Business
ധനസമാഹരണത്തിന് മിസ്ത്രി ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ്
ന്യൂഡല്‍ഹി | ടാറ്റ സണ്‍സിലെ ഷപൂര്‍ജി പലോന്‍ജി ഗ്രൂപ്പിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ടാറ്റ ഗ്രൂപ്പ്. ഷപൂര്‍ജി പലോന്‍ജി ഗ്രൂപ്പിന്റെ ധനസമാഹരണത്തിന് ഇത് സഹായകരമാകും. ടാറ്റയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചതാണിത്.
പലോന്‍ജി മിസ്ത്രിയും കുടുംബവും നിയന്ത്രിക്കുന്ന ഷപൂര്‍ജി പലോന്‍ജി ഗ്രൂപ്പിന് 18 ശതമാനം ഓഹരികളാണ് ടാറ്റ സണ്‍സിലുള്ളത്. ടാറ്റ സാമ്രാജ്യത്തിലെ കാറുകള്‍ക്ക് വേണ്ട സോഫ്‌റ്റ്‌വെയറുകള്‍ നല്‍കുന്ന ടാറ്റ സണ്‍സിന്റെ ആസ്തി 113 ബില്യന്‍ ഡോളറാണ്. ടാറ്റ സണ്‍സിന്റെ ഓഹരികള്‍ പുറത്തെ നിക്ഷേപകരുടെ കൈയിലെത്തുന്നത് ഒഴിവാക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഇടപെടലിലൂടെ സാധിക്കും.
കടക്കെണി ഒഴിവാക്കാനാണ് മിസ്ത്രി ഓഹരികള്‍ വില്‍ക്കുന്നത്. നൂറ് കോടി ഡോളര്‍ കടമെടുക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ മിസ്ത്രി ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയുടെ മകന്‍ സൈറസ് പുറത്തുപോയതിന് ശേഷം ടാറ്റയുമായി നിയമ പോരാട്ടം നടത്തുകയാണ് മിസ്ത്രി ഗ്രൂപ്പ്. കേസില്‍ ഒക്ടോബര്‍ 28നാണ് സുപ്രീം കോടതിയിലെ അടുത്ത വാദം കേള്‍ക്കല്‍.