Kozhikode
കരിപ്പൂർ: 319 കേന്ദ്രങ്ങളിൽ എസ് വൈ എസ് നിൽപ്പ് സമരം നാളെ
കോഴിക്കോട് | കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ 319 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിക്കും.
പാലക്കാട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട്, വയനാട് ജില്ലകളിലെ സർക്കിൾ കേന്ദ്രങ്ങളിൽ നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് സമരം. കൊവിഡ് പ്രോ ട്ടോകോൾ പാലിച്ച് 20 പേർ വീതമാണ് ഓരോ കേന്ദ്രങ്ങളിലും നിൽപ്പ് സമരത്തിൽ പങ്കെടുക്കുക. റൺവേ നീളം വർധിപ്പിക്കുക, വിമാനങ്ങളുടെ പാർക്കിംഗ് സൗകര്യം വർധിപ്പിക്കുന്നതിന് ഏപ്രൺ വീതി കൂട്ടുക, ഡൊമസ്റ്റിക് സൗത്ത് ഈസ്റ്റ് ഏഷ്യൻ കണക്റ്റിവിറ്റി ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന കാലതാമസം ഒഴിവാക്കണം.
എല്ലാ വലിയ വിമാനങ്ങൾക്കും ഡി ജി സി എ, ഐ സി എ ഒ എന്നീ ഏജൻസികളുടെ മുഴുവൻ മാർഗ നിർദേശങ്ങളും പാലിക്കുന്ന എയർപോർട്ടിൽ കഴിഞ്ഞ മാസം നടന്ന വിമാനാപകടത്തിന്റെ പേരിൽ മാത്രം അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. മലബാറിന്റെ വാണിജ്യ, കാർഷിക, വ്യാവസായിക, ടൂറിസ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടിയ കോഴിക്കോട് വിമാനത്താവളത്തിന് അർഹിക്കുന്ന പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ഇനിയും തുടരാൻ അനുവദിച്ചു കൂടെന്നും എസ് വൈ എസ് സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, മുഹമ്മദ് പറവൂർ, അബൂബക്കർ പടിക്കൽ, എസ് ശറഫുദ്ദീൻ, ആർ പി ഹുസൈൻ, ജമാൽ കരുളായി, ബശീർ പറവന്നൂർ, ബശീർ ചെല്ലക്കൊടി സംബന്ധിച്ചു.