Ongoing News
രണ്ടില രണ്ട് കൂട്ടർക്കുമില്ല: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ
കൊച്ചി | കേരളാ കോൺഗ്രസ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ. വിശദമായ വാദം കേൾക്കുന്നതിനായി ഒക്ടോബർ ഒന്നിലേക്ക് മാറ്റി വച്ചു. പി ജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടക്കാല സ്റ്റേ നൽകി ഹർജി ഫയലിൽ സ്വീകരിക്കണമെന്ന ജോസഫിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നതിനു മാറ്റിവച്ചു.
പാർട്ടി ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണെന്നും ജോസ് കെ മാണിയുെടെ വാദങ്ങൾ വസ്തുതാ വിരുദ്ധവുമാണെന്നും പി ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചതെന്നായിരുന്നു ജോസഫിന്റെ പരാതി. 450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടെന്നുമായിരുന്നു ജോസ് കെ മാണിയുടെ വാദം. ഈ യോഗം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫ് ഹർജിയിൽ പറയുന്നു.
രണ്ടില ചിഹ്നം ലഭിച്ചതിനു പിന്നാലെ ഇടതുപക്ഷത്തേക്കുള്ള ജോസ് പക്ഷത്തിന്റെ പ്രവേശനത്തിന് സാധ്യതകളേറിയിരുന്നു. എന്നാൽ ജോസഫ് വിഭാഗത്തിന് ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഉത്തരവ്.