Covid19
ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍ | ശ്വസനേന്ദ്രിയ കോശങ്ങളെ നോവല്‍ കൊറോണവൈറസ് ബാധിക്കുന്നതിന്റെ ചിത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. വൈറസ് കണങ്ങളെ ശ്വാസകോശത്തിലെ ഓരോ കോശത്തിലേക്കും കടത്തിവിടുകയായിരുന്നു.
നോര്‍ത്ത് കരോലിന യൂനിവേഴ്‌സിറ്റിയുടെ ചില്‍ഡ്രണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ കാമില എഴെ അടക്കമുള്ള ഗവേഷകരാണ് ചിത്രങ്ങള്‍ എടുത്തത്. സാര്‍സ്-കൊവ്-2 എന്ന കൊവിഡിന് കാരണമാകുന്ന വൈറസ് ശ്വസനവഴികളില്‍ ബാധിക്കുന്നതിന്റെ തീവ്രത അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങള്‍. ശക്തിയേറിയ മൈക്രോസ്‌കോപിക് ചിത്രങ്ങളാണ് പുറത്തുവിട്ടത്.
മനുഷ്യ ശ്വസനേന്ദ്രിയ ഉപരിതലത്തില്‍ വൈറസ് കണങ്ങള്‍ ധാരാളമായി കിടക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ വൈറസ് കണങ്ങള്‍ കോശങ്ങളിലുടനീളം പകരുക മാത്രമല്ല, മറ്റുള്ളവരിലേക്കും പടരാന്‍ തയ്യാറായാണ് കിടക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.