Connect with us

Gulf

ജാഗ്രത തുടരുക, അതിജയിക്കാനാവും

Published

|

Last Updated

ഭീതി വേണ്ട, അതിജയിക്കാനാവും

മനുഷ്യോൽപത്തി മുതൽ അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് പ്രതിസന്ധികൾ ഉണ്ടാകും എന്നത് സത്യമാണ്. മനുഷ്യൻ ഗർഭാവസ്ഥയിൽ കഴിയുമ്പോഴും മരണാനന്തരജീവിതത്തിൽ സ്വർഗീയ സുഖം അനുഭവിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത്തരം പ്രതിസന്ധികൾ ഉണ്ടാകാതിരിക്കൂ. പ്രതികൂലാവസ്ഥയിലൂടെ നീങ്ങുമ്പോൾ നമ്മെ നിരാശ  പിടികൂടാൻ പാടില്ല. പ്രതിസന്ധികൾക്കൊപ്പം മുന്നേറുക എന്നതാണ് ആർജിച്ചെടുക്കേണ്ട അതിജീവനപാഠം. പ്രതിസന്ധികൾക്കൊപ്പം ജീവിക്കാനുള്ള ദൃഢനിശ്ചയം എടുത്താൽ ജീവിതം തടസമില്ലാതെ മുന്നോട്ടു പോകും. അതോടൊപ്പം, ഭരണകൂടവും ആരോഗ്യ വിഭാഗവും മുന്നോട്ടുവെക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണം.

1918-21 കാലഘട്ടത്തിലുണ്ടായ സ്പാനിഷ് ഫ്‌ളൂ അഞ്ചു കോടി ജനങ്ങളുടെ ജീവനെടുത്ത മഹാമാരിയായിരുന്നു. 150 കോടി ജനങ്ങൾ ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്. ഇന്ന് 800 കോടിക്കടുത്ത് ആളുകളുണ്ട്. കൊറോണ മഹാമാരി മൂലം ഇതുവരെ ഏതാണ്ട് എട്ട് ലക്ഷം ആളുകളാണ് മരണപ്പെട്ടത്. ഭീഷണിയെ ചെറുതായി കാണുന്നില്ല. രോഗവ്യാപനത്തിനു പ്രധാന കാരണം ജനങ്ങൾ ജാഗ്രതയോടു കൂടി പ്രവർത്തിക്കുന്നില്ല എന്നതാണ്. കേരളത്തിൽ മൺസൂൺ കാലഘട്ടം  സാധാരണ വിവിധ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയമാണ്. വർഷകാലങ്ങളിൽ ഇത്തരം രോഗങ്ങൾ വർധിച്ചു വരാറുണ്ട്. പൂർണശുചിത്വം പാലിക്കുകയാണ് വേണ്ടത്. വീടുംപരിസരവും എല്ലാവിധ മാലിന്യങ്ങളിൽ നിന്നും മുക്തമാകണം. ഇതോടൊപ്പം മനസ്സും ശരീരവും ശുദ്ധമാകണം. വെറുപ്പും വിദ്വേഷവും ഉണ്ടാകരുത്. ഭാര്യ, സന്താനങ്ങൾ, അയൽവാസികൾ, നാട്ടുകാർ തുടങ്ങി എല്ലാവരോടും നമ്മുടെ സമീപനം നല്ലതാകണം. ആരോഗ്യമുള്ള മനസ്സിലെ ആരോഗ്യമുള്ള ശരീരം ഉണ്ടാകൂ. ഇപ്പോഴത്തെ മഹാമാരിയിൽ പ്രായം കൂടിയവരാണ് മരിച്ചവരിലേറെയും. കുട്ടികളുടെ എണ്ണം കുറവാണ്. കാരണം വിശകലനം ചെയ്തപ്പോൾ കുട്ടികൾക്കിടയിൽ ടെൻഷൻ കുറവായിരുന്നു എന്നതാണ് മനസ്സിലാക്കാനായത്. അനാവശ്യ ഭീതി നമ്മെ പിടികൂടുമ്പോഴാണ് രോഗങ്ങൾ വർധിക്കുന്നത്. ഉൽക്കണ്ഠയും ആധിയും മാറ്റിവെക്കാം. പ്രപഞ്ചനാഥൻ നൽകിയ ആരോഗ്യവും നിശ്ചയിച്ച ആയുസ്സും ലഭിച്ച സൗകര്യങ്ങളിലും സന്തുഷ്ടി രേഖപ്പെടുത്തി കഴിയുമ്പോൾ ഏതു പ്രതിസന്ധികൾക്കും ശമനമുണ്ടാകും.

ഗുണകരമായി പരിവർത്തിപ്പിച്ച കാലം

ലോക്ഡൗൺ കാലഘട്ടത്തെ ഗുണകരമായി ഉപയോഗിക്കാനായതിൽ സന്തോഷം ഏറെയുണ്ട്. ഒരുപാട് കാര്യങ്ങൾ ഈ സമയത്ത് നിർവഹിക്കാനായി.  പലപ്പോഴും വിദേശയാത്രകളിലൊക്കെ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അങ്ങിനെ ഉണ്ടാകുന്നില്ല.  ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ അടഞ്ഞു കിടക്കുന്നു എന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആണ് വിഷമിപ്പിച്ചത്. ഈ രണ്ടു പ്രയാസങ്ങൾക്കിടയിലും മറ്റു ചില സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്. ആ രീതിയിലായിരിക്കണം എല്ലാവരും ചിന്തിക്കേണ്ടത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ആത്മീയ സംഗമങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ടുപോകാൻ മഅ്ദിൻ അക്കാദമിക്കു സാധിക്കുകയുണ്ടായി. മാർച്ച് 25 ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും ലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിച്ചു നിർത്തിയത് ഓൺലൈൻ ഫ്‌ളാറ്റ്‌ഫോമുകളിലൂടെയാണ്. വിശുദ്ധ ദിനങ്ങളിലെ സംഗമങ്ങൾ ലക്ഷങ്ങളിലേക്ക് എത്തിക്കാനായി. ഫിസിക്കൽ സംഗമങ്ങളുടെ മാറ്റ് ലഭിക്കില്ല എങ്കിലും പുതിയ സംവിധാനങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.

വിദ്യാഭ്യാസം

പല രക്ഷിതാക്കളും ആശങ്കപ്പെടുന്നത് മക്കളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാവിയെ പറ്റിയാണ്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയായ ഫാത്തിമ എന്ന പെൺകുട്ടി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളിൽ നിന്ന് 30 സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയത്. മഅദിൻ ക്യു ലാൻഡ് വിദ്യാർഥിനി പതിനൊന്നാമത്തെ വയസ്സിൽ ഖുർആൻ മനപാഠമാക്കിയത് തുടങ്ങി കുട്ടികൾ മികച്ച മുന്നേറ്റം നടത്തിയത് ഈ ഘട്ടത്തിലാണ് എന്ന് കാണാൻ കഴിയും.

വെർച്വൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇങ്ങനെ വിവിധ തലങ്ങളിൽ പഠനങ്ങൾ പൂർത്തീകരിക്കാൻ കഴിയും. ഓഫ്്ലൈൻ സിസ്റ്റത്തിൽ ലീവ് ആകേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുള്ളപ്പോൾ ഇപ്പോഴത്തെ വെർച്വൽ സിസ്റ്റത്തിൽ അതിനു സാധ്യത കാണുന്നില്ല. കൃത്യമായ താൽപ്പര്യം ഉണ്ടായാൽ ഇ-ലേണിംഗ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാവും.

ആരാധനകൾ

ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയും ആളുകൾ പ്രാർഥനയ്ക്ക് എത്തുന്നതിൽ ക്രമീകരണങ്ങൾ ഉള്ളപ്പോൾ തന്നെ വിശ്വാസികൾക്ക് ആരാധനാകർമങ്ങൾ ഭംഗിയായി നിർവഹിക്കാനുള്ള അവസരം കൂടി കോവിഡ് കാലഘട്ടത്തിൽ കാണാനായി. ആരാധന എന്നത് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു ബന്ധമാണ്. സ്രഷ്ടാവ് നമ്മെ കാണുന്നു എന്ന ബോധ്യത്തോടെയുള്ള ആരാധനക്കാണ് മാധുര്യം കൂടുക. അങ്ങിനെ വരുമ്പോൾ നമ്മുടെ ചുറ്റുപാടുകൾ തന്നെ ആരാധനകൾ നിർവഹിക്കാൻ മതിയായ സ്ഥലങ്ങളാണ്. ആരോഗ്യഘട്ടത്തിൽ ചെയ്തതിന് ലഭിക്കുന്ന പ്രതിഫലം അനാരോഗ്യഘട്ടത്തിലും നൽകപ്പെടും എന്നത് പ്രവാചകാധ്യാപനമാണ്. അതുകൊണ്ട് എല്ലാ സാഹചര്യത്തിലും ആരാധനകളും മുടങ്ങാതെ നിർവഹിക്കാൻ വിശ്വാസികൾ പൂർണമായി ശ്രദ്ധിക്കണം. ഇസ്്ലാമിക കർമ ശാസ്ത്രം ആരാധനാകർമ്മങ്ങൾ നിർവഹിക്കുന്നതിൽ ആരോഗ്യത്തെ മുഖ്യമായി കാണുന്നുണ്ട്. രോഗപ്പകർച്ച ബോധ്യപ്പെട്ടാൽ അതനുസരിച്ചുള്ള ക്രമീകരണങ്ങളിൽ തീർച്ചയായും വിശ്വാസികൾ ശ്രദ്ധിക്കണം.

കരിപ്പൂർ എയർപോർട്ട്

1975 ൽ ദുബൈ എയർപോർട്ട്, സീപോർട്ട് കാര്യക്ഷമമായ പ്രവർത്തനം തുടങ്ങിയതോടെയാണ് ദുബൈ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുന്നത്. അതേപോലെ മലബാർ ലോകഭൂപടത്തിൽ നൂറ്റാണ്ടുകൾക്കുമുമ്പ് നിറഞ്ഞുനിന്ന പ്രദേശമാണ്. നമ്മുടെ തുറമുഖങ്ങളിൽ കൂടിയായിരുന്നു അതിനുള്ള കവാടം തുറന്നത്. എന്നാൽ പിൽക്കാലങ്ങളിൽ അതിന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉണ്ടാകാത്തത് കാരണം നശിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി ശ്രദ്ധാകേന്ദ്രമായ മലബാറിനെ ഇല്ലാതാക്കിയത് യാത്രാസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടതിലൂടെയാണ്.
32 വർഷങ്ങൾക്കു മുമ്പ് മലബാറിലെ വികസന സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു കരിപ്പൂർ എയർപോർട്ട് ഉയർന്നു വന്നപ്പോൾ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങൾ തിരിച്ചു പിടിക്കാനുള്ള വാതായനം തുറക്കപ്പെടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നു. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് കരിപ്പൂർ എയർപോർട്ട് ഉള്ളത്. അതിനു ആ രീതിയിലും പ്രാധാന്യമുണ്ട്. പൊതുമേഖലയിൽ പ്രവർത്തിച്ചു നല്ല ലാഭം നേടി കൊടുക്കുകയും ഗൾഫ് യാത്രികളുടെ അശ്രയമായും പ്രവർത്തിക്കുകയും ചെയ്യുന്ന എയർപോർട്ടാണത്. എന്നാൽ ഈയിടെ കരിപ്പൂരിൽ  ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടായ അപകടത്തെ മറയാക്കി എയർപോർട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മലബാറിലെ ഓരോ  ആളുകളെയും ബാധിക്കുന്ന ഒരു വിഷയവും ആണ് ഇതെന്ന് മനസ്സിലാക്കി ഭരണകൂടം അനുയോജ്യമായ തീരുമാനങ്ങൾ എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെയുണ്ടായ അപകട സമയത്ത് മലപ്പുറത്തെ ജനങ്ങൾ ക്രിയാത്മകമായി ഇടപെട്ടത് ലോകശ്രദ്ധ നേടിയതാണ്.

സിറാജ് ദിനപത്രം

ക്രിയാത്മകമായി പ്രവർത്തിക്കുമ്പോൾ പ്രതിസന്ധികളെ മറികടക്കാൻ ആകും എന്നതിന് ഉദാഹരണമാണ് കൊവിഡ് 19 ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും സിറാജ് ദിനപത്രം അതിന്റെ എല്ലാ എഡിഷനുകളും ഭംഗിയായി മുന്നോട്ടു പോയതിലൂടെ കാണാനായത്.  ജനങ്ങൾക്ക് ഉപയുക്തമായ വാർത്തകളും വിവരങ്ങളും മറ്റു കാര്യങ്ങളുമായി സിറാജ് മുന്നോട്ടുപോകണം. സിറാജിന്റെ പ്രവർത്തനത്തിലെ ഓരോ ഘട്ടങ്ങളും വളരെ സന്തോഷത്തോടെയാണ് കാണാൻ കഴിയുന്നത്. മുൻകാല സാരഥികൾ, നേതാക്കൾ, കെ എം ബഷീർ ഉൾപ്പെടെയുള്ള ജീവനക്കാരും സഹകാരികളും ഉയർത്തിയ പ്രവർത്തനങ്ങൾ സിറാജിന് വലിയ മുതൽകൂട്ടായിരുന്നു. ആ ശക്തിയിൽ സിറാജിന് മുന്നോട്ടുപോകാൻ കഴിയണം.

---- facebook comment plugin here -----

Latest