Connect with us

National

രാജ്യസഭയില്‍ ചൂടേറിയ സംവാദം; കര്‍ഷക ബില്‍ മരണ വാറണ്ടെന്ന് കോണ്‍ഗ്രസ്; തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക ബില്ലുകൾ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ അവതരിപ്പിച്ചു. ഇതോടെ വിഷയത്തിൽ ചൂടേറിയ സ‌ംവാദത്തിന് വേദിയായിരിക്കുകയാണ് രാജ്യസഭ. ബില്‍ കര്‍ഷകര്‍ക്കുള്ള മരണവാറണ്ടാണെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു. ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.

പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്ര വാഗ്ദാനം നടപ്പാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒ ബ്രയന്‍ പറഞ്ഞു.

കാകര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. ഈ ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുക്കാനാണ് ബിജെപി ശ്രമം. വിജയം ഉറപ്പുവരുത്താന്‍ പാര്‍ട്ടി എംപിമാര്‍ക്കു ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. എന്‍ഡിഎക്കുള്ളില്‍ തന്നെ ബില്ലിനെതിരെ സ്വരമുയരുന്നത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. ബില്ലിലെ വ്യവസ്ഥകളില്‍ സംഘപരിവാര്‍ സംഘടനകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

105 പേരുടെ പിന്തുണയുണ്ടെങ്കിലേ ബില്ല് പാസ്സാക്കാന്‍ സാധിക്കുകയുളളൂ. രാജ്യസഭയില്‍ നിലവില്‍ 243 എംപിമാരാണുള്ളത്. 10 പേര്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. പ്രായാധിക്യം കാണം 15 എംപിമാര്‍ അവധിയിലും. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ പാസാകാന്‍ 105 പേര്‍ പിന
്തുണക്കേണ്ടി വരും. എന്‍ഡിഎ സഖ്യത്തില്‍ 105 പേരുണ്ട്. പ്രതിപക്ഷത്ത് 100 പേരും. സംഘപരിവാര്‍ സംഘടനകള്‍ എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.