ്മാണുക്കളുടെ എണ്ണം പെരുപ്പിക്കുന്നതും മാറ്റംവരുത്തുന്നതും വൈറസുകളാണ്.