Ongoing News
പുറത്തിറങ്ങിയെങ്കിലും അലനും ത്വാഹക്കും മേൽ ചാരക്കണ്ണുകൾ
കോഴിക്കോട് | പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലൻ ശുഐബ്, ത്വാഹാ ഫസൽ എന്നിവർ എൻ ഐ എ പ്രത്യേക കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥ അനുസരിച്ച് പുറത്തിറങ്ങിയെങ്കിലും പോലീസിന്റെ ചാരക്കണ്ണുകൾ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഇരുവരും മാവോയിസ്റ്റ് സംഘടനയുമായോ അതുമായി ബന്ധപ്പെട്ടവരുമായോ അടുപ്പം പുലർത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള കോടതിയുടെ നിർദേശം ഇവരെ പിന്തുടരാനുള്ള അനുവാദമായി പോലീസ് വിനിയോഗിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകരെ യു എ പി എ ചുമത്തി ജയിലിൽ അടക്കുന്നതിന് സി പി എം എതിരാണെന്ന്, വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ മറപിടിച്ച് 2004-ൽ ഭേദഗതി വരുത്തിയ ശേഷം രാജ്യത്ത് കരിനിയമമായാണ് യു എ പി എ പ്രവർത്തിക്കുന്നത്. മുസ്‌ലിം, ദളിത്, പിന്നാക്ക ജീവിതങ്ങളെ തുറുങ്കിലിടാനും പേടിപ്പെടുത്താനുമുള്ള നിയമം എന്ന നിലയിൽ സ്വാഭാവിക നീതിയെ അട്ടിമറിക്കുന്ന നിരവധി സംഭവങ്ങളാണ് ഇതിന്റെ മറവിൽ രാജ്യത്തുണ്ടായത്.
ക്രിമിനൽ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാകുമ്പോൾ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളുന്നു. ഇങ്ങനെ കുറ്റപത്രം പോലും സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാമെന്ന വ്യവസ്ഥയാണ് ആദ്യത്തെ വേട്ടയാടൽ. കുറ്റപത്രം സമർപ്പിച്ചാൽ അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളുന്നു. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് പിന്നീടുള്ള വേട്ട.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കാൻ കഴിയില്ല എന്നതിനാൽ ഈ നിയമം പോലീസിനും അന്വേഷണ ഏജൻസികൾക്കും നീതീകരണമില്ലാത്ത പരിരക്ഷ നൽകുന്നു. നിയമവിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാം എന്ന ഈ നിയമത്തിന്റെ സാധ്യത ഉപയോഗിച്ചാണ് പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ കൈവശം വെച്ചതിനുമെല്ലാം യു എ പി എ ചുമത്താൻ കഴിയുന്നത്.
അലൻ, ത്വാഹ സംഭവത്തോടെയാണ് കേരളത്തിൽ യു എ പി എ വലിയ ചർച്ചകൾ ഉയർത്തിവിട്ടത്. 2016-ൽ രമേശ് ചെന്നിത്തല നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 134 കേസുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം യു എ പി എ പുനപ്പരിശോധിക്കാൻ നിയോഗിച്ച ഗോപിനാഥൻ പിള്ള സമിതിക്ക് ഒരു ഉപദേശക അധികാരം മാത്രമേ നൽകിയുള്ളൂ എന്ന് പരാതി ഉയർന്നു.
ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇരുപതോളം യു എ പി എ കേസുകളാണ് സംസ്ഥാനത്ത് ചുമത്തപ്പെട്ടത്.
സംഘടനാ അംഗത്വമോ ആശയ പ്രചാരണമോ ലഘുലേഖകൾ കൈയിൽ വെക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകൃത്യമല്ലെന്ന്് കോടതികൾ പറഞ്ഞിട്ടുണ്ട്. അനൂപ് ബുയാനും അസം സർക്കാറും തമ്മിലുള്ള കേസിൽ മാർക്കണ്ഡേയ കട്ജു അടക്കമുള്ള ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അക്രമ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചാൽ മാത്രമേ പ്രസംഗങ്ങൾ, ലഘുലേഖകൾ എന്നിവ കേസിന് കാരണമാകൂ എന്നായിരുന്നു വിധി.
2019 നവംബർ മൂന്നിനാണ് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അലനേയും ത്വാഹയേയും അറസ്റ്റ് ചെയ്തത്. കേസിൽ യു എ പി എ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് ആദ്യം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും വ്യക്തമാക്കുകയായിരുന്നു. യു എ പി എ ചുമത്തിയതിനാൽ കേസ് എൻ ഐ എ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ഇതേത്തുടർന്ന് സർക്കാറുമായി ആലോചിക്കാതെ കേസ് എൻ ഐ എ ഏറ്റെടുത്തു.
യു എ പി എ നിയമം കർക്കശമാക്കാനുള്ള ഭേദഗതികൾ 2008ൽ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം എതിർത്തിരുന്നു. ഈ കരിനിയമത്തിനെതിരെ സി പി എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്്. എന്നിട്ടും കേരളത്തിൽ രണ്ട് വിദ്യാർഥികൾക്ക് നേരെ ഇത്തരം കേസ് ചുമത്തപ്പെട്ടത് വലിയ വിവാദത്തിനിടയാക്കി. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകണമെന്ന എം എ ബേബിയുടെ നിർദേശം ഉൾപ്പെടെ ഉൾക്കൊണ്ട് അലനും ത്വാഹക്കും ഇനിയെങ്കിലും പരിഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്ന ചോദ്യമാണ് ഉയർന്നു നിൽക്കുന്നത്.