Connect with us

Fact Check

FACT CHECK: പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ കേരളത്തില്‍ നിന്നാണെന്ന് പ്രചാരണം; സംസ്ഥാനത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായത് ഇതുകൊണ്ടാണെന്നും വാദം

Published

|

Last Updated

ലക്‌നോ | കേരളത്തില്‍ നിന്നാണെന്ന തരത്തില്‍ പെണ്‍കുട്ടിയെ ഒരാള്‍ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണയാണെന്നും ഇതിനാലാണ് ഇവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളായതെന്നും വാദിക്കുന്നു, വീഡിയോ പ്രചരിപ്പിക്കുന്നവര്‍.

അവകാശവാദം: രണ്ട് ദിവസം മുമ്പാണ് ഒരു ട്വിറ്റര്‍ യൂസര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ പീഡനത്തിന്റെ കേരളത്തില്‍ നിന്നുള്ള ഏക വീഡിയോ അല്ല ഇത്. ഇത്തരം സംഭവങ്ങള്‍ അവിടെ സാധാരണയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാലാണ് ഇതെന്നും വീഡിയോടൊപ്പം ഹിന്ദിയിലുള്ള കുറിപ്പില്‍ പറയുന്നു.

സുപ്രീം കോടതി അഭിഭാഷകനും ബി ജെ പി വക്താവുമായ ഗൗരവ് ഭാട്ടിയ പോലും ഇത് റിട്വീറ്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ഭാട്ടിയ റിട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലും ഇത് വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

യാഥാര്‍ഥ്യം: 2017 സെപ്തംബറില്‍ ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയില്‍ കണിഗിരിയിലാണ് ഈ സംഭവമുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയും ദി ഹിന്ദുവും ഇതുസംബന്ധിച്ച് വാര്‍ത്ത കൊടുത്തിരുന്നു. 19കാരിയായ വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്ത് സായ് പീഡിപ്പിക്കുകയായിരുന്നു. സായിയുടെ സുഹൃത്തുക്കളായ കാര്‍ത്തികും പവനും ആണ് വീഡിയോ എടുത്തത്.

മാത്രമല്ല, കേരളത്തില്‍ ന്യൂനപക്ഷമല്ല മറിച്ച് ഭൂരിപക്ഷമാണ് ഹിന്ദുസമൂഹം. 2011ലെ സെന്‍സസ് പ്രകാരം 54.7 ശതമാനം ആണ് ഹിന്ദുജനസംഖ്യ. തൊട്ടുപിന്നിലുള്ള മുസ്ലിംകളുടെത് 26.5 ശതമാനമാണ്. മൂന്നാമതുള്ള ക്രിസ്ത്യാനികള്‍ 18.3 ശതമാനവും.

Latest