National
ഡല്‍ഹി കലാപം: സീതാറാം യെച്ചൂരി ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി | കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിൽ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസറും സാമൂഹിക പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരെയും ഗൂഢാലോചനയില്‍ പങ്കാളികളാക്കിയിട്ടുണ്ട് പോലീസ്.
പൗരത്വ ഭേദഗതി നിയമ (സി എ എ)ത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി, സി എ എയും എന്‍ ആര്‍ സിയും മുസ്ലിം വിരുദ്ധമാണെന്ന് പറഞ്ഞ് മുസ്ലിം സമൂഹത്തില്‍ അതൃപ്തി പ്രചരിപ്പിച്ചു, കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
കേസിലെ ആരോപണവിധേയരുടെ മൊഴികള്‍ രേഖപ്പെടുത്തുമ്പോഴാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്നുവന്നതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പിഞ്ച്ര തോഡ് സ്ഥാപക അംഗങ്ങള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, ഇവര്‍ മൊഴിയില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരുന്നു. കേസിലെ വിശാല ഗൂഢാലോചന സംബന്ധിച്ച് പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, പ്രതിപക്ഷത്തെ ലക്ഷ്യംവെക്കാന്‍ മോദി സര്‍ക്കാര്‍ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് യെച്ചൂരി ട്വിറ്ററില്‍ തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമം പോലെയുള്ള വിവേചന നിയമങ്ങളെ ജനങ്ങള്‍ എതിര്‍ക്കുന്നത് ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നും യെച്ചൂരി ട്വീറ്റ് പരമ്പരയില്‍ വ്യക്തമാക്കി.