Kerala
നിയമസഭയിൽ 50ന്റെ നിറവിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്
കോട്ടയം | കേരള നിയമസഭയിൽ ചരിത്രനേട്ടത്തോടെ ഉമ്മൻ ചാണ്ടി നിൽക്കുമ്പോൾ പുതുപ്പള്ളിക്കാരുടെ മനസ്സിൽ അടങ്ങാത്ത സന്തോഷമാണ്. ഈ മാസം 17ന് നിയമസഭയിൽ എം എൽ എയായി 50 വർഷം തികക്കുകയാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് എല്ലാവരുടെയും ഉമ്മൻ ചാണ്ടി സാറായതും ചരിത്ര നേട്ടം കൈവരിക്കുന്നതും പുതുപ്പള്ളിയിലെ ജനങ്ങളുടെ അകമഴിഞ്ഞ സ്‌നേഹത്തിലൂടെയാണ്.
1970ൽ തുടങ്ങിയതാണ് പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം. തന്റെ 27 ാമത്തെ വയസ്സിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കന്നി മത്സരം സി പി എമ്മിന്റെ സിറ്റിംഗ് സീറ്റിൽ. മാത്രമല്ല അന്ന് സംഘടനാ കോൺഗ്രസും ഇന്ദിരാ കോൺഗ്രസുമായി പാർട്ടി രണ്ടായി നിൽക്കുന്ന സമയം. ഈ പ്രതിസന്ധിഘട്ടത്തിൽ പുതുപ്പള്ളിയിലെ യുവാക്കളും ജനങ്ങളും ഉമ്മൻ ചാണ്ടിക്ക് വേണ്ടി തെങ്ങിൻ ചിഹ്നത്തിൽ വോട്ട് ചെയ്തു. ഫലം വന്നപ്പോൾ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി ആയിരുന്ന എം ജോർജിനെ 7,258 വോട്ടിന് പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് കാലെടുത്തു വെച്ചു.
പിന്നീട് 2016 വരെയുള്ള 11 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞിനെ അല്ലാതെ മറിച്ചാരെയും സങ്കൽപ്പിക്കാൻ സാധിക്കാതെ വിരലിൽ മഷി പുരട്ടി. പുതുപ്പള്ളി പിടിച്ചെടുക്കാൻ മറ്റ് മുന്നണികൾ എല്ലാ തിരഞ്ഞെടുപ്പിലും ശ്രമിച്ചിട്ടും പുതുപ്പള്ളി വൻ ഭൂരിപക്ഷം നൽകിയും കുറച്ചും കൈവിടാതെ ഉമ്മൻ ചാണ്ടിയെ കാത്തുപിടിച്ചു.
രാഷ്ട്രീയ ജീവിതത്തിൽ തിരക്കുകൾ വർധിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയെങ്കിലും എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഉമ്മൻ ചാണ്ടി ഹാജരാകും. ആ ഞായറാഴ്ചകൾ പുതുപ്പള്ളിയിലെ തന്റെ ജനങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. രാവിലെ മുതൽ പല ആവശ്യങ്ങൾക്കായും പരാതികളുമായും ജനപ്രവാഹമാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക്. പൊതുപ്രവർത്തന രംഗത്തെ വേറിട്ട വ്യക്തിവൈഭവം കൊണ്ട് ജനകീയ നേതാവായി മാറിയ ഉമ്മൻ ചാണ്ടി പ്രായഭേദമന്യേഎല്ലാവരുടെയും ഹൃദയം കീഴടക്കി മുന്നേറുകയാണ്.
സുവർണ ജൂബിലി ആഘോഷം 17ന്
അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ ജനപ്രതിനിധി ആയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം “സുകൃതം, സുവർണം” എന്ന പേരിൽ 17ന് കോട്ടയത്ത് നടക്കും.
കൊവിഡ് മാനദണ്ഡങ്ങൾ മാനിച്ചുകൊണ്ട് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങ് സൂം ആപ്പിലൂടെ സോണിയാ ഗാന്ധി ഉദ്ഘാടനം നിർവഹിക്കും.