Connect with us

Covid19

എംപിമാര്‍ക്ക് കൊവിഡ്; പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും ഒരു എംപിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കുവാന്‍ ആലോചന. ഇതുസംബന്ധിച്ച് ലോക്‌സഭാ ബിസിനസ് ഉപദേശക സമിതി ഇന്ന് തീരുമാനമെടുക്കും. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായും സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പാര്‍ലിമെന്റ് സമ്മേളനം തുടങ്ങിയത്. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നിര്‍ബന്ധിത കൊവിഡ് പരിശോധനയില്‍ ലോക്‌സഭയിലെ 17 പേര്‍ക്കും രാജ്യസഭയിലെ എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ നെഗറ്റീവാവുകയും പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്ത രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും ഒരു എംപിക്കും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്‌ളാദ് പട്ടേല്‍, രാജ്യസഭാംഗം വിനയ് സഹസ്രബുദ്ദേ എന്നിവര്‍ക്കാണ് പാര്‍ലിമെന്റില്‍ പങ്കെടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്.

സെപ്തംബർ 14ന് തുടങ്ങിയ സമ്മേളനം ഒക്ടോബർ ഒന്ന് വരെയാണ് നിശ്ചയിച്ചിരുന്നത്.