Ongoing News
സഭയിൽ ഉമ്മൻ ചാണ്ടിക്ക് അമ്പതിന്റെ തിളക്കം
തിരുവനന്തപുരം | ഉമ്മൻ ചാണ്ടി നിയമസഭാംഗമായി അമ്പതാണ്ട് പൂർത്തിയാക്കുന്നു. ഉമ്മൻ ചാണ്ടിയിലെ രാഷ്ട്രീയ നേതാവിനെ പുതുപ്പള്ളിയിലെ ജനങ്ങൾ ഇപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നതിനുള്ള തെളിവാണ് അമ്പത് വർഷമായുള്ള പരാജയമറിയാത്ത ജനവിധി. 1970 മുതൽ നടന്ന 11 തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി അല്ലാതെ മറ്റാരും സഭയിൽ എത്തിയിട്ടില്ലെന്നത് ചരിത്രം. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 27ാം വയസ്സിലാണ് ആദ്യമായി പുതുപ്പള്ളിയിൽ അങ്കത്തിനിറങ്ങുന്നത്. 7,258 വോട്ടിനാണ് ഇ എം ജോർജിനെ തോൽപ്പിച്ചത്.
പലരെയും മാറിമാറി പരീക്ഷിച്ച ഇടതുമുന്നണിക്ക് ഒരിക്കൽപോലും പുതുപ്പള്ളിക്കാരുടെ മനസ്സ് മാറ്റാൻ കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെയോ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെയോ കൈവിടില്ലെന്ന് തെളിയിക്കുന്നതാണ് പുതുപ്പള്ളിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. കേരളത്തിനകത്തും പുറത്തും എവിടെയായാലും ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചെയോ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തും. ഞായറാഴ്ച രാവിലെ കുർബാന കഴിഞ്ഞാൽ വീടിന് മുന്നിലെ പതിവ് ജനസമ്പർക്കം. ഇതാണ് അദ്ദേഹം വർഷങ്ങളായി തുടർന്നുവരുന്നത്.
77ന്റെ നിറവിലും പ്രായം തളർത്താത്ത ആവേശത്തോടെ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കുകളിലാണ് ഇപ്പോഴും. പുതുപ്പള്ളിയും തിരുവനന്തപുരവും കഴിഞ്ഞിട്ടേ ഉമ്മൻ ചാണ്ടിക്ക് മറ്റെന്തും ഉണ്ടായിരുന്നുളളൂ. എം എൽ എ മാത്രമായി നിൽക്കുമ്പോഴും കേരളത്തിലുടനീളം ഓടിനടന്ന് ജനങ്ങളോടൊപ്പം നിന്ന രാഷ്ട്രീയ നേതാവ്. കേരള രാഷ്ട്രീയത്തിൽ ഒതുങ്ങിനിൽക്കാനായിരുന്നു ഉമ്മൻ ചാണ്ടിക്ക് താത്പര്യം. ആന്ധ്രാപ്രദേശിന്റെ ചുമതല നൽകി എ ഐ സി സി ജനറൽ സെക്രട്ടറിയായി ഉയർത്തിയെങ്കിലും തന്റെ കർമപഥം വിട്ടുനിൽക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
രാഷ്ട്രീയ വിയോജിപ്പിനിടയിലും മുഴുവൻ ആളുകളുടെയും ആദരവ് പിടിച്ചുപറ്റാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. നിയമസഭാംഗമായി അമ്പതാണ്ട് പൂർത്തിയാക്കുന്ന സുവർണ ജൂബിലി ആഘോഷം “സുകൃതം, സുവർണം” എന്ന പേരിൽ ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.