Connect with us

Kerala

ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാർ വഫാത്തായി

Published

|

Last Updated

മംഗളൂരു | പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുംകര്‍ണാടക സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും ജാമിഅ സഅദിയ്യ പ്രിന്‍സിപ്പലുമായ ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാർ എന്ന ബേക്കല്‍ ഉസ്താദ് അന്തരിച്ചു. 71 വയസ്സായിരുന്നു. ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ബുധനാഴ്ച രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. യേനപ്പോയ മെഡിക്കല്‍ കോളജിൽ ഇന്ന് പതിനൊന്നോടെയായിരുന്നു അന്ത്യം.

കര്‍ണാടകയിലെ ഉഡുപ്പി, ചിക്‌മംഗുളൂരു, ഹാസന്‍, ശിവമോഗ ജില്ലകളിലെ ഖാസിയായിരുന്നു. അല്‍അന്‍സാര്‍ മാസിക പത്രാധിപരുമായിരുന്നു. മുഹമ്മദ് – ഖദീജ ദമ്പതികളുടെ മകനായി 1949ല്‍ കര്‍ണാടകയിലെ നരിങ്കാന ഗ്രാമത്തിലെ പൂഡലിലായിരുന്നു ജനനം. ജന്മനാട്ടിലെ ഡിജിഘട്ടെ സകൂളില്‍ ഏഴാംതരം പൂര്‍ത്തിയാക്കിയ അദ്ദേഹം മതപഠനത്തില്‍ ആകൃഷ്ടനായി ദയൂബന്തില്‍ ഉന്നത പഠനത്തിന് പോയി. അവിടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുരിഞ്ചെ, ബണ്ട് വാള്‍ എന്നിവിടങ്ങളിലെ പള്ളികളില്‍ രണ്ട് വര്‍ഷം മുദര്‍റിസായി ജോലിചെയ്തു, ഇതിന് ശേഷം ബേക്കല്‍ ഹൈദ്രൂസ് ജുമാ മസജിദില്‍ 43 വര്‍ഷം മുദര്‍റിസായി ജോലിചെയ്തു. ഗോള ശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം താജുല്‍ ഫുഖഹാഅ് എന്നും അറിയപ്പെട്ടു.

ഭാര്യ: ആസ്യ, മക്കള്‍: അബ്ദുല്‍ ജലീല്‍, അബ്ദുല്‍ നാസര്‍ സഅദി, അനീസ, നസീബ. മരുമക്കൾ: ഹാജറ, റാഫിഅത്ത്, അഫ്രീന, മുഹമ്മദ് അലി. ഖബറടക്കം ഉച്ചക്ക് ശേഷം മോണ്ട്ഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Latest