Connect with us

Fact Check

FACT CHECK: സാമൂഹിക പ്രവര്‍ത്തകരുടെ വെബിനാറിനെ രഹസ്യ ചര്‍ച്ചയാക്കി ടൈംസ് നൗ

Published

|

Last Updated

മുംബൈ | ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനെ പ്രതിരോധിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ചും അപകടകാരിയാണെന്ന് സമ്മതിച്ചതായും കാണിച്ച് ടൈംസ് നൗ പുറത്തുവിട്ട വാര്‍ത്ത വ്യാജം. ഉമര്‍ ഖാലിദ് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് എക്‌സ്‌ക്ലൂസീവ് എന്ന നിലക്ക് ഈ വാര്‍ത്ത നല്‍കിയത്. സ്വകാര്യ സംഭാഷണത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇത് സമ്മതിച്ചെന്നായിരുന്നു ടൈംസ് നൗ വാര്‍ത്ത നല്‍കിയത്.

എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍ ആണ് വാര്‍ത്ത അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം 16ന് നടന്ന സൂം വെബിനാറായിരുന്നു അത്. പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സ് എന്ന സംഘടനയാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പൊതുയിടത്തില്‍ ലഭ്യമായ വെബിനാറാണ് രഹസ്യ സംഭാഷണം എന്ന നിലക്ക് ടൈംസ് നൗ വാര്‍ത്ത നല്‍കിയത്.

ടീസ്റ്റ സെതല്‍വാദ്, സ്വരാജ് ഇന്ത്യ അംഗം സിയ നുമാനി തുടങ്ങിയവര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ് ഡി പി ഐയും അപകടകാരികളാണെന്ന് പറയുന്നുണ്ട്. ഇതാണ് ടൈംസ് നൗ വാര്‍ത്തയായി നല്‍കിയത്. ഈ സംഘടനകളുമായി ഉമര്‍ ഖാലിദിന് പങ്കുണ്ടെന്നതാണ് വാര്‍ത്ത ഊന്നുന്നത്. പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഉമര്‍ ഖാലിദിനെ പ്രത്യക്ഷത്തില്‍ ന്യായീകരിക്കുകയും രഹസ്യമായി ഈ സംഘടനകള്‍ അപകടകാരികളാണെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന ആശയത്തിലാണ് വാര്‍ത്ത കേന്ദ്രീകരിക്കുന്നത്.

എന്നാല്‍, സാമൂഹിക പ്രവര്‍ത്തകര്‍ എസ് ഡി പി ഐയെ തുറന്നെതിര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പരസ്യമായി നടത്തിയ വെബിനാര്‍ ആണെന്നതാണ് യാഥാര്‍ഥ്യം. ഇതാണ് എക്‌സ്‌ക്ലൂസീവ് എന്ന നിലക്ക് ടൈംസ് നൗ നല്‍കിയത്. മാത്രമല്ല, യുണൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് (യു എ എച്ച്) എന്ന സംഘടനയിലെ അംഗമാണ് ഉമര്‍ ഖാലിദ്. സി എ എ വിരുദ്ധ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.

Latest