Techno
സുരക്ഷിതമാക്കാം ഫേസ്ബുക്ക് അക്കൗണ്ട്
സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. ബ്രിട്ടീഷ് ഡാറ്റാ അനലറ്റിക്കൽ സ്ഥാപനമായ കാംബ്രിഡ്ജ് അനലറ്റിക്കയാണ് ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്ന് വ്യക്തമാക്കി 2015-ൽ ആദ്യമായി രംഗത്തെത്തിയത്. ശേഷം, യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കിൽ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു അനലറ്റിക്ക മുൻ റിസർച്ച് ഡയറക്്ടർ ക്രിസ്റ്റഫർ വെയ്‌ലി വെളിപ്പെടുത്തിയത്. ഇത്തരത്തിൽ ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കാംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നത്. ഇതിനുപുറമേ, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്ക് കൈമാറിയതായും ആരോപണമുയരുകയുണ്ടായി. അതോടെ, ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ തുടങ്ങി.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്ക് ബി ജെ പിയെ വഴിവിട്ടു സഹായിച്ചെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. അധിക്ഷേപവും വർഗീയതയും നിറഞ്ഞ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പ്രസംഗങ്ങൾക്കെതിരെ ഫേസ്ബുക്ക് നടപടിയൊന്നും സ്വീകരിക്കാതിരുന്നതും കഴിഞ്ഞ മാസം വിവാദമായി.
വ്യക്തിപരമായി ഓരോ ഉപഭോക്താവിന്റെയും ഡാറ്റ രാഷ്ട്രീയ-ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്ക നാൾക്കുനാൾ കൂടിവരികയാണ്. കാംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5,62,455 ഇന്ത്യക്കാരുടെ രേഖകളാണെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 335 ഇന്ത്യക്കാർ അലക്‌സാണ്ടർ കോഗൻ വികസിപ്പിച്ച “ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്” എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്ബുക്ക് വിശദമാക്കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഉപയോക്താക്കളോട് മാപ്പ് പറഞ്ഞെങ്കിലും അവ്യക്തതകൾ പൂർണമായി നീക്കാൻ കമ്പനിക്കായില്ല. അതിനുശേഷം, കൂടുതൽ സുരക്ഷാക്രമീകരണങ്ങൾക്കുള്ള തയ്യാറെടുപ്പുകളും ഫേസ്ബുക്ക് നടത്തുകയുണ്ടായി. എങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ പലപ്പോഴായി വന്നുകൊണ്ടിരുന്നു.
ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ആശങ്കകളും ചെറുതല്ല. വ്യക്തി വിവരങ്ങൾ ചോരാതിരിക്കുക എന്നത് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഓരോ ആളും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള വഴികൾ അറിഞ്ഞിരിക്കുക എന്നത് ഓരോ ഉപഭോക്താവിനും അനിവാര്യമായിരിക്കുന്നു. അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള പ്രധാന ദൗത്യം സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കുക എന്നതാണ്.
വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ഒരേ പാസ്്വേഡ് ഉപയോഗിക്കാതിരിക്കുക. പല പാസ് വേഡുകൾ ഉപയോഗിക്കണം. ഒരുപോലെ പാസ്‌വേർഡ് നൽകിയാൽ ഫൂൾപ്രൂഫ് രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മൊറ്റൊരാൾക്ക് ഹാക്ക് ചെയ്യാനാകും. ഫോണിൽ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അറിയാതെയെങ്കിലും അവരുടെ നിർദേശങ്ങൾ നമ്മൾ ശരിവെക്കും. നമ്മളറിയാതെ സംഭവിച്ചതാണെങ്കിലും, നമ്മൾ നൽകുന്നത് നമ്മുടെ ഡാറ്റകളിൽ കടന്നുകയറാനുള്ള അനുവാദമാണ്. ആപ്പ് സെറ്റിംഗ്‌സിൽ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും.
പുതുതായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അവരുടെ നിർദേശങ്ങളെല്ലാം വായിച്ച് നോക്കാതെ ഓക്കെ കൊടുക്കാതിരിക്കുക. ഫേസ്ബുക്കിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങൾ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക്ക് സെറ്റിംഗ്‌സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷൻ ഒഴിവാക്കാം. ഫേസ്ബുക്ക് ലോഗ് ചെയ്ത ശേഷം മറ്റുള്ള ആപ്പുകളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. സംശയം തോന്നുന്നവ ആപ്പ് പട്ടികയിൽ നിന്ന് നീക്കം ചെയ്യാം. നമ്മുടെ എല്ലാ സ്വകാര്യ നിമിഷങ്ങളും ഫേസ്ബുക്കിൽ ഇടാതിരിക്കുന്നതാണ് നല്ലത്. ഫോട്ടോ, വീഡിയോ തുടങ്ങിയവ നമുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കാം.
എല്ലാ സമൂഹ മാധ്യമങ്ങൾക്കും രണ്ട് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. ആപ്പിൽ തന്നെ ഈ സൗകര്യമുണ്ടാകും. സെക്യൂരിറ്റിയിൽ ചെന്ന ശേഷം ഈ സൗകര്യം ഓൺ ആക്കിയാൽ നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പർ വരും. ഓരോ ലോഗിനും ഇതേ രീതിയിൽ കോഡ് നമ്പർ ലഭിക്കും. ഈ രീതി പിന്തുടർന്നാൽ ആർക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. നമ്മുടെ ടൈംലൈൻ നമ്മുടെ കൂട്ടുകാർക്ക് മാത്രം കാണാവുന്ന രീതിയിലാക്കുക. പ്രൈവസി സെറ്റിംഗ്‌സ് വഴി ഇത് ചെയ്യാൻ കഴിയും.
ഫേസ്ബുക്ക് പതിവായി ലോഗ് ഇൻ ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് മൊബൈൽ ഫോണിൽ. ഇത് ഒഴിവാക്കുക. ഏതൊക്കെ ഡിവൈസുകളിൽ നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിനാൽ പരിചയമില്ലാത്ത ഉപകരണങ്ങളിൽ നിന്നുള്ള സൈൻ ഇൻ ശ്രദ്ധയിൽ പെട്ടാൽ ഫേസ്ബുക്കിൽ ലോഗിൻ ചെയ്ത് സെറ്റിംഗ്‌സിലൂടെ സെക്യൂരിറ്റി ആൻഡ് ലോഗിൻ ടാബ് ക്ലിക്ക് ചെയ്ത് നേരെ വലതുഭാഗത്ത് കാണുന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക. ഡെസ്‌ക് ടോപ്പ്, ഐ ഒ എസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ അക്കൗണ്ടുകളിലുണ്ടാകുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുകയും പാസ്‌വേഡ് മാറ്റുകയും വേണം. എങ്കിൽ മാത്രമേ കടന്നുകയറ്റങ്ങളെ ചെറുക്കാനാകൂ.
യാസർ അറഫാത്ത് നൂറാനി
yaazar.in@gmail.com