Articles
ഒരേയൊരു ഉമ്മന്‍ ചാണ്ടി
എന്നും എല്ലായ്‌പ്പോഴും ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേതാവ്. അതാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലെവിടെ ചെന്നാലും ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ പൊതിയും. അവരില്‍ പലരും ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് അറിയുന്നവരാകും. അവരെയൊക്കെ പേര് ചൊല്ലി വിളിക്കാനും അദ്ദേഹത്തിന് കഴിയും. എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഏറ്റെടുക്കും. അവരുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെയും പ്രശ്‌നങ്ങളാണ്. അതാണ് കാസര്‍കോട്ടായാലും വയനാട്ടിലായാലും പാറശ്ശാലയിലായാലും ഉമ്മന്‍ ചാണ്ടിയെത്തിയാല്‍ ജനം ചുറ്റും കൂടുന്നത്. അവരില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയക്കാരും കാണും. രാഷ്ട്രീയമൊന്നുമില്ലാത്തവരും കാണും. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ എക്കാലത്തെയും വലിയ ജനകീയ നേതാവ് തന്നെയാണ് ഉമ്മന്‍ ചാണ്ടിയെന്ന് നിസ്സംശയം പറയാം.
അമ്പത് വര്‍ഷമായി ഉമ്മന്‍ ചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ അര നൂറ്റാണ്ട് കാലത്തിനിടക്ക് ഒരിക്കല്‍ പോലും പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ കൈവിട്ടില്ല. ഒരു മണ്ഡലത്തിന്, അവിടുത്തെ ജനങ്ങള്‍ക്ക് എന്നും എപ്പോഴും ഒരു ജനപ്രതിനിധി മാത്രം. അതുകൊണ്ട് തന്നെയാകണം ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്ത് ജഗതിയിലുള്ള സ്വന്തം വീടിന് “പുതുപ്പള്ളി ഹൗസ്” എന്ന് പേരിട്ടിരിക്കുന്നത്.
ഈ അമ്പത് വര്‍ഷം വെറുതെ കിട്ടിയതല്ല ഉമ്മന്‍ ചാണ്ടിക്ക്. ജനങ്ങളോടൊപ്പം നിന്ന്, ചെറുതും വലുതുമായ അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്, അതിനൊക്കെയും പരിഹാരം കാണാന്‍ പെടാപാടുപെട്ട് ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിന് വേണ്ടി മാത്രം ഉഴിഞ്ഞു വെച്ച ഒരു നേതാവിന് കിട്ടുന്ന മഹത്തായ അംഗീകാരമാണിത്. ആര്‍ക്കും എപ്പോഴും അദ്ദേഹത്തെ നേരിട്ട് സമീപിക്കാം. എന്ത് പരാതിയും പറയാം. എന്ത് സഹായവും തേടാം. എല്ലാം അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. ഓരോ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആവതു ശ്രമിക്കും. ഉമ്മന്‍ ചാണ്ടി ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ടാകില്ല. ആരെയും ഫോണില്‍ വിളിച്ച് ശിപാര്‍ശ ചെയ്യാന്‍ ഒരു മടിയുമില്ല അദ്ദേഹത്തിന്. കേരളത്തിലുടനീളം പടര്‍ന്നുപന്തലിച്ചു കിടക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്വാധീന മണ്ഡലം.
ജനങ്ങളുടെ പിന്തുണ തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് കരുത്ത് പകരുന്നത്. കേരള രാഷ്ട്രീയത്തില്‍ തല ഉയര്‍ത്തി നില്‍ക്കാനുള്ള ശക്തി ഉമ്മന്‍ ചാണ്ടിക്ക് പകര്‍ന്നു നല്‍കുന്നതും ജനങ്ങള്‍ നല്‍കുന്ന പിന്തുണയും സ്‌നേഹവും തന്നെ. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി വളരാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. കോണ്‍ഗ്രസില്‍ എ കെ ആന്റണി നേതൃത്വം കൊടുത്ത ആന്റണി പക്ഷം എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ എല്ലാമെല്ലാം ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കോണ്‍ഗ്രസിനുള്ളിലെ പ്രധാന പ്രതിഭാസം ആന്റണിയുടെയും കെ കരുണാകരന്റെയും നേതൃത്വത്തിലുള്ള ഈ രണ്ട് വിഭാഗങ്ങളുടെയും ഏറ്റുമുട്ടല്‍ തന്നെയായിരുന്നു. പാറ പോലെ ഉറപ്പുള്ള ഒരു വിഭാഗമായിരുന്നു ആന്റണി പക്ഷം. പി സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, പി ടി തോമസ്, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് എന്നിങ്ങനെ എത്രയോ നേതാക്കള്‍ ഗ്രൂപ്പിന്റെ പോരാളികളായി അണിനിരന്നു. അപ്പുറത്ത് സാക്ഷാല്‍ കരുണാകരനും. തന്‍പോരിമയും തന്റേടവും കഠിനാധ്വാനവും കൊണ്ട് കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ നേതാവ്. 1967-69 കാലത്ത് വെറും ഒമ്പത് അംഗങ്ങളുടെ നേതാവായി നിയമ സഭയില്‍ പോരിനിറങ്ങിയ കരുണാകരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. ഇന്ദിരാ ഗാന്ധിയുടെയും പി വി നരസിംഹ റാവുവിന്റെയും പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. അക്ഷരാര്‍ഥത്തില്‍ അതികായന്‍ തന്നെയായിരുന്നു കരുണാകരന്‍. തന്ത്രങ്ങളും കുതന്ത്രങ്ങളും കൗശലങ്ങളും തരത്തിന് ഉപയോഗിച്ച് എതിരാളികളെ അടിച്ചിരുത്താനുള്ള കഴിവ് തന്നെയാണ് കരുണാകരന്‍ എന്ന ലീഡറെ വാര്‍ത്തെടുത്തത്. ആ കരുണാകരനോട് അങ്കം കുറിച്ച് പോരിനിറങ്ങിയ കഥ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായം തന്നെയാണ്.
1991ലെ കെ കരുണാകരന്‍ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. 1994 ജൂണ്‍ 22ാം തീയതി ഉമ്മന്‍ ചാണ്ടി രാജിവെച്ചു. കുറേ കാലമായി കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന ഗ്രൂപ്പ് പോരിന്റെ ഒരു നിര്‍ണായക ഘട്ടത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാജി. ഒരു മന്ത്രിയുടെ വെറുമൊരു രാജി മാത്രമായിരുന്നില്ല അത്. കെ കരുണാകരന്റെ മുന്നില്‍ ഒരു വലിയ വെല്ലുവിളിയായി ഉയര്‍ന്നു നിന്നു ആ രാജി. തന്ത്രങ്ങളുടെ ആശാനായിരുന്ന കെ കരുണാകരനെതിരെ തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളും രാഷ്ട്രീയ നീക്കങ്ങളുമായിട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പുറപ്പാട്.
1967-69 കാലത്ത് കരുണാകരന്‍ നെയ്‌തെടുത്ത മുന്നണിയായിരുന്നു യു ഡി എഫ് എന്ന ഐക്യജനാധിപത്യ മുന്നണി. മുസ്‌ലിം ലീഗ് നേതാക്കളും കരുണാകരനോടൊപ്പം നിന്നു. ആര്‍ എസ് പി, എന്‍ സി പി, എസ് ആര്‍ പി, കേരള കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ കക്ഷികളും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലും കരുണാകരന് വ്യക്തമായ ഭൂരിപക്ഷം.
1991ല്‍ തന്നെ ഐ വിഭാഗത്തില്‍ ജി കാര്‍ത്തികേയന്റെയും രമേശ് ചെന്നിത്തലയുടെയും എം ഐ ഷാനവാസിന്റെയും നേതൃത്വത്തില്‍ തിരുത്തല്‍വാദികള്‍ രൂപം കൊണ്ടിരുന്നു. കൊട്ടാര വിപ്ലവമെന്ന് വിളിക്കപ്പെട്ട ഈ നീക്കം കരുണാകരന്റെ ക്യാമ്പില്‍ വിള്ളലുണ്ടാക്കി. ഇത് വളരെ സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കരുണാകരനോടൊപ്പം നിന്ന നാല് പേരെ സ്വന്തം ക്യാമ്പിലേക്ക് മാറ്റാനും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. ഒപ്പം ഘടക കക്ഷികളിലും അദ്ദേഹം സ്വാധീനമുറപ്പിച്ചു. കെ എം മാണി, ആര്‍ ബാലകൃഷ്ണപ്പിള്ള, ടി എം ജേക്കബ് തുടങ്ങിയ നേതാക്കളൊക്കെയും ഉമ്മന്‍ ചാണ്ടിയോട് ചേര്‍ന്നു. അവസാനം മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം കൈയെത്തും ദൂരത്തെത്തി. ഐ എസ് ആര്‍ ഒ ചാരക്കേസ് പൊട്ടിപ്പുറപ്പെട്ടതും അതില്‍ കരുണാകരന്റെ പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പരന്നതും ഉമ്മന്‍ ചാണ്ടിയും സംഘവും വലിയ അവസരമായി കണ്ടു. മുഖ്യമന്ത്രി കരുണാകരനെതിരെ ശക്തമായ ആക്രമണമാണ് പിന്നെ കേരളം കണ്ടത്. കരുണാകരന്‍ കരുപ്പിടിപ്പിച്ച മുന്നണി അദ്ദേഹത്തിനെതിരെ തിരിയുന്നതും കേരളം കണ്ടു. പ്രധാനമന്ത്രി നരസിംഹ റാവുവും അപ്പോഴേക്കും കരുണാകരനെ കൈവിട്ടിരുന്നു. മുന്നണി നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ കൈയിലമരുന്നതും കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെട്ട മൂന്നംഗ നേതൃത്വം അതിന്റെ അടിത്തറയാകുന്നതും കേരളം കണ്ടു. 1995 മാര്‍ച്ച് 18ന് കരുണാകരന്‍ രാജിവെച്ചു. എ കെ ആന്റണി 22ാം തീയതി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുന്നണി നേതൃത്വവും മുഖ്യമന്ത്രി സ്ഥാനവും ആന്റണി പക്ഷത്തേക്ക് നീങ്ങി. 2001ല്‍ വീണ്ടും ആന്റണി മുഖ്യമന്ത്രി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ആന്റണി രാജിവെച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2011ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി. തുണയായി ഒരു വശത്ത് കെ എം മാണിയും മറുവശത്ത് പി കെ കുഞ്ഞാലിക്കുട്ടിയും.
നിയമസഭയില്‍ അര നൂറ്റാണ്ട് പിന്നിടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരു അങ്കത്തിന് ഇറങ്ങുമോ എന്ന ചോദ്യം പലേടത്തും ഉയരുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ചാലും യു ഡി എഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചാലും ഒക്കെ ഹൈക്കമാന്‍ഡ് പറയും പോലെ എന്ന് മൃദുവായ മറുപടി. പുതുപ്പള്ളിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നുണ്ട്, ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയായി വരുന്നതും പ്രതീക്ഷിച്ച്.