Ongoing News
ശുക്രനില്‍ ജീവ സാന്നിധ്യത്തിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ലഭിച്ചു
ന്യൂയോര്‍ക്ക് | ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്‌ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
നരകതുല്യ കാലാവസ്ഥയാണ് ശുക്രനിലേതെന്നാണ് ശാസ്ത്രഭാഷ്യം. പകല്‍ സമയത്തെ താപനില ഈയം ഉരുക്കാന്‍ പോലും തീവ്രമേറിയതാണ്. ഭൂരിപക്ഷവും കാര്‍ബണ്‍ഡൈഓക്‌സൈഡ് കലര്‍ന്ന അന്തരീക്ഷവുമാണ്. ശുക്രന്റെ ഉപരിതലത്തില്‍ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള മണ്ഡലം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ നിഗമനത്തിലെത്തിയത്.
ഹവായിയിലെയും ചിലിയിലെയും ടെലിസ്‌കോപുകളിലൂടെ നിരീക്ഷിച്ചാണ് ഫോസ്‌ഫൈന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഭൂമിയിലുള്ള തീപിടിക്കുന്ന വാതകമാണിത്. ജൈവവളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഭൂമിയില്‍ ഇത് പലപ്പോഴും ഉണ്ടാകാറുള്ളത്. അതേസമയം, ഫോസ്‌ഫൈന്‍ സാന്നിധ്യം കൊണ്ടുമാത്രം ശുക്രനില്‍ ജീവനുണ്ടെന്ന് തെളിയിക്കാനാകില്ലെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.