Business
നാലായിരം രൂപക്ക് 20 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍ റിലയന്‍സ്; നീക്കം ചൈനീസ് കുത്തക തകര്‍ക്കാന്‍
മുംബൈ | അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20 കോടി ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഷവോമി പോലുള്ള ചൈനീസ് കമ്പനികളുടെ രാജ്യത്തെ മേധാവിത്വം തകര്‍ക്കുകയാണ് ലക്ഷ്യം. ജിയോ ഫോണ്‍ മാതൃകയില്‍ ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്നവയാണ് നിര്‍മിക്കുക.
റിലയന്‍സ് ജിയോയില്‍ നിന്നുള്ള നിരക്ക് കുറഞ്ഞ പ്ലാനുകള്‍ ഉപയോഗപ്പെടുത്തിയാണ് ഫോണ്‍ വിപണിയിലിറക്കുക. ജിയോയിലൂടെ വയര്‍ലെസ്സ് സംവിധാനം മാറ്റിമറിച്ചതുപോലെ രാജ്യത്തിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നീക്കം.
അതേസമയം, ആഭ്യന്തര മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് കമ്പനികളായ ഡിക്‌സണ്‍ ടെക്‌നോളജീസ്, ലാവ ഇന്റര്‍നാഷനല്‍, കാര്‍ബണ്‍ മൊബൈല്‍സ് തുടങ്ങിയവക്ക് ഇത് ഏറെ ഗുണപ്രദമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 കോടി മൊബൈല്‍ ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ ആഭ്യന്തര അസംബ്ലിംഗ് കമ്പനികളെയാണ് റിലയന്‍സ് ഏൽപ്പിക്കുക.