Kerala
സൗഹൃദ രാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണ ഭൂഷണമല്ല: എസ് വൈ എസ്

കോഴിക്കോട് | കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ല. അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും രംഗം വഷളാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തുപകരുകയെന്നത് എല്ലാവരും ഓര്‍ക്കണമെന്നും എസ് വൈ എസ് ചൂണ്ടിക്കാട്ടി.
വിമര്‍ശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല. ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമസാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണം.
ഇതിന്റെ മറവില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്നത് അന്വഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അതിന് മുമ്പ് വിധി തീര്‍പ്പ് കല്‍പ്പിച്ചു ജനങ്ങളില്‍ അന്തഃഛിദ്രത ഉണ്ടാക്കരുത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴിലും അന്നവും നല്‍കുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോടും മലയാളികളോടും പ്രകടിപ്പിക്കുന്ന സവിശേഷ സ്‌നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ ആ രാജ്യം നമ്മെ സഹായിക്കാന്‍ താത്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നത് ഖേദകരമാണെന്നും എസ് വൈ എസ് ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, എസ് ശറഫുദ്ദീന്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.