Connect with us

Articles

അതിവേഗപ്പകര്‍ച്ച വെല്ലുവിളിയുയര്‍ത്തും

Published

|

Last Updated

കൊറോണ വൈറസ് പരത്തുന്ന രോഗം ലോകത്തെ ഭയപ്പെടുത്തുകയാണ്. രോഗം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. ഇതുവരെ 213 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം തടയുക എന്നത് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു. ആരോഗ്യ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയ രാജ്യങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് 19നെ കുറച്ചെങ്കിലും തടയാനും പിടിച്ചു നിര്‍ത്താനും കഴിയുന്നത്. വ്യക്തികള്‍ ശുചിത്വം പാലിച്ചാല്‍ മാത്രം പോരാ, ഓരോ ചെറിയ, വലിയ സമൂഹവും രോഗത്തെ നേരിടുന്നതില്‍ അച്ചടക്കം പുലര്‍ത്തണം. യാത്രകള്‍, ആശുപത്രി സന്ദര്‍ശനം, ചടങ്ങുകളില്‍ പങ്കെടുക്കല്‍, മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കല്‍, ചന്തയില്‍ പോകല്‍, ജോലി ചെയ്യല്‍ തുടങ്ങി അനുദിന ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്ന ഓരോ വ്യക്തിയും രോഗ പ്രതിരോധത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗ വ്യാപനം പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക് കുതിച്ചു ചാടുമെന്ന് ഇന്ത്യയിലെയും കേരളത്തിലെയും കൊവിഡ് വ്യാപന കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗത്തെ നേരിടാന്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങാന്‍ ഇനിയും ആറ് മാസമെങ്കിലും വേണമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് 2021 പകുതിയെങ്കിലുമാകണം കൊവിഡ് 19 പേടിയില്ലാതെ ജീവിക്കാന്‍ എന്ന് സാരം.

ലോകത്ത് ഇതുവരെ 2,80,25,181 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഈ സംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മരണ സംഖ്യയും ഉയരുകയാണ്. ഇതുവരെ 9,08,000 പേര്‍ മരിച്ചു. രോഗം മാറിയവരുടെ എണ്ണം 2,01,03,385 ആണ്. ലോകത്ത് രോഗം ബാധിച്ചവരില്‍ നല്ലൊരു ശതമാനവും രോഗ വിമുക്തരായിട്ടുണ്ട്. അതായത് രോഗം മാറിയവര്‍ 96 ശതമാനവും മരിച്ചവര്‍ നാല് ശതമാനവും ആണ്.

ഭൂമുഖത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അമേരിക്കയിലാണ്. അമേരിക്കയില്‍ 65,49,475 രോഗികളുണ്ട്. ഇതുവരെ 1,95,239 പേര്‍ ഈ രോഗം മൂലം മരിച്ചു. അവിടെ ആകെ ജനസംഖ്യ 33,13,78,104ഉം രോഗം മാറിയവരുടെ എണ്ണം 38,46,095ഉം ആണ്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയുടെ പിറകില്‍ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 44,65,863 പേര്‍ക്ക് രോഗം ഉണ്ട്. മരണസംഖ്യ 75,091. രോഗം വന്നവരില്‍ 34,71,783 പേര്‍ സുഖം പ്രാപിച്ചു. നമ്മുടെ ജനസംഖ്യ 138,26,04367 ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ ആനുപാതികമായി നോക്കുമ്പോള്‍ ഇന്ത്യയില്‍ മരണ നിരക്ക് കുറവാണ്. ബ്രസീലില്‍ 41,99,332 പേര്‍ക്ക് രോഗമുണ്ട്. മരിച്ചവര്‍ 1,28,653 ആണ്. രോഗം ഭേദമായവര്‍ 34,53,336 ആണ്. ഇവിടുത്തെ ജനസംഖ്യ 21,28,50,840 മാത്രമാണ്. ചൈനയില്‍ ജനസംഖ്യ 143,93,23,776. രോഗം ബാധിച്ചത് 85,153 പേര്‍ക്കും രോഗം മാറിയവര്‍ 80,358ഉം മരിച്ചവര്‍ 4,634ഉം ആണ്.

ഇന്ത്യയില്‍ രോഗം അതിവേഗം പടരുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ കുറവാണെങ്കിലും രോഗികളുടെ എണ്ണം പെരുകുകയാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. നമ്മുടെ നാട്ടില്‍ രോഗം അതിവേഗം പടരുന്നത് കൂടുതലും അജ്ഞത കൊണ്ടും അച്ചടക്കക്കുറവ് കൊണ്ടും നിയമ ലംഘനങ്ങള്‍ മൂലവുമാണ്. മാസ്‌ക് ധരിക്കുന്നതിലെ അപാകത, റൂം ക്വാറന്റൈന്‍ ചെയ്യുന്നതിലെ അശാസ്ത്രീയത, ശരിയായി കൈകള്‍ സോപ്പുപയോഗിച്ച് കഴുകാതിരിക്കുക, രോഗമുള്ളവരുടെ സ്രവങ്ങള്‍ രോഗമില്ലാത്തവരില്‍ എത്തുന്ന അവസ്ഥ, ഒരാള്‍ ഉപയോഗിച്ച മാസ്‌ക്, ഗ്ലൗസ്, പാത്രങ്ങള്‍, തോര്‍ത്ത്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, കിടക്ക, തലയിണ തുടങ്ങിയവ മറ്റൊരാള്‍ ഉപയോഗിക്കുക തുടങ്ങി നിസ്സാരമാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കുന്നത് രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. രോഗികള്‍ ഇരുന്ന സീറ്റ് അണുവിമുക്തമാക്കാതെ മറ്റൊരാള്‍ ഇരിക്കുന്നു, രോഗികളുമായുള്ള സമ്പര്‍ക്കം കൂടുന്നു, രോഗികളും ലക്ഷണമില്ലാത്ത രോഗബാധ ഉള്ളവരും വിദേശത്ത് നിന്ന് വന്നവരും നിയമങ്ങള്‍ ലംഘിച്ച് സമൂഹത്തില്‍ യാത്രകള്‍ നടത്തുന്നു, ചന്തകളില്‍ കയറിയിറങ്ങുന്നു, വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നു… രോഗം പടര്‍ന്നുപിടിക്കാന്‍ മറ്റു കാരണങ്ങള്‍ അന്വേഷിച്ച് നടക്കേണ്ടതില്ലെന്ന് സാരം.

ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുന്നത് രോഗം വരാനുള്ള അവസ്ഥ ഇല്ലാതായതിനാലാണെന്ന തെറ്റായ സന്ദേശം പ്രാദേശിക സമൂഹങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് രോഗം വരാതിരിക്കാനുള്ള മിനിമം ശ്രദ്ധ പോലും ചിലര്‍ കാണിക്കുന്നില്ല. എവിടെ പോയാലും മറ്റുള്ളവരുമായി തൊട്ടുരുമ്മിയും കൈ കൊടുത്തും ആലിംഗനം ചെയ്തും സാമൂഹിക ഇടപെടല്‍ നടത്തുന്നതില്‍ ഈ കൊവിഡ് കാലത്തും ആര്‍ക്കും ഒരു സങ്കോചവുമില്ല. സാമൂഹിക അകലം എന്നത് വലിയ ബാധ്യതയായി കണക്കാക്കണം. പൊതു സ്ഥലങ്ങളില്‍ മൂക്ക് ചീറ്റുന്നതിനും തുപ്പുന്നതിനും വിയര്‍ത്തു കുളിച്ച ശരീരവുമായി മറ്റുള്ളവരെ സ്പര്‍ശിക്കുന്നതിനും ആര്‍ക്കും ഇനിയും ഒരു മടിയുമില്ല. പിറന്നാള്‍ ആഘോഷങ്ങള്‍, കല്യാണം, മരണ ആവശ്യങ്ങള്‍, ആരാധനാ ആചാരങ്ങള്‍, ക്ലബ്ബ് മീറ്റിംഗുകള്‍, കള്ളുപാര്‍ട്ടികള്‍, റെസിഡന്‍ഷ്യല്‍ മീറ്റിംഗുകള്‍, പ്രാദേശിക കവലകളിലെ ഒത്തുകൂടല്‍, ചന്തകള്‍, പ്രതിഷേധ സമരങ്ങള്‍ എന്നിവയില്‍ കൂട്ടം കൂട്ടമായി പങ്കെടുക്കുന്നതില്‍ ആര്‍ക്കും ഒരു മടിയുമില്ലാതായിരിക്കുന്നു. കവല പ്രസംഗങ്ങളിലും പത്ര സമ്മേളനങ്ങളിലും ഉപയോഗിക്കുന്ന മൈക്രോഫോണ്‍ രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. വ്യത്യസ്ത ആളുകളുടെ രോഗാണു സാധ്യതയുള്ള തുപ്പല്‍ മൈക്രോഫോണില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാലാണിത്.

പുതുതായി കൊറോണ രോഗം വന്നവരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ രൂപപ്പെട്ടുവരുന്ന അവസ്ഥയിലായിരിക്കും. ചിലര്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കില്ല. എന്നിരുന്നാലും രോഗം പകര്‍ത്താന്‍ ഇത്തരക്കാര്‍ക്ക് കഴിയുമെന്നത് സത്യമാണ്. കൊറോണ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഇതു വരെയും ഒരു ആന്റിബയോട്ടിക്കോ വാക്‌സിനോ ഫലപ്രദമായി ലോകത്ത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്ന വസ്തുത നാം മനസ്സിലാക്കണം. രോഗം പകരുന്നത് തടയണമെങ്കില്‍ വ്യക്തിപരമായും സാമൂഹികമായും മാറ്റം വേണം. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അതീവ ശ്രദ്ധാലു ആയിരിക്കണം. മീറ്റിംഗുകള്‍ കഴിവതും വീഡിയോ കോണ്‍ഫറന്‍സിംഗ് രീതിയിലാകണം. പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കണം. കോടതി വ്യവഹാരങ്ങള്‍, സെമിനാറുകള്‍, വ്യാപാരം എന്നിവയെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തണം. സമ്പര്‍ക്കം വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറക്കാനാകൂ. രോഗം വരാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തര്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും ലോകത്തിനും അത്യന്താപേക്ഷിതമാണ്.